17ാമത് ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിനു തയ്യാറെടുക്കുന്ന മുംബൈ ഇന്ത്യന്‍സ് ക്യാംപിലെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതു മുതല്‍ മുംബൈ ടീമില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ഈ നീക്കം അംഗീകരിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. മാത്രമല്ല മുംബൈ ടീമിലെ ചില സീനിയര്‍ കളിക്കാരും ഈ തീരുമാനത്തില്‍ അതൃപ്തരാണ്.
ഇപ്പോഴിതാ പുതിയൊരു ട്വിസ്റ്റ് കൂടി സംഭവിച്ചിരിക്കുകയാണ്. സീനിയര്‍ കളിക്കാര്‍ മാത്രമല്ല മുംബൈ ടീമിലെ യുവതാരങ്ങളും രോഹിത്തിനു പിന്നില്‍ അണിനിരന്നിട്ടുണ്ട്. ഹിറ്റ്മാന് പരസ്യ പിന്തുണയാണ് യുവതാരങ്ങളുടെ ഭാഗത്തു നിന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തങ്ങളുടെ ക്യാപ്റ്റന്‍ ഇപ്പോഴും രോഹിത് തന്നെയാണെന്നു അവര്‍ പറയാതെ തന്നെ പറഞ്ഞിരിക്കുകയാണ്.

ഹാര്‍ദിക്കിനെയും മുംബൈ ടീം മാനേജ്‌മെന്റിനെയും സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. ഈ തരത്തില്‍ ടീമിനകത്ത് തന്നെ ഭിന്നിപ്പുണ്ടായാല്‍ അതു മുംബൈ ടീമിന്റെ പ്രകടനത്തെ മോശമായി ബാധിക്കാനിടയുണ്ട്. മലയാളി വെടിക്കെട്ട് താരം വിഷ്ണു വിനോദുള്‍പ്പെടെയുള്ള മുംബൈ സ്‌ക്വാഡിലെ പുതിയ കളിക്കാരാണ് രോഹിത്തിനെ പിന്തുണച്ചു കൊണ്ട് ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്.
പുതിയ ഐപിഎല്‍ സീസണിനു മുന്നോടിയായി തിങ്കളാഴ്ചയാണ് രോഹിത് മുംബൈ ടീമിനോടൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം നെറ്റ്‌സില്‍ ആദ്യത്തെ ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് തങ്ങളുടെ ഫേവറിറ്റ് രോഹിത്താണെന്നു യുവതാരങ്ങള്‍ വിളിച്ചു പറഞ്ഞത്.
വിഷ്ണുവിനെക്കൂടാതെ രോഹിത്തിനു കീഴില്‍ ഐപിഎല്ലില്‍ അരങ്ങേറിയ യുവ ഫാസ്റ്റ് ബൗളര്‍ ആകാശ് മധ്വാള്‍, സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയ തുടങ്ങിയവരെല്ലാം രോഹിത്തിന്റെ പരിശീലന വീഡിയോ സോഷ്യല്‍ മീഡിയയില്‍ സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
നേരത്തേ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് മുംബൈ ടീമിനോടൊപ്പം ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റുകളോ ഒന്നും തന്നെ ഒരു താരവും ഷെയര്‍ ചെയ്തിരുന്നില്ല. പക്ഷെ രോഹിത് ടീമിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ വീഡിയോ പങ്കുവച്ചതിലൂടെ യുവതാരങ്ങള്‍ വലിയ പിന്തുണയും ബഹുമാനവുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

2013 മുതല്‍ 10 വര്‍ഷത്തോളം മുംബൈയെ നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് രോഹിത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2012 വരെ ഒരു ഐപിഎല്‍ ട്രോഫി പോലും മുംബൈയ്ക്കു ചൂണ്ടിക്കാണിക്കാനില്ലായിരുന്നു. എന്നാല്‍ 2013ല്‍ ക്യാപ്റ്റനായ ശേഷമുള്ള ആദ്യത്തെ സീസണില്‍ തന്നെ മുംബൈയ്ക്കു രോഹിത് ഐപിഎല്‍ ട്രോഫി സമ്മാനിച്ചു. പിന്നാലെ നാലു കിരീടങ്ങള്‍ കൂടി അദ്ദേഹം മുംബൈയുടെ ഷെല്‍ഫിലെത്തിക്കുകയും ചെയ്തു.
2020ലായിരുന്നു രോഹിത്തിനു കീഴില്‍ മുംബൈയുടെ അഞ്ചാമത്തയും അവസാനത്തെയും ഐപിഎല്‍ ട്രോഫി നേട്ടം. അവസാനത്തെ മൂന്നു സീസണിലും ടീമിനു ഫൈനല്‍ പോലുമെത്താനായില്ല. ഇതാവാം ഈ സീസണില്‍ അദ്ദേഹത്തെ മാറ്റാന്‍ മുംബൈ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറില്‍ താരലേലത്തിനു മുമ്പായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ സര്‍പ്രൈസ് നീക്കത്തിലൂടെ മുംബൈ സ്വന്തമാക്കിയത്.
2022ലെ മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കിയ ഹാര്‍ദിക്കിനെ മുംബൈ തിരികെ വാങ്ങുമെന്നു ആരും തന്നെ സ്വപ്‌നം പോലും കണ്ടിരുന്നില്ല. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് അദ്ദേഹത്തെ മുംബൈ റാഞ്ചിയത്. ദിവസങ്ങള്‍ക്കകം തന്നെ രോഹിത്തിനു പകരം ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.