രോഹിത് ശര്‍മയില്‍ നിന്നും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ആരാധകരില്‍ നിന്നും വലിയ അധിക്ഷേപവും പരിഹാസങ്ങളും നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പിന്തുണയുമായി ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍. ഐപിഎല്ലിന്റെ ഈ സീസണില്‍ മുംബൈ കളിച്ച മൂന്നു മല്‍സരങ്ങളിലും ഹാര്‍ദിക്കിനെ കൂവി വിളിച്ചാണ് ആരാധകര്‍ പരിഹസിച്ചത്. കാണികളുടെ ഈ പെരുമാറ്റം ശരിയല്ലെന്നാണ് ഡൂളിന്റെ അഭിപ്രായം.
ദുഷ്‌കരമായിട്ടുള്ള സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി രോഹിത്തിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളത് ഹാര്‍ദിക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല തവണ ഇന്ത്യക്കു വേണ്ടി കടുപ്പേറിയ സാഹചര്യങ്ങളില്‍ തിളങ്ങിയിട്ടുള്ള താരമാണ് ഹാര്‍ദിക്.

ഒമ്പത്- പത്ത് തവണയെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ഹാര്‍ദിക് ഇന്ത്യയെ രക്ഷിച്ചിട്ടുണ്ട്. ഇതു രോഹിത്തിനേക്കാള്‍ കൂടുതലാണ്. എന്നിട്ടും ഐപിഎല്ലില്‍ കാണികള്‍ ഹാര്‍ദിക്കിനെ കൂവി വിളിച്ച് പരിഹസിക്കുകയാണ്. ഇന്ത്യയിലെ താര ആരാധനയെക്കുറിച്ച് ഇതു ഒരുപാട് കാര്യങ്ങള്‍ പറയുന്നതായും ഡൂള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ മറ്റൊരു ക്രിക്കറ്ററും നേരിട്ടില്ലാത്ത തരത്തിലുള്ള അധിക്ഷേപമാണ് ഐപിഎല്ലില്‍ ഹാര്‍ദിക്കിന് നേരിടുന്നത്. മുന്‍ കോച്ച് രവി ശാസ്ത്രിയടക്കം പലരും പല ക്രിക്കറ്റര്‍മാരും ഇതിനകം അദ്ദേഹത്തെ പിന്തുണച്ച് രംഗത്തു വന്നു കഴിഞ്ഞു. ഇവര്‍ക്കൊപ്പം ഇപ്പോള്‍ ഡൂളും ചേര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലെ താരലേലത്തിനു മുമ്പാണ് ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വാങ്ങാനുള്ള തീരുമാനം മുംബൈ സ്വീകരിച്ചത്. 2021ല്‍ മുംബൈയില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം അദ്ദേഹം ജിടിക്കൊപ്പമായിരുന്നു. 2022ല്‍ ഹാര്‍ദിക്കിനു കീഴില്‍ ജിടി കന്നി ഐപിഎല്‍ കിരീടം ചൂടുകയും ചെയ്തു. കഴിഞ്ഞ സീസണിനും ഹാര്‍ദിക്കിനു കീഴില്‍ ജിടി കസറിയിരുന്നു. ടൂര്‍ണമെന്റില്‍ ടീമിനെ റണ്ണറപ്പാക്കാന്‍ അദ്ദേഹത്തിനായിരുന്നു.

ജിടിയില്‍ എല്ലാം മികച്ച രീതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കെയാണ് പഴയ തട്ടകമായ മുംബൈയിലേക്കു മടങ്ങിപ്പോവാനുള്ള തീരുമാനം അദ്ദേഹം സ്വീകരിച്ചത്. പക്ഷെ ഇതു ഹാര്‍ദിക്കിന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനമായി മാറുകയും ചെയ്തു. ജിടിയില്‍ ഹീറോയായി വിലസിയ അദ്ദേഹം ഇപ്പോൾ ഒറ്റയടിക്ക് വില്ലനും പരിഹാസ കഥാപാത്രവുമായി മറിയിരിക്കുകയാണ്.
ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും മുംബൈ ടീമില്‍ ഹാര്‍ദിക് തീര്‍ത്തും നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മാത്രമല്ല മുംബൈ ടീമിലെ താരങ്ങളില്‍ നിന്നു വേണ്ടത്ര പിന്തുണയും അദ്ദേഹത്തിനു ലഭിക്കുന്നില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരും രോഹിത്തിനെ പിന്തുണയ്ക്കുന്നവരാണ്. ഇഷാന്‍ കിഷനുള്‍പ്പെടെ ചുരുക്കം ചിലര്‍ മാത്രമേ ഹാര്‍ദിക്കിനൊപ്പമുള്ളൂ.
ഹാര്‍ദിക്കിനു കീഴില്‍ ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റു കഴിഞ്ഞ മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ്. ടീമിന്റെ ദയനീയ പ്രകടനം കാരണം അദ്ദേഹത്തെ വൈകാതെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.