ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്. പിന്നീടുള്ള രണ്ടര മാസക്കാലം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ഈ ടൂര്‍ണമെന്റിലേക്കായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടി ടോപ്‌സ്‌കോററര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു അവകാശിയാവുകയെന്നതു ഏതൊരു ബാറ്ററുടെയും മോഹമായിരിക്കും.
പക്ഷെ ഒരുപാട് പേരില്‍ നിന്നും ഒരാള്‍ക്കു മാത്രമേ ഇതിനുള്ള ഭാഗ്യം ലഭിക്കാറുള്ളൂ. അടുത്ത എഡിഷനില്‍ ഏതു താരത്തിനായിരിക്കും ഓറഞ്ച് ക്യാപ്പ് ലഭിക്കുക? ഇതിനു ഏറ്റവുമധികം സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ നായകനും ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് ഈ ലിസ്റ്റിലെ ഒരാള്‍. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മുഴുവന്‍ സീസണുകളിലും ഒരേ ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ചിട്ടുള്ള ഏക താരമാണ് അദ്ദേഹം. കരിയറില്‍ ഇടയ്ക്കു കോലിക്കു അല്‍പ്പം മോശം സമയമുണ്ടായെങ്കിലും ഇപ്പോള്‍ ഏറ്റവും മികച്ച ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു തവണ ഓറഞ്ച് ക്യാപ്പിനു കോലി അവകാശിയായിട്ടുണ്ട്. 2016ലെ ടൂര്‍ണമെന്റിലായിരുന്നു ഇത്. അന്നു 16 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണിത്. അതിനു മുമ്പോ, ശേഷമോ മറ്റൊരു താരത്തിനും 900 റണ്‍സെന്ന മാന്ത്രിക സംഖ്യ പിന്നിടാന്‍ സാധിച്ചിട്ടില്ല.
സമാപിച്ച ഏകദിന ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്നു കോലി. 700ന് മുകളില്‍ റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. കഴിഞ്ഞ ഐപിഎല്ലില്‍ കോലി ഉജ്ജ്വല ഫോമിലായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 639 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഉള്‍പ്പെടെയായിരുന്നു ഇത്. 2018ലെ എഡിഷനു ശേഷം കോലി 500നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയതും ഇതാദ്യമായിട്ടായിരുന്നു.
ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ നായകനും ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ്. കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് താരം. 17 മല്‍സരങ്ങളില്‍ നിന്നും 59.33 ശരാശരിയില്‍ ഗില്‍ സ്‌കോര്‍ ചെയ്തത് 890 റണ്‍സായിരുന്നു. മൂന്നു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹം തന്നെയാണ്.

നിലവില്‍ ഏകദിനത്തില്‍ ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററാണ് ഗില്‍. ടി20യും തനിക്കു നന്നായി വഴങ്ങുമെന്നു കഴിഞ്ഞ ഐപിഎല്ലിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൈവിട്ട ശേഷം ജിടിയിലേക്കു മാറിയതോടെയാണ് ഗില്ലിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നത്. ജിടിക്കൊപ്പം 2022ലെ ആദ്യ സീസണില്‍ 483 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതാണ് കഴിഞ്ഞ തവണ ഗില്‍ 900ന് അരികെയെത്തിച്ചത്.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് അടുത്ത തവണ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനിടയുള്ള മൂന്നാമത്തെ താരം. കരിയറില്‍ ഒരു തവണ ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2021ലായിരുന്നു ഇത്. സിഎസ്‌കെ നാലാം കിരീടമുയര്‍ത്തിയ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും റുതുരാജ് സ്‌കോര്‍ ചെയ്തത് 635 റണ്‍സായിരുന്നു.
ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. 2022ലെ ഐപില്ലില്‍ അല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ തവണ താരം മിന്നിച്ചിരുന്നു. 2022ല്‍ 368 റണ്‍സ് മാത്രമേ റുതുരാജിനു നേടായായുള്ളൂ. പക്ഷെ സിഎസ്‌കെ ജേതാക്കളായ കഴിഞ്ഞ തവണ നാലു ഫിഫ്റ്റികളടക്കം 16 മല്‍സരങ്ങളില്‍ നിന്നും 590 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.