കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അവിശ്വസനീയ വിജയത്തിനും കൈയെത്തുംദൂരത്ത് വരെയെത്തിയ ശേഷം പരാജയത്തിലേക്കു വീണിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലറില്‍ നാലു റണ്‍സിന്റെ ത്രിസിപ്പിക്കുന്ന വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. പരാജയത്തിന്റെ വക്കില്‍ നിന്നും ഈ മല്‍സരത്തില്‍ കെകെആറിനെ അവിസ്മരണീയ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തി ഹീറോ ആയിരിക്കുകയാണ് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണ.
റാണയെറിഞ്ഞ 20ാം ഓവറിലാണ് ആവേശോജ്വല ജയം ഹൈദരാബാദിന്റെ കൈക്കുമ്പിളില്‍ നിന്നും വഴുതിപ്പോയത്. അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 13 റണ്‍സാണ് അവസാന ഓവറില്‍ ഹൈദരാബാദിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. അപകടകാരിയായ ഹെന്‍ട്രിച്ച് ക്ലാസെനും ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദും ക്രീസില്‍. കളിയിലെ തൊട്ടുമുന്നെയുള്ള ഓവറുകള്‍ നോക്കിയാല്‍ 13 റണ്‍സെന്നത് എസ്ആര്‍എച്ചിന് എളുപ്പം നേടാവുന്ന സ്‌കോറായിരുന്നു.

കാരണം 17ാം ഓവറില്‍ 16ഉം 18ാം ഓവറില്‍ 21ഉം 19ാം ഓവറില്‍ 26ഉം റണ്‍സും ഈ ജോടി വാരിക്കൂട്ടിയിരുന്നു. അനുഭവസമ്പത്ത് കുറഞ്ഞ റാണയെ അവസാന ഓവര്‍ ശ്രേയസ് ഏല്‍പ്പിക്കുമ്പോള്‍ കെകെആറിന് വിജയപ്രതീക്ഷ തീരെ കുറവായിരുന്നു. ഇതു ഉറപ്പിക്കുന്ന തരത്തിലാണ് ക്ലാസെന്‍ ഓവറിനു തുടക്കമിട്ടത്. ആദ്യ ബോള്‍ അദ്ദേഹം ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ സിക്സറിലേക്കു പറത്തി.
ഇതോടെ അഞ്ചു ബോളില്‍ ജയിക്കാന്‍ വേണ്ടത് വെറും ഏഴ് റണ്‍സ് മാത്രം. ഹൈദരാബാദ് ജയിച്ചെന്ന് എല്ലാവരും ഉറപ്പിച്ച നിമിഷം. പക്ഷെ റാണയ്ക്കു അത്ര എളുപ്പം കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. ഓവറിലെ രണ്ടാമത്തെ ബോളില്‍ ക്ലാസെന്‍ നേടിയത് സിംഗിളാണ്. അടുത്ത ബോളില്‍ വലിയ ഷോട്ടിനു ശ്രമിച്ച് ഷഹബാസ് മടങ്ങിയതോടെ ഹൈദരാബാദ് ഒന്ന് ഞെട്ടി. ലോങ് ഓണില്‍ ക്യാപ്റ്റന്‍ ശ്രേയസിനു ക്യാച്ച് സമ്മാനിച്ചാണ് ഷഹബാസ് പുറത്തായത്. എങ്കിലും അടുത്ത മൂന്നു ബോളില്‍ ജയിക്കാന്‍ ആറ് റണ്‍സ് മതിയായിരുന്നു.

പുതുതായി ക്രീസിലെത്തിയ മാര്‍ക്കോ യാന്‍സണ്‍ നാലാമത്തെ ബോളില്‍ സിംഗിളെടുത്തു. ഡീപ്പ് മിഡ് വിക്കറ്റിലേക്കാണ് താരം ഷോട്ട് പായിച്ചത്. അവസാന രണ്ടു ബോളില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ്, നാലു റണ്‍സെങ്കില്‍ സൂപ്പര്‍ ഓവര്‍. പക്ഷെ അഞ്ചാമത്തെ ബോളില്‍ അപകടകാരിയായ ക്ലാസെനെ റാണ വീഴ്ത്തി. 29 ബോളില്‍ നിന്നും എട്ടു സിക്‌സറടക്കം 63 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്
ഒരു സ്ലോ ഷോര്‍ട്ട് ബോളായിരുന്നു റാണ പരീക്ഷിച്ചത്. ക്ലാസെന്‍ ഷോട്ടിനു മുതിര്‍ന്നെങ്കിലും എഡ്ജായ ബോള്‍ പിറകിലേക്കു മുഴുനീളെ ഡൈവ് ചെയ്ത് സുയാഷ് ശര്‍മ പിടികൂടുകയായിരുന്നു. ഇതോടെ കെകെആര്‍ ജയം മണത്തു. അവസാന ബോളില്‍ സിക്‌സറടിച്ചാല്‍ ഹൈദരാബാദിനു ജയിക്കാം, ഫോറെങ്കില്‍ കളി ടൈയാവുകയും സൂപ്പര്‍ ഓവര്‍ വേണ്ടി വരികയും ചെയ്യും.
പക്ഷെ രണ്ടും സംഭവിച്ചില്ല. പുതുതായി ക്രീസെത്തിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു റണ്ണൊന്നുമെടുക്കാനായില്ല. ഓഫ്സ്റ്റംപിന് പുറത്ത് സ്ലോ ബോളാണ് റാണയെറിഞ്ഞത്. കമ്മിന്‍സ് ആഞ്ഞുവീശിയെങ്കിലും കണക്ടായില്ല. ഇതോടെ കെകെആര്‍ നാലു റണ്‍സിന്റെ നാടകീയ വിജയം പിടിച്ചെടുക്കുകയും ചെയ്തു.