അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആവേശകരമായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരാജയത്തിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. അവസാന ബോളിലേക്കു നീണ്ട കളിയില്‍ ആറു റണ്‍സിന്റെ വിജയമാണ് ജിടി സ്വന്തമാക്കിയത്. മുംബൈ ക്യാപ്റ്റനായ ശേഷം ഹാര്‍ദിക്കിനു ഇതു ആദ്യ മല്‍സരമായിരുന്നെങ്കില്‍ മറുഭാഗത്ത് ജിടിയെ നയിച്ചതും പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്.
ഉമേഷ് യാദവെറിഞ്ഞ അവസാനത്തെ ഓവറില്‍ മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കെ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ആദ്യ രണ്ടു ബോളില്‍ ഹാര്‍ദിക് ഓരോ സിക്‌സറും ഫോറുമടിച്ചെങ്കിലും അടുത്ത നാലു ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ, മാത്രമല്ല രണ്ടു വിക്കറ്റുകള്‍ കൈവിടുകയും ചെയ്തു.

ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാനത്തെ അഞ്ചോവറില്‍ മുംബൈയ്ക്കു ജയിക്കാന്‍ 43 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ 36 റണ്‍സ് മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. മാത്രമല്ല അഞ്ചു വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയും ചെയ്തു. റണ്‍ചേസില്‍ മുംബൈ ടീമിനു താളം നഷ്ടമായതായും ഇതാണ് പരാജയത്തിലേക്കു നയിച്ചതെന്നുമാണ് ഹാര്‍ദിക്കിന്റെ വിശദീകരണം.
ആ 42 റണ്‍സ് (43) ഞങ്ങള്‍ക്കു ചേസ് ചെയ്യാന്‍ സാധിക്കുമെന്നു തന്നെയായിരുന്നു വിശ്വസിച്ചത്. പക്ഷെ ഞങ്ങള്‍ക്കു താളം നഷ്ടമായ ദിവസങ്ങളിലൊന്നായിരുന്നു ഇത്. ഇവിടേക്കു മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കാരണം നിങ്ങള്‍ക്കു വളരെയധികം ആസ്വദിക്കാനും, അനുഭവിക്കാനും സാധിക്കുന്ന അന്തരീക്ഷമാണ് ഈ സ്റ്റേഡിയത്തിലേത്. നിറയെ കാണികളുമെത്തിയിരുന്നു, അവര്‍ക്കു നല്ലൊരു മല്‍സരവും ലഭിച്ചതായും ഹാര്‍ദിക് വിശദമാക്കി.
സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെറിഞ്ഞ 17ാമത്തെ ഓവറില്‍ സിംഗിള്‍ നേടാനുള്ള സാഹചര്യമുണ്ടായിട്ടും തിലക് വര്‍മ അതു വേണ്ടെന്നു വച്ചിരുന്നു. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്നത് അപ്പോള്‍ ടിം ഡേവിഡായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ അത്ര മികച്ച റെക്കോര്‍ഡല്ല അദ്ദേഹത്തിനുള്ളത്. ഈ കാരണത്താല്‍ തന്നെയാവാം തിലക് സിംഗിള്‍ വേണ്ടെന്നു വയ്ക്കുകയും ഡേവിഡിനെ സ്‌ട്രൈക്കില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നുമാണ് സൂചനകള്‍. ഈ സംഭവത്തെക്കുറിച്ചും ഹാര്‍ദിക് തുറന്നു പറഞ്ഞു.

കളിയുടെ ആ സമയത്തു അതാണ് നല്ല തീരുമാനമെന്നു തിലകിനു തോന്നിയിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അവനെ പൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതൊരു പ്രശ്‌നമൊന്നുമല്ല, ഞങ്ങള്‍ക്കു ഇനി 13 മല്‍സരങ്ങള്‍ ബാക്കിയുണ്ടെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് മുംബൈയുടെ അടുത്ത മല്‍സരം. നേരത്തേ ആദ്യ ലീഗ് മല്‍സരത്തില്‍ പരാജയപ്പെട്ട ടീമാണ് എസ്ആര്‍എച്ച്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈയ്ക്കു 169 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജിടി നല്‍കിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് അവര്‍ നേടിയത്. മൂന്നാംനമ്പറില്‍ ഇറങ്ങിയ സായ് സുദര്‍ശന്റെ (45) ഇന്നിങ്‌സാണ് ജിടിക്കു കരുത്തായത്.
39 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ഗില്‍ 22 ബോളില്‍ 31 റണ്‍സെടുത്ത് മടങ്ങി. വാലറ്റത്ത് 15 ബോളില്‍ 22 റണ്‍സെടുത്ത രാഹുല്‍ തെവാത്തിയയുടെ ഫിനിഷിങും ജിടിയെ 170ന് അടുത്തെത്തിച്ചു.
മറുപടിയില്‍ മുംബൈയ്ക്കു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ ആയുള്ളൂ. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഡെവാള്‍ഡ് ബ്രെവിസാണ് 46 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത്. മുന്‍ നായകന്‍ രോഹിത് ശര്‍മ 43 റണ്‍സും നേടി. മറ്റാര്‍ക്കും 30 റണ്‍സ് തികയ്ക്കാനായില്ല. ജിടിക്കായി അസ്മതുള്ള ഒമര്‍സായ്, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മോഹിത് ശര്‍മ എന്നിവ രണ്ടു വീതം വിക്കറ്റുകളെടുത്തു.