ഹൈദാബാദ്: തുടര്‍ച്ചയായി രണ്ടാമത്തെ ഐപിഎല്‍ മല്‍സരത്തിലും തോറ്റു തൊപ്പിയിട്ടതോടെ മുംബൈ ഇന്ത്യന്‍സിനും പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കുമെതിരേ ആരാധകരോഷം കത്തുകയാണ്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 31 റണ്‍സിന്റെ പരാജയമാണ് ഹാര്‍ദിക്കും സംഘവും ഏറ്റുവാങ്ങിയത്. 278 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് മുംബൈയ്ക്കു ഓറഞ്ച് ആര്‍മി നല്‍കിയതെങ്കിലും ഒരു ഘട്ടത്തില്‍ അതു ചേസ് ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷെ അവസാനത്തെ എട്ടോവറുകളില്‍ മുംബൈ കളി കൈവിട്ടു.
ടീമിന്റെ ഈ പരാജയത്തിനു ആരാധകരുടെ പഴി മുഴുവന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിനാണ്. അതിവേഗം സ്‌കോര്‍ ചെയ്യേണ്ടിയിരുന്ന സന്ദര്‍ഭത്തില്‍ ഹാര്‍ദിക്കിന്റെ സ്ലോ ഇന്നിങ്‌സാണ് ടീമിനെ ചതിച്ചതെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ടീമിലെ മറ്റുള്ളവരെല്ലാം 200നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് വെറും 120 മാത്രമായിരുന്നു. 20 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 24 റണ്‍സെടുത്താണ് അദ്ദേഹം പുറത്തായത്.

11ാം ഓവറിലാണ് അഞ്ചാമനായി ഹാര്‍ദിക് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ജയദേവ് ഉനാട്കട്ടെറിഞ്ഞ മൂന്നാമത്തെ ബോളില്‍ നമാന്‍ ദിറിന്റെ പുറത്താവലിനു ശേഷമായിരുന്നു ഇത്. മുംബൈ അപ്പോള്‍ മൂന്നു വിക്കറ്റിനു 150 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. നേരിട്ട ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല, അടുത്ത ബോളില്‍ ഹാര്‍ദിക് സിംഗിളെടുത്തു.
12ാമത്തെ ഓവര്‍ സ്പിന്നര്‍ മായങ്ക് മാര്‍ക്കാണ്ഡെയ്ക്കായിരുന്നു. ആദ്യത്തെ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ ഹാര്‍ദിക് സിക്‌സറിലേക്കു പറത്തി. അടുത്ത ബോള്‍ ലോങ് ഓഫിലൂടെ അദ്ദേഹം ബൗണ്ടറിയിലേക്കും പായിച്ചു. ഇതോടെ ഹാര്‍ദിക് മുംബൈയെ കളി ജയിപ്പിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചു. പക്ഷെ ഒന്നും സംഭിച്ചില്ല.
ഈ ഫോറും സിക്‌സറും മാറ്റിനിര്‍ത്തിയാല്‍ ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. പിന്നീടൊരു ഫോറോ, സിക്‌സറോ പോലും ഹാര്‍ദിക്കിന്റെ ഇന്നിങ്‌സില്‍ കണ്ടില്ല. പ്രതിരോധിച്ചും സിംഗിളെടുത്തുമെല്ലാം ഹാര്‍ദിക് മുംബൈയുടെ ചേസിന്റെ വേഗത കുറയ്ക്കുകയായിരുന്നു. ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന തിലക് വര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സ് മുംബൈയ്ക്കു പ്രതീക്ഷ നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ പുറത്താവലോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
15ാം ഓവറിലെ ആദ്യ ബോളില്‍ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സാണ് തിലകിനെ വീഴ്ത്തിയത്. അതിനു ശേഷം ആക്രമണത്തിന്റെ ചുമതല ഹാര്‍ദിക് ഏറ്റെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും തട്ടിയും മുട്ടിയും അദ്ദേഹം ബോളുകള്‍ പാഴാക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടോവറുകളില്‍ ഒരു ഫോറോ, സിക്‌സറോ പോലും മുംബൈ്ക്കു നേടാനായില്ല. കമ്മിന്‍സെറിഞ്ഞ 15ാം ഓവറില്‍ മൂന്നും ഉനാട്കട്ടിന്റെ 16ാം ഓവറില്‍ അഞ്ചും റണ്‍സ് മാത്രമേ മുംബൈ നേടിയുള്ളൂ.

20 ബോളുകള്‍ക്കു ശേഷമാണ് ഒടുവില്‍ വീണ്ടുമൊരു സിക്‌സര്‍ മുബൈ ഇന്നിങ്‌സില്‍ കണ്ടത്. ഇതു ടിം ഡേവിഡിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 17ാം ഓവറില്‍ അദ്ദേഹം തുടര്‍ച്ചയായ ബോളുകളില്‍ രണ്ടു സിക്‌സറും ഓരോ ഫോറുമടിച്ചു. അപ്പോഴും ക്രീസിന്റെ മറുഭാഗത്ത് ഹാര്‍ദിക് ആര്‍ക്കോ വേണ്ടിയെന്ന പോലെ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ 18ാം ഓവറിലെ അവസാന ബോളില്‍ പുറത്താവുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസവും വിമര്‍ശനവുമാണ് ഈ ഇന്നിങ്‌സിന്റെ പേരില്‍ ഹാര്‍ദിക് നേരിടുന്നത്. ഇതെന്ത് ബാറ്റിങാണ്? ജിടിയുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങില്‍ സ്വയം പ്രൊമോട്ട് ചെയ്തില്ല. പക്ഷെ ഇത്തവണ സ്വയം പ്രൊമോട്ട് ചെയ്തപ്പോഴാവട്ടെ വെറും 120 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്. മല്‍സരം മുംബൈയില്‍ നിന്നും പൂര്‍ണമായി തട്ടിയകറ്റുകയും ചെയ്തതായും ആരാധകര്‍ തുറന്നടിക്കുന്നു.
20 ബോളില്‍ 24 റണ്‍സ് നേടിയതിനു ശേഷം ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് 15ന് മുകളില്‍ പോയപ്പോള്‍ ആഞ്ഞടിക്കാന്‍ അടുത്ത ബാറ്റര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ഇത്രയും വലിയ കോമാളിയാണോ അയാള്‍? മുംബൈ ഇന്ത്യന്‍സിന്റെ പരാജയത്തിനു കാരണം തേടി മറ്റെങ്ങും പോവേണ്ട. നായകന്‍ തന്നെയാണ് കളി തോല്‍പ്പിച്ചതെന്നും ആരാധകര്‍ വിമര്‍ശിച്ചു.