Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയില്‍ ബാറ്റിങിലും ബൗളിങിലും ഫ്‌ളോപ്പ്! പക്ഷെ ഹാര്‍ദിക് ലോകകപ്പില്‍ വേണം, 3 കാരണങ്ങള്‍

മുംബൈ ഇന്ത്യന്‍സില്‍ ഒടുവില്‍ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സമയം തെളിഞ്ഞിരിക്കുകയാണ്. ഹാട്രിക്ക് തോല്‍വികള്‍ക്കു ശേഷം കഴിഞ്ഞ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 29 റണ്‍സിനു തകര്‍ത്താണ് മുംബൈ വിജയവഴിയില്‍ മടങ്ങിയെത്തിയത്. നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ സംബന്ധിച്ച് ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് ഈ വിജയം. വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടി കൂടിയാണ് ഇതിലൂടെ ഹാര്‍ദിക് നല്‍കിയത്.

പക്ഷെ താരമെന്ന നിലയില്‍ ഇതുവരെയുള്ള മല്‍സരങ്ങളില്‍ ഹാര്‍ദിക്കിന്റെ പ്രകടനം അത്ര ആശാവഹമല്ല. ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കവെ അദ്ദേഹത്തിന്റെ ഫോം ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. കാരണം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് ഹാര്‍ദിക്. മുംബൈയ്ക്കായി നാലു ഇന്നിങ്‌സുകളില്‍ നിന്നും 27 ശരാശരിയില്‍ 138.46 സ്‌ട്രൈക്ക് റേറ്റില്‍ 108 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സാണ്. ബൗളിങിലാവട്ടെ രണ്ടിന്നിങ്‌സുകളില്‍ നിന്നും വീഴ്ത്തിയത് ഒരേയൊരു വിക്കറ്റുമാണ്.

HARDIK PANDYA

മുംബൈയ്‌ക്കൊപ്പമുള്ള ഇപ്പോഴത്തെ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹം ലോകകപ്പ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനങ്ങളുടെ പേരില്‍ മാത്രം ഹാര്‍ദിക്കിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയാല്‍ അതു വലിയ അബദ്ധമായി മാറും. ലോകകപ്പ് സ്‌ക്വാഡില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യ ഉള്‍പ്പെടുത്തുക തന്നെ വേണം. എന്തൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളെന്നു നമുക്കുപരിശോധിക്കാം.

പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനാവാനുള്ള ഹാര്‍ദിക്കിന്റെ മിടുക്കാണ് ആദ്യത്തെ കാരണം. വലിയ മല്‍സരങ്ങളില്‍ പലപ്പോഴും ടീമിനായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേയും 2022ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെിരേയും ഇതേ വര്‍ഷം ടി20 ലോകകപ്പിലും പാകിസ്താനെതിരേ ഹാര്‍ദിക് മികച്ച പ്രകടനം കാഴ്‌വച്ചിരുന്നു. ഇതു പോലെയുള്ള നിര്‍ണായ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ എടുത്തു പറയേണ്ടതാണ്. അതുകൊണ്ടു തന്നെ ഹാര്‍ദിക് ടീമിലുള്ളത് ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യമുറപ്പാണ്.

HARDIK PANDYA

അനുഭവസമ്പത്താണ് ഹാര്‍ദിക്കിന്റെ മറ്റൊരു വലിയ പ്ലസ് പോയിന്റ്. മല്‍സരപരിചയമെന്നത് ഏതൊരു ക്രിക്കറ്ററെയും സംബന്ധിച്ച് അവിഭാജ്യ ഘടകം തന്നെയാണ്. ഐപിഎല്ലില്‍ ഇപ്പോള്‍ നനഞ്ഞ പടക്കമാണെങ്കിലും ലോകകപ്പില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കു വലിയ പ്ലസ് പോയിന്റായി മാറുക തന്നെ ചെയ്യും. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പെര്‍ഫോം ചെയ്യണമെങ്കില്‍ മല്‍സരപരിചയം കൂടിയേ തീരൂ. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ പ്രകടനം മാത്രം വിലയിരുത്തി അദ്ദേഹത്തെ ലോകകപ്പില്‍ നിന്നും ഒഴിവാക്കിയാല്‍ അതു ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം തന്നയായിരിക്കും

മൂന്നമത്തെ കാരണം ഇന്ത്യയില്‍ നിലവില്‍ മല്‍സര രംഗത്തുള്ളവരില്‍ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കാണെന്നതാണ്. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിന്റെ മാച്ച് വിന്നറായി മാറാന്‍ ഇപ്പോഴും അദ്ദേഹത്തിനു സാധിക്കും. ഹാര്‍ദിക്കിനു പകരം മറ്റൊരാളെ പരിഗണിക്കുകയാണെങ്കില്‍ ഇതേ മികവ് പുലര്‍ത്തുന്ന മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിലവില്‍ ഇന്ത്യയില്‍ ഇല്ല.

ഹാര്‍ദിക്ക് ഇല്ലെങ്കില്‍ പകരം മറ്റൊരു ഓപ്ഷന്‍ ഇന്ത്യക്കില്ലെന്നതു പോരായ്മയാണ്. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ലെന്നു തന്നെ പറയാം.

Story first published: Monday, April 8, 2024, 15:13 [IST]
Other articles published on Apr 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+