മുംബൈ നായകനായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിന് ആരാധകരില്‍ നിന്നും ലഭിച്ചത് കടുത്ത എതിര്‍പ്പുകളായിരുന്നു. രോഹിത്തിനെ മാറ്റിയതും ഹാര്‍ദിക്കിനെ മാറ്റിയതും ആരാധകര്‍ക്ക് മാത്രമല്ല ടീമിലെ പല മുതിര്‍ന്ന താരങ്ങള്‍ക്ക് പോലും അത്ര പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയുടെ മത്സരങ്ങളിലെല്ലാം ഗ്യാലറിയിരുന്ന് ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ശിക്ഷ നടപ്പാക്കാറുണ്ട്.
ഈ വിവാദങ്ങള്‍ക്കിടെയാണ് കൂനിന്മേല്‍ കുരു പോലെ ഹാര്‍ദിക്കിന്റെ മോശം പ്രകടനം തുടര്‍ക്കഥയാകുന്നത്. ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ ഉപനായകന്‍ കൂടിയായ ഹാര്‍ദിക്കിന്റെ ഫോമില്ലായ്മ മുംബൈ ഇന്ത്യന്‍സിനെ മാത്രമല്ല അലട്ടുന്നത്. ഇന്ത്യന്‍ ടീം സെലക്ടര്‍മാരും ആശങ്കയോടെയാണ് ഹാര്‍ദിക്കിന്റെ പ്രകടനത്തെ കാണുന്നത്.

ഐപിഎല്ലില്‍ ഇതുവരെ ഹാര്‍ദിക്കിന് മികച്ചൊരു പ്രകടനം പുറത്തെടുക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഹാര്‍ദിക്കിനെ നാല് പന്തില്‍ 20 റണ്‍സ് നേടിക്കൊണ്ട് 42 കാരന്‍ ധോണി കനത്ത പ്രഹരം ഏല്‍പ്പിച്ചിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. തുടര്‍ പരാജയങ്ങളില്‍ വലയുകയാണ് മുംബൈ ഇന്ത്യന്‍സ്.
മെയ് ആദ്യ വാരമായിരിക്കും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. അതിലേക്ക് എത്താന്‍ ഇനി ബാക്കിയുള്ളത് വെറും 16 ദിവസങ്ങള്‍ മാത്രമാണ്. അതേസമയം ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊരു പകരക്കാരനെ കണ്ടെത്താനും സെലക്ടര്‍മാര്‍ക്ക് ഇതുവരെ സാധിച്ചിട്ടുമില്ല. ശിവം ദൂബെയുടെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ സന്തുഷ്ടരാണെങ്കിലും ഒരിക്കലും ഹാര്‍ദിക്കിന് പകരക്കാരനാകില്ല ദൂബെ.
''ടീമിലെ പ്രധാനപ്പെട്ടവരില്‍ ഒരാളആണ് ഹാര്‍ദിക്. അദ്ദേഹത്തിന്റെ ഫോം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോവുകയാണ്. പക്ഷെ ഇപ്പോഴും സമയം ബാക്കിയുണ്ട്. പുതിയ ഉത്തരവാദിത്തങ്ങളുമായി ഒരു ടീമില്‍ ജോയിന്‍ ചെയ്തതേയുള്ളൂ അദ്ദേഹം. ഏതൊരു താരത്തിനും ഇത് സംഭവിക്കാം. ലോകകപ്പിന് മുമ്പ് അദ്ദേഹം ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അവസ്ഥയിലാണ് നമുക്ക് വേണ്ടത്'' എന്നാണ് ഒരു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞത്.
ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം വളരെ നിര്‍ണായകമാണ്. ആറാമതായാണ് പാണ്ഡ്യ ഇറങ്ങുന്നത്. എന്നാല്‍ ഐപിഎല്‍ പാണ്ഡ്യയ്ക്ക് ഫോം കണ്ടെത്താനായിട്ടില്ല. ഇതുവരെ കളിച്ച ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി നേടിയത് 131 റണ്‍സാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇന്നിംഗ്‌സില്‍ മാത്രമാണ് പാണ്ഡ്യയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചത്. മറ്റ് മത്സരങ്ങളിലെല്ലാം പരാജയപ്പെടുകയായിരുന്നു.
ഹാര്‍ദിക് കൂടുതല്‍ നേരം ബാറ്റ് ചെയ്യുന്തോറും മുംബൈ ഇന്ത്യന്‍സിന്റെ തലവേദനയും വര്‍ധിക്കും. യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പ് ആയതിനാല്‍ സ്സോ പിച്ചുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്‌ട്രൈക്ക് റേറ്റ് നിര്‍ണായകമായി മാറിയേക്കും. പ്രത്യേകിച്ചും ഫിനിഷര്‍ റോളില്‍ ആഞ്ഞടിക്കേണ്ട താരമാണ് ഹാര്‍ദിക് പാണ്ഡ്യ എന്നിരിക്കെ. ഈ സീസണില്‍ ഇതുവരെ നേരിട്ട 90 പന്തുകളില്‍ 31 ലും ഹാര്‍ദിക് റണ്‍ കണ്ടെത്തിയിട്ടില്ല. ഫിനിഷര്‍ എന്ന നിലയിലത് വലിയ ആശങ്ക തന്നെയാണ്.
ഓള്‍റൗണ്ടര്‍ ആയ ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ നാല് ഓവര്‍ പൂര്‍ത്തിയാക്കിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മാത്രമാണ്. അത് വലിയൊരു പ്രതിസന്ധി തന്നെയാണ്. ഇതുവരെ എറിഞ്ഞ 66 പന്തുകളില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാന്‍ സാധിച്ചത് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ്. ഇക്കണോമിയാകട്ടെ 12.00. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ചെന്നൈ താരം എംഎസ് ധോണി ഹാര്‍ദിക്കിനെതിരെ ഹാട്രിക് സിക്‌സും നേടുകയുണ്ടായി.
ഇത് ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയായി മാറിയേക്കും. ഇന്ത്യന്‍ ടീം ഹാര്‍ദിക്കിനെ മൂന്നാം പേസറായി ആശ്രയിക്കാനാണ് ഉദ്ദേശിക്കുന്നത്. മുഹമ്മദ് ഷമി പരുക്ക് മൂലം പുറത്തിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിലെ അനുഭ സമ്പന്നരായ പേസര്‍മാരില്‍ രണ്ടാമനായിരിക്കും ഹാര്‍ദിക് പാണ്ഡ്യ. അങ്ങനെയുള്ള ഹാര്‍ദിക്കിനെ നാല് ഓവര്‍ എറിയിപ്പിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് ടീമിന്റെ സന്തുലിതാവസ്ഥയെ തകര്‍ക്കും. ബാറ്റര്‍ എന്ന നിലയില്‍ മാത്രമായി ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക്കിന് ഇടമില്ല. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ മാത്രമാണ് ഹാര്‍ദിക്കിന് സാധ്യതയുള്ളതെന്നും ഓര്‍ക്കണം.