മുംബൈ ഇന്ത്യന്‍സ് നായകനായ ശേഷം വലിയ അധിക്ഷേപങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യക്കു പിന്തുണയുമായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. കരിയറില്‍ സമാനമായ അധിക്ഷേപങ്ങള്‍ക്കു താനും ഇരയായിട്ടുണ്ടെന്നും അന്നു എങ്ങനെയാണ് ഇവയെ അതിജീവിച്ചതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സ്മിത്ത്. ഇത്തരം അധിക്ഷേങ്ങള്‍ കാണികളുടെ ഭാഗത്തു നിന്നും നേരിടുന്ന ഒരാള്‍ ഏതു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നു പുറമെയുള്ള ഒരാള്‍ക്കും അറിയില്ലെന്നും ഹാര്‍ദിക്കിനെ പിന്തുണച്ചു കൊണ്ട് അദ്ദേഹം പറയുന്നു.
ഈ സീസണില്‍ മുംബൈ കളിച്ച രണ്ടു മല്‍സരങ്ങളിലും കാണികള്‍ ഹാര്‍ദിക്കിനെ രൂക്ഷമായി അധിക്ഷേപിച്ചിരുന്നു. മല്‍സരങ്ങള്‍ മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ അല്ലാതിരുന്നിട്ടു പോലും കാണികളുടെ ഭാഗത്തു നിന്നും വലിയ തിരിച്ചടിയാണ് അദ്ദേഹത്തിനുണ്ടായത്. ഈ മല്‍സരങ്ങളില്‍ ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, ബാറ്റിങ്, ബൗളിങ് എന്നിവയിലും ഹാര്‍ദിക് ഫ്‌ളോപ്പാവുകയും ചെയ്തു.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കവെയാണ് ഹാര്‍ദിക്കിനു നേരിട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ച് സ്മിത്ത് സംസാരിച്ചത്. ഇവയെല്ലാം തടയാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. തീര്‍ത്തും അപ്രസക്തമായ കാര്യങ്ങളാണിത്. നിങ്ങളുടെ മനസ്സിനകത്തു എന്തായിരിക്കുമെന്നു പുറത്തുള്ള ഒരാള്‍ക്കും അറിയാന്‍ സാധിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി.
വ്യക്തിപരമായി പറയുകയാണെങ്കില്‍ എന്നെ ഈ കാര്യങ്ങളൊന്നും അലട്ടാറില്ല. എനിക്കു ഇതൊന്നും ഒരു വിഷയമല്ല, ഇവയൊന്നും ശ്രദ്ധിക്കാറുമില്ല. ഇവയെല്ലാം പുറമെ നിന്നുള്ള ബഹളങ്ങളാണ്. കളിക്കാര്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ കേള്‍ക്കുക തന്നെ ചെയ്യും.
ഓരോരുത്തര്‍ക്കും അവരുടേതായ വികാരങ്ങളുണ്ടായിരിക്കും, അവയോടു തങ്ങളുടെ രീതിയില്‍ പ്രതികരിച്ചേക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഈ അധിക്ഷേപങ്ങള്‍ ഹാര്‍ദിക്കിനെയും ചിലപ്പോള്‍ ബാധിച്ചിട്ടുണ്ടാവാം. അതു സംഭവിക്കാവുന്നതാണ്.
ക്രിക്കറ്റ് കരിയറില്‍ ഹാര്‍ദിക് മുമ്പൊരിക്കലും ഇത്തരമൊരു കാര്യം അനുഭവിച്ചിട്ടുണ്ടാവില്ല. ജീവിതത്തില്‍ ഇത്തരമൊരു സന്ദര്‍ഭത്തെ ഒരിക്കലും നേരിടുകയും ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ ഇതു ഹാര്‍ദിക്കിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. ഇന്ത്യയില്‍ വച്ച്, അതും ഇന്ത്യയുടെ ഒരു സ്റ്റാര്‍ പ്ലെയറായിരിക്കെ ഈ തരത്തില്‍ കാണികളുടെ ഭാഗത്തു നിന്നും കൂവലും അധിക്ഷേപവുമെല്ലാം നേരിടുന്നത് ഹാര്‍ദിക്കിനു പുതിയ അനുഭവമായിരിക്കുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന ഒരു സമയത്തു കൂടിയാണ് ഹാര്‍ദിക് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഈ സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ ടീമായ മുംബൈ പരാജയപ്പെട്ടു കഴിഞ്ഞു. രോഹിത് ശര്‍മയുടെ റോളാണ് ഹാര്‍ദിക് നികത്തേണ്ടത്, ഇതു തീര്‍ച്ചയായും വലിയ ഉത്തരവാദിത്വമാണ്. എംഎസ് ധോണിയോടൊപ്പം ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകനാണ് രോഹിത്. അഞ്ചു കിരീടങ്ങള്‍ അദ്ദേഹം നേടുകയും ചെയ്തു.
പക്ഷെ ഹാര്‍ദിക്കിനെ സംബന്ധിച്ച് നല്ല രീതിയിലല്ല കാര്യങ്ങള്‍ തുടങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹം അല്‍പ്പം സമ്മര്‍ദ്ദത്തിലായിരിക്കാം. വാംഖഡെയില്‍ നടക്കാനിരിക്കുന്ന സീസണിലെ ആദ്യത്തെ ഹോം മാച്ചില്‍ കാണികളുടെ ഭാഗത്തു നിന്നും എങ്ങനെയുള്ള സ്വീകരണമായിരിക്കും നേരിടുകയെന്നു കണ്ടറിയണമെന്നും സ്മിത്ത് വ്യക്തമാക്കി.
നേരത്ത സാന്‍ഡ്‌പേപ്പര്‍ ഗേറ്റ് വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ടിട്ടുള്ള താരമാണ് സ്മിത്ത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരിക്കവെ 2018ല്‍ സൗത്താഫ്രിക്കയുമായി കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനു കൂട്ടുനിന്നതിനെ തുടര്‍ന്നു അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും പുറത്താക്കുകയും വിലക്കുകയും ചെയ്തിരുന്നു. വിലക്ക് മാറി ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ ശേഷമാണ് കാണികളുടെ ഭാഗത്തു നിന്നും അധിക്ഷേപങ്ങളും പരിഹാസങ്ങളുമെല്ലാം സ്മിത്തിനു നേരിടേണ്ടിവന്നത്.