ക്യാപ്റ്റനും ഓള്‍റൗണ്ടറുമെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ഇത്തവണ ഐപിഎല്ലില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത ഹാര്‍ദിക് പാണ്ഡ്യക്കു പിന്തുണയുമായി വമ്പനടിക്കാരനായ ടിം ഡേവിഡ്. ഹാര്‍ദിക്കിനു കീഴില്‍ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും മുംബൈ പരാജയത്തിലേക്കു വീണിരുന്നു. എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റന്‍സിനെതിരായ നാലാമങ്കത്തില്‍ ജയിച്ച് മുംബൈ അക്കൗണ്ട് തുറക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ അതു ഹാര്‍ദിക്കിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്തിരുന്നു.
ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളിലും സ്ലോ ബാറ്റിങായിരുന്നു ഹാര്‍ദിക് കാഴ്ചവച്ചത്. 27 എന്ന മോശം ശരാശരിയില്‍ 138.46 സ്‌ട്രൈക്ക് റേറ്റില്‍ 108 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സുമാണ്. ടീമിലെ മറ്റു താരങ്ങളെല്ലാം ടി20 ശൈലിയില്‍ ആക്രമിച്ചു കളിച്ചപ്പോഴെല്ലാം ആങ്കറുടെ റോളില്‍ സ്ലോ ഇന്നിങ്‌സുകളാണ് ഹാര്‍ദിക് കളിച്ചത്.

ഇതിന്റെ പേരില്‍ ഒരുപാട് പരിഹാസവും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹത്തിനു നേരിടേണ്ടി വരികയും ചെയ്തിരുന്നു. തനിക്കു ശേഷം ക്രീസിലെത്തുന്ന വമ്പനടിക്കാരായ ബാറ്റര്‍മാര്‍ക്കു ആഞ്ഞടിക്കാന്‍ ടീമിനു നല്ലൊരു അടിത്തറയിടാനാണ് ഹാര്‍ദിക് മുന്‍ മല്‍സരങ്ങളില്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം. ബാറ്റിങില്‍ ഹാര്‍ദിക്കിന്റെ ഈ മെല്ലെപ്പോക്ക് മുംബൈ ടീമിനു ഒരു പ്രശ്‌നമല്ലെന്നാണ് ഡേവിഡ് തുറന്നു പറഞ്ഞിരിക്കുന്നത്.
വലിയ ഷോട്ടുകള്‍ക്കു ഹാര്‍ദിക് ശ്രമിച്ചിട്ടില്ലായിരിക്കാം. പക്ഷെ ടീമിന്റെ ഇന്നിങ്‌സിനു സ്ഥിരത നല്‍കാനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ബാറ്റിങില്‍ ടീമിന്റെ ഇന്നിങ്‌സിനു സ്ഥിരത നല്‍കുയെന്നതാണ് അദ്ദേഹത്തിന്റെ റോളെന്നും ഡേവിഡ് പറയുന്നു. മുംബൈ ടീമിനു വേണ്ടി വളരെ ഗംഭീരമായിട്ടാണ് ഹാര്‍ദിക് കളിച്ചു കൊണ്ടിരിക്കുന്നത്. ചില സമയങ്ങളില്‍ ഞങ്ങള്‍ക്കു ആവശ്യവും ഇതു തന്നെയാണ്. ചിലപ്പോള്‍ അത് ഞാനായിരിക്കാം, ചിലപ്പോള്‍ മറ്റേതെങ്കിലും താരമായിരിക്കാമെന്നും ഡേവിഡ് വിശദമാക്കി.

പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ടീം മുഴുവന്‍ ഹാര്‍ദിക്കിനു വലിയ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. സിക്‌സറുകളടിക്കാനുള്ള ഹാര്‍ദിക്കിന്റെ കഴിവിനെ പുകഴ്ത്താനും ഡേവിഡ് മറന്നില്ല. ശരിയായ അവസരം ഉയര്‍ന്നു വരികയാണെങ്കില്‍ തനിച്ചു മല്‍സരം ജയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ചും ഓസീസ് താരം ചൂണ്ടിക്കാട്ടി. ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമത്തെ ഡേവിഡ് പ്രശംസിക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെപ്പോലെ കൂടുതല്‍ അഗ്രസീവായ ബാറ്റിങ് സമീപനം സ്വീകരിക്കുന്ന ടീമുകള്‍ക്കു ഇതു ഏറെ ഗുണം ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പോയിന്റ് പട്ടികയില്‍ മുംബൈ ഇപ്പോള്‍ എട്ടാംസ്ഥാനത്താനുള്ളത്. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു അവര്‍. എന്നാല്‍ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന അവസാന മല്‍സരത്തിലെ മികച്ച ജയം മുംബൈയെ അവസാന സ്ഥാനത്തു നിന്നും രക്ഷിക്കുകയായിരുന്നു. 29 റണ്‍സിന്റെ വിജയമാണ് മുംബൈ ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിനു 234 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇഞ്ചോടിഞ്ച് പോരാടിയ ഡിസി എട്ടു വിക്കറ്റിനു 205 റണ്‍സ് നേടി മല്‍സരം അടിയറവയ്ക്കുകയായിരുന്നു. വിജയക്കുതിപ്പ് തുടരാനുറച്ച് അഞ്ചാമങ്കത്തിനു കച്ചമുറുക്കുകയാണ് ഹാര്‍ദിക്കും സംഘവും. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മുംബൈയുടെ എതിരാളികള്‍. ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ മുംബൈ ഏഴാംസ്ഥാനത്തേക്കു കയറും.