വീണ്ടുമൊരു പരാജയത്തോടെ ഐപിഎല്ലില്‍ നിന്നും പുറത്താവലിന്റെ വക്കിലെത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. എവേ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 10 റണ്‍സിന്റെ നേരിയ പരാജയമാണ് മുംബൈയ്ക്കു നേരിട്ടത്. ടൂര്‍ണമെന്റില്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും നേരിട്ട തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയായിരുന്നു ഇത്. മുംബൈ ഇനി പ്ലേഓഫില്‍ കടക്കുമോ? സാധ്യതകള്‍ നമുക്കു പരിശോധിക്കാം.
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ആറാമത്തെ തോല്‍വിയാണ് കഴിഞ്ഞ ദിവസം മുംബൈയ്ക്കു നേരിട്ടത്. വെറും മൂന്നു കളിയില്‍ മാത്രമേ അവര്‍ക്കു വിജയിക്കാനായിട്ടുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ആദ്യപാദം), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരേയാണ് മുംബൈയ്ക്കു വിജയക്കൊടി പാറിക്കാനായത്. ശേഷിച്ച മല്‍സരങ്ങളിലെല്ലാം അവര്‍ തോല്‍വിയിലേക്കു വീഴുകയും ചെയ്തു.

മുംബൈയുടെ വിധി ഇനി അവരുടെ കൈകളില്‍ തന്നെയാണെന്നു പറയേണ്ടിവരും. ചെറിയൊരു പിഴവ് പോലും മുംബൈയ്ക്കു പുറത്തേക്കുള്ള വഴി തുറക്കും. അതുകൊണ്ടു തന്നെ മുംബൈയ്ക്കു ഇനിയുള്ളതെല്ലാം നിലനില്‍പ്പിനുള്ള പോരാട്ടങ്ങളാണ്. അഞ്ചു മല്‍സരങ്ങളാണ് മുംബൈയ്ക്കു ബാക്കിയുള്ളത്. ഇവയെല്ലാം അവര്‍ക്കു ഒരുപോലെ നിര്‍ണായകമാണ്. വീണ്ടുമൊരു തോല്‍വി മുംബൈയ്ക്കു താങ്ങാന്‍ സാധിക്കില്ല.
ശേഷിച്ച അഞ്ചു കളിയിലും എന്തു വില കൊടുത്തും മുംബൈയ്ക്കു ജയിച്ചേ തീരൂ. മുംബൈയുടെ പക്കല്‍ ഇപ്പോള്‍ ആറു പോയിന്റ് മാത്രമേയുള്ളൂ. 16 പോയിന്റെങ്കിലും നേടാനായാല്‍ മാത്രമേ ഹാര്‍ദിക്കും സംഘവും പ്ലേഓഫ് ടിക്കറ്റ് പ്രതീക്ഷിക്കേണ്ടതുള്ളൂ. ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചെങ്കില്‍ മാത്രമേ 16 പോയിന്റെന്ന ലക്ഷ്യത്തിലേക്കു മുംബൈ എത്തുകയുള്ളൂ. അതുകൊണ്ടു തന്നെ ബാക്കിയുള്ള അഞ്ചു മല്‍സരങ്ങളിലും മുംബൈയ്ക്കു ജയിക്കേണ്ടതുണ്ട്.
മോശം റണ്‍റേറ്റും മുംബൈയെ വലയ്ക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ്. -0.261 മാത്രമാണ് അവരുടെ നെറ്റ് റണ്‍റേറ്റ്. സീസണിന്റെ അവസാന ഘട്ടത്തില്‍ ഇതു മുംബൈയ്ക്കു നിര്‍ണായകമായി മാറിയേക്കും. അതുകൊണ്ടു തന്നെ ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ ജയിക്കുന്നതോടൊപ്പം നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും അവര്‍ ശ്രമിച്ചേ തീരൂ. മികച്ച മാര്‍ജിനില്‍ തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ജയിക്കാന്‍ മുംബൈ ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷെ ശേഷിച്ച മല്‍സരങ്ങളിലെല്ലാം ജയിക്കുക മുംബൈയ്ക്കു കടുപ്പം തന്നെയായിരിക്കും. കാരണം കരുത്തരായ എതിരാളികളാണ് ഇനി അവരെ കാത്തിരിക്കുന്നത്. അടുത്ത അഞ്ചു മല്‍സരങ്ങളില്‍ ടോപ്പ് ഫോറിലുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളുമായി രണ്ടു മല്‍സരങ്ങള്‍ വീതം മുംബൈയ്ക്കു ബാക്കിയുണ്ട്. കൂടാതെ അപകടകാരികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഒരു തവണയും മുംബൈ കൊമ്പുകോര്‍ക്കും.

ബാറ്റിങിലും ബൗളിങിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മാത്രമേ മുംബൈയ്ക്കു ഈ മല്‍സരങ്ങളെല്ലാം ജയിക്കാന്‍ സാധിക്കുകയുള്ളൂ. 30നു എല്‍എസ്ജിയുമായിട്ടാണ് മുംബൈയുടെ അടുത്ത മല്‍സരം. ഈ മല്‍സരത്തില്‍ തോറ്റാല്‍ മുംബൈയ്ക്കു പ്ലേഓഫ് മറക്കാം. അതിനു ശേഷം മേയ് മൂന്നിന് കെകെആര്‍ ആറിന് ഹൈദരാബാദ് 11ന് വീണ്ടും കെകെആര്‍, 17ന് എല്‍എസ്ജി എന്നിവരുമായും മുംബൈ ഏറ്റുമുട്ടും.
അതേസമയം, ഡിസിയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ മോശം ബൗളിങ് കാരണമാണ് മുംബൈയ്ക്കു തോല്‍വിയേറ്റു വാങ്ങേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ഡിസി നാലു വിക്കറ്റിനു 257 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മുംബൈ പരാജയം മണത്തിരുന്നു. ഇത്രയും വലിയൊരു ടോട്ടല്‍ ചേസ് ചെയ്യുകയെന്നത് ഒരിക്കലും എളുപ്പമല്ല. എങ്കിലും മുംബൈ അവസാന ബോള്‍ വരെ പൊരുതി നോക്കിയെങ്കിലും ഒമ്പതു വിക്കറ്റിനു 247 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.