ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മല്‍സരത്തിലെ കന്നി ഇന്നിങ്‌സിലെ തീപ്പൊരി ഫിഫ്റ്റിയോടെ ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയിരിക്കുകയാണ് യുവതാരം സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ റണ്‍മെഷീനായ അദ്ദേഹം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സര്‍ഫറാസിനെ പക്ഷെ വരാനിരിക്കുന്ന ഐപിഎല്ലില്‍ നമുക്കു കാണാന്‍ സാധിക്കില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം.
കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും സര്‍ഫറാസിനെ വാങ്ങാന്‍ താല്‍പര്യം കാണിക്കാതിരുന്നതാണ് ഇതിനു കാരണം. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ സീസണിനു ശേഷം താരത്തെ ഡിസി ഒഴിവാക്കുകയായിരുന്നു.

ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതാണ് കാരണം. കഴിഞ്ഞ തവണ ഡിസിക്കായി നാലു മല്‍സരങ്ങളില്‍ കളിച്ച സര്‍ഫറാസിനു 53 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. 2022ലെ ഐപിഎല്ലിലാവട്ടെ ആറു കളിയില്‍ 91 റണ്‍സും മാത്രമേ താരം സ്‌കോര്‍ ചെയ്തുള്ളൂ. ഈ കാരണത്താല്‍ തന്നെ കഴിഞ്ഞ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും സര്‍ഫറാസിനെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചതുമില്ല.
പക്ഷെ ഇംഗ്ലണ്ടുമായുള്ള അരങ്ങേറ്റ ടെസ്റ്റിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ അദ്ദേഹത്തിന്റെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. ഇതു വരാനിരിക്കുന്ന ഐപിഎല്ലില്‍ ഏതെങ്കിലും ടീമിലേക്കു സര്‍ഫറാസിനു വഴി തുറന്നേക്കും. ഐപിഎല്ലില്‍ അദ്ദേഹത്തിനു ഏറ്റവുമധികം യോജിക്കുന്ന ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
കഴിഞ്ഞ തവണത്തെ റണ്ണറപ്പും 2022ലെ ജേതാക്കളുമായ ഗുജറാത്ത് ടൈറ്റന്‍സാണ് സര്‍ഫറാസിനു യോജിക്കുന്ന ഒരു ടീം. മുംബൈ ഇന്ത്യന്‍സിലേക്കു മാറിയ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്കു പകരം അഫ്ഗാനിസ്താന്‍ യുവ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയെയാണ് ലേലത്തില്‍ ജിടി വാങ്ങിയിരിക്കുന്നത്. പക്ഷെ ഒമര്‍സായ് ഒരു വിദേശ താരമാണെന്നതു ജിടിയുടെ ടീം കോമ്പിനേഷനെ ബാധിച്ചേക്കും. ഷാരൂഖ് ഖാന്‍, അഭിനവ് മനോഹര്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ ജിടിക്കുണ്ടെങ്കിലും ഫിനിഷറായാണ് ഇവര്‍ കൂടുതലും കളിച്ചത്.
മധ്യനിരയില്‍ കളിപ്പിക്കാവുന്ന ഒരു ഇന്ത്യന്‍ ബാറ്ററെയാണ് ജിടിക്കു ആവശ്യം. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനാണ് സര്‍ഫറാസ്. നാലാമനായോ, അഞ്ചാമനായോ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ സാധിക്കും. ഓരോ കളിക്കാരനില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തു കൊണ്ടുവരാമെന്നു നന്നായി അറിയാവുന്ന ടീമാണ് ജിടി. അതുകൊണ്ടു തന്നെ സര്‍ഫറാസിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കു സാധിച്ചേക്കുകയും ചെയ്യും.
സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ ടീം. റോയല്‍സും സര്‍ഫറാസിനു യോജിച്ച ഫ്രാഞ്ചൈസിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലുള്ള റയാന്‍ പരാഗ് റോയല്‍സിനായി മധ്യനിരയില്‍ കളിക്കുമെന്നുറപ്പാണ്. പക്ഷെ മുന്‍ സീസണുകളിലേതു പോലെ പരാഗ് വീണ്ടും നിരാശപ്പെടുത്തിയാല്‍ റോയല്‍സിനു ബാക്കപ്പായി ഒരു ഇന്ത്യന്‍ താരമില്ല.

മറുനാടന്‍ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ ട്രേഡ് വിന്‍ഡോയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു റോയല്‍സ് വിറ്റിരുന്നു. അതുകൊണ്ടു തന്നെ പരാഗിന്റെ ബാക്കപ്പ് റോളിലേക്കു സര്‍ഫറാസിനെ അവര്‍ക്കു നോട്ടമിടാന്‍ സാധിക്കും. മധ്യനിരയില്‍ റോയല്‍സിനായി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചേക്കും.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സര്‍ഫറാസിനു അനുയോജ്യമായ മൂന്നാമത്തെ ടീം. സ്പിന്നര്‍മാരെ ആദ്യ ബോള്‍ മുതല്‍ ആക്രമിക്കാനുള്ള കഴിവ് താരത്തെ സിഎസ്‌കെയുടെ തുറുപ്പുചീട്ടാക്കി മാറ്റും. കാരണം ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ഇത്തരം താരങ്ങളെയാണ് സിഎസ്‌കെയ്ക്കു ആവശ്യം.
ഏതു ശരാശരി താരത്തെപ്പോലും സൂപ്പര്‍ താരമാക്കി മാറ്റാന്‍ ശേഷിയുള്ള ക്യാപ്റ്റനാണ് എംഎസ് ധോണി. ഈ കാരണത്താല്‍ തന്നെ സര്‍ഫറാസിനെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനും അദ്ദേഹത്തിനു സാധിക്കും. എല്ലാവരും എഴുതിത്തള്ളിയ അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിവരെ ധോണി മാച്ച് വിന്നര്‍മാരാക്കി മാറ്റിയെടുത്തത് ഇതിനു ഏറ്റവും നല്ല തെളിവാണ്.