മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു വമ്പന്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മനോജ് തിവാരി. രോഹിത് ശര്‍മയില്‍ നിന്നും മുംബൈ ടീമിന്റെ ക്യാപ്റ്റന്‍സി തട്ടിയെടുത്തതിനു ശേഷം വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഹാര്‍ദിക് നേരിട്ടുകൊണ്ടിരിക്കുന്നത് പക്ഷെ ഇതിനേക്കാള്‍ വലിയ രീതിയിലുള്ള തിരിച്ചടിയായിരിക്കും മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഹാര്‍ദിക്കിനെ കാത്തിരിക്കുന്നതെന്നാണ് തിവാരിയുടെ വാക്കുകള്‍.
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ തന്റെ മുന്‍ ടീം കൂടിയായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയായിരുന്നു മുംബൈ ക്യാപ്റ്റനായ ശേഷമുള്ള ഹാര്‍ദിക്കിന്റെ ആദ്യത്തെ മല്‍സരം. ടോസ് മുതല്‍ തന്നെ കാണികള്‍ കൂവി വിളിച്ചും രോഹിത്തിന്റെ പേര് ആര്‍പ്പുവിളിച്ചുമെല്ലാം ഹാര്‍ദിക്കിനെ അധിക്ഷേപിച്ചിരുന്നു. വാംഖഡെയില്‍ ഇതിനേക്കാള്‍ ശക്തമായ കൂക്കുവിളിയായിരിക്കും ഹാര്‍ദിക്കിനു നേരിടേണ്ടി വരികയെന്നാണ് തിവാരി പറയുന്നത്.

പിടിഐയോടു സംസാരിക്കവെയാണ് വാംഖഡെ സ്‌റ്റേഡിയത്തില്‍ ഹാര്‍ദിക്കിനെ കാത്തിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അടുത്ത മാസം ഒന്നിനു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് വാംഖഡെയില്‍ മുംബൈയുടെ ആദ്യ പോരാട്ടം.
മുംബൈയില്‍ എങ്ങനെയായിരിക്കും ഹാര്‍ദിക് സ്വീകരിക്കപ്പെടുകയെന്നു നിങ്ങള്‍ കണ്ടോളൂ. കാരണം കാണികളുടെ ഭാഗത്തു നിന്നും കൂടുതല്‍ ശക്തമായ കൂക്കുവിളി അദ്ദേഹത്തിനു ഇവിടെ ലഭിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം മുംബൈ ഫാന്‍സ്, രോഹിത് ഫാന്‍സ് എന്നിവരൊന്നും തന്നെ ക്യാപ്റ്റന്‍സി ഹാര്‍ദിക്കിനു നല്‍കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തിവാരി വ്യക്തമാക്കി.
മുംബൈയുടെ നായകസ്ഥാനത്തു നിന്നും രോഹിത്തിനെ മാറ്റാനുള്ള തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ മുംബൈയ്ക്കു സമ്മാനിച്ചിട്ടും രോഹിത്തിനു ക്യാപ്റ്റന്‍സി എങ്ങനെ നഷ്ടമായെന്നു തനിക്കു അറിയില്ലെന്നും തിവാരി പറഞ്ഞു.
അഞ്ചു കിരീടങ്ങള്‍ മുംബൈയ്ക്കു നേടിക്കൊടുത്തിട്ടും രോഹിത്തിനു നായകസ്ഥാനം നഷ്ടമായി. ഇതിനു പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു എനിക്കറിയില്ല. പക്ഷെ ആരാധകര്‍ ഇതു നല്ല രീതിയിലല്ല സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് നിങ്ങള്‍ അവരുടെ പ്രതികരണത്തില്‍ കാണുന്നതെന്നും തിവാരി ചൂണ്ടിക്കാട്ടി. എന്നാല്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കഴിവ് ഹാര്‍ദിക്കിനുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ഹാര്‍ദിക്കിനെ എനിക്കു നന്നായി അറിയാം. ടെലിവിഷനില്‍ മുംബൈയുടെ കഴിഞ്ഞ മല്‍സരത്തിന്റെ ദൃശ്യങ്ങള്‍ ഞാന്‍ നിരീക്ഷിച്ചിരുന്നു. കാണികളുടെ ഭാഗത്തു നിന്നും കനത്ത കൂക്കുവിളികളും അധിക്ഷേപങ്ങളുമെല്ലാം നേരിട്ടിട്ടും ഹാര്‍ദിക്കിനെ ഇതൊന്നും അലട്ടിയില്ല. വളരെ ശാന്തനായാണ് അദ്ദേഹം എല്ലായ്പ്പോഴും കാണപ്പെട്ടത്. എത്ര മാത്രം ക്ഷമ അദ്ദേഹത്തിനുണ്ടെന്നു ഇതു തെളിയിക്കുന്നതായും തിവാരി കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പ് വരാനിരിക്കെ ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങളൊന്നും തന്നെ ബാധിക്കാതെ നോക്കാന്‍ ഹാര്‍ദിക് ശ്രമിക്കണമെന്നും മികച്ച പ്രകടനം നടത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂവി വിളിച്ചു പരിഹസിക്കപ്പെട്ടില്ലെങ്കിലും ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെങ്കില്‍ ഹാര്‍ദിക്കിനു നന്നായി പെര്‍ഫോം ചെയ്യേണ്ടതുണ്ട്.
കാരണം ടീമിലേക്കു പരിഗണിക്കപ്പെടണമെങ്കില്‍ താരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുന്നതിനൊപ്പം ഫിറ്റായി ഇരിക്കേണ്ടതും പ്രധാനമാണ്. നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായതിനാല്‍ തന്നെ ഹാര്‍ദിക് മികച്ച ഫോമിലായിരിക്കുകയും പെര്‍ഫോം ചെയ്യുകയും വേണമെന്നും തിവാരി അഭിപ്രായപ്പെട്ടു.