മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഇനി 5 ദിവസം മാത്രമാണ് ബാക്കി. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. എല്ലാ സീസണിലും മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇത്തവണ മുംബൈയും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയതോടെയാണ് ഈ രണ്ട് ടീമുകള്‍ തമ്മിലുള്ള ശത്രുതയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഹാര്‍ദിക് പാണ്ഡ്യക്കെതിരേ നിലവില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇടക്കിടെ പരിക്കേല്‍ക്കുന്ന താരമാണ് ഹാര്‍ദിക്. ഇന്ത്യന്‍ ടീമിനൊപ്പം 45% മത്സരങ്ങളാണ് പരിക്കിനെത്തുടര്‍ന്ന് ഹാര്‍ദിക്കിന് കളിക്കാന്‍ സാധിക്കാതെ വന്നത്. എന്നാല്‍ ഐപിഎല്ലില്‍ 11% മത്സരങ്ങളാണ് അദ്ദേഹത്തിന് നഷ്ടമായത്.
അവസാന ഏകദിന ലോകകപ്പില്‍ ഹാര്‍ദിക്കിന് പരിക്കേറ്റതോടെ പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ഐപിഎല്ലിലൂടെയാണ് ഹാര്‍ദിക് തിരിച്ചുവരവിനൊരുങ്ങുന്നത്. ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക്കിനേറ്റ പരിക്ക് ഗുരുതരമല്ലായിരുന്നുവെന്നും മനപ്പൂര്‍വ്വം അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നുവെന്നുമുള്ള ആക്ഷേപം ശക്തമാണ്. ഇപ്പോഴിതാ തന്റെ പരിക്കിനെക്കുറിച്ചും ലോകകപ്പിനിടെ സംഭവിച്ചതിനെക്കുറിച്ചും ഹാര്‍ദിക് വെളിപ്പെടുത്തിയിരിക്കുകയാണ്.
'ഒരു ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കം 2-3 മാസം മുമ്പ് തുടങ്ങുന്ന താരമല്ല ഞാന്‍. ഒരു വര്‍ഷം മുമ്പ് തന്നെ എന്റെ ലോകകപ്പിനായുള്ള മുന്നൊരുക്കം ആരംഭിച്ചിരുന്നു. നേരത്തെ തന്നെ പദ്ധതികള്‍ തയ്യാറാക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്തു. എനിക്ക് സംഭവിച്ചത് വിചിത്രമായ പരിക്കായിരുന്നു. ഇതിനെക്കുറിച്ച് അറിയാവുന്നവര്‍ക്കേ കൃത്യമായി ഇത് മനസിലാവൂ. പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം വിശ്രമമെടുക്കേണ്ടതായി വന്നു.

അഞ്ച് ദിവസത്തിനുള്ളില്‍ തിരിച്ചെത്താമെന്ന് ഞാന്‍ ടീമിനെ അറിയിച്ചതാണ്. അതിനായി കഠിനമായി ശ്രമിക്കുകയും ചെയ്തു. പക്ഷെ ലോകകപ്പ് നഷ്ടപ്പെടുത്തേണ്ടി വന്നു. കാല്‍ക്കുഴയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ മൂന്ന് ഇഞ്ചക്ഷനുകള്‍ നല്‍കുകയും അവിടെയുള്ള രക്തം പുറത്തേക്കെടുക്കുകയും ചെയ്തു. അത്രത്തോളം കാല്‍ക്കുഴ വീര്‍ത്തിരുന്നു' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഹാര്‍ദിക് പറഞ്ഞു. ലോകകപ്പില്‍ പന്തെറിയുന്നതിനിടെയാണ് ഹാര്‍ദിക്കിന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റത്.
താരത്തിന് ചെറിയ വിശ്രമം കൊണ്ട് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഹാര്‍ദിക്കിന്റെ അഭാവത്തിലും ഇന്ത്യ ഫൈനലിലേക്കെത്തി. എന്നാല്‍ പേസ് ഓള്‍റൗണ്ടറുടെ അഭാവം ടീമിനെ പ്രതികൂലമായി വളരെയധികം ബാധിച്ചു. ഐപിഎല്‍ സീസണുകള്‍ക്ക് മുമ്പ് എന്ത് വിലകൊടുത്തും തിരിച്ചെത്താന്‍ ഹാര്‍ദിക് ശ്രമിക്കാറുണ്ട്. എന്നാല്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇത്രയും ആത്മാര്‍ത്ഥത കാട്ടാറില്ലെന്ന ആക്ഷേപമാണ് പലരും ഉയര്‍ത്തുന്നത്.
ഇന്ത്യക്കായി ലോകകപ്പിലെ മറ്റ് മത്സരങ്ങളും കളിക്കാന്‍ അതിയായി ആഗ്രഹിച്ചെങ്കിലും മൂന്ന് മാസം വിശ്രമം അനിവാര്യമായി വന്നെന്നാണ് ഹാര്‍ദിക് പറയുന്നത്. 'തിരിച്ചുവരാന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു. എന്നാല്‍ മൂന്ന് മാസത്തോളം വിശ്രമം അനിവാര്യമായി വന്നു. 10 ദിവസത്തിനുള്ളിലെങ്കിലും തിരിച്ചുവരാനാവുമോയെന്ന് ശ്രമിച്ചിരുന്നു. എന്നാല്‍ കാലുകുത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. വേദന സംഹാരികള്‍ കഴിച്ചിട്ടും കാര്യമുണ്ടായില്ല.
എന്നെ സംബന്ധിച്ച് രാജ്യത്തിനായി കളിക്കുന്നതിലും വലിയ അഭിമാനമില്ല. ഏകദിന ലോകകപ്പ് നഷ്ടമായത് ഇപ്പോഴും ഹൃദയത്തില്‍ വേദനയായി തുടരുന്നു' - ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. നിലവില്‍ വലിയ വിമര്‍ശനമാണ് ഹാര്‍ദിക് നേരിടുന്നത്. മുംബൈ ഇന്ത്യന്‍സിനെ ഇത്തവണ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ ഈ വിമര്‍ശനങ്ങളെല്ലാം കൈയടികളാക്കി മാറ്റാന്‍ ഹാര്‍ദിക്കിനാവും. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. അല്ലാത്ത പക്ഷം ഹാര്‍ദിക് പാടുപെടുമെന്നുറപ്പാണ്.