മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്ലിലെ അവസാനത്തെ ലീഗ് മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ മാനം കാത്തിട്ടും മുന്‍ നായകന്‍ രോഹിത് ശര്‍മയെ തീര്‍ത്തും അവഗണിച്ച് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. കൂവി വിളിച്ചാണ് കാണികള്‍ ഇതിനോടു പ്രതികരിച്ചത്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മുംബൈ 18 റണ്‍സിനു പരാജയപ്പെട്ട മല്‍സരത്തിനിടെയാണ് കാണികളില്‍ നിന്നു ഹാര്‍ദിക്കിനു പരിഹാസം നേരിട്ടത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
68 റണ്‍സെടുത്ത രോഹിത്തായിരുന്നു കളിയില്‍ മുംബൈയുടെ ടോപ്‌സ്‌കോറര്‍. 38 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സ്പിന്നര്‍ രവി ബിഷ്‌നോയ് എറിഞ്ഞ 11ാം ഓവറിലാണ് ഹിറ്റ്മാന്‍ പുറത്തായത്. ഈ ഓവറിലെ നാലാമത്തെ ബോളില്‍ അദ്ദേഹം ബൗണ്ടറി പായിച്ചെങ്കിലും തൊട്ടടുത്ത ബോളില്‍ പുറത്താവുകയായിരുന്നു.

ഓഫ്സ്റ്റംപിന് പുറത്തൊരു ബോളായിരുന്നു ബിഷ്‌നോയ് പരീക്ഷിച്ചത്. കവറിനു മുകളിലൂടെ ഷോട്ട് കളിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ മൊഹ്‌സിന്‍ ഖാന്റെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം ഇതു അനായാസം പിടികൂടിയതോടെ രോഹിത് നിരാശനായി ക്രീസ് വിടുകയും ചെയ്തു. എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ വാംഖഡെയിലെ കാണികള്‍ അഭിനന്ദിച്ചത്.
ഇനിയൊരു സീസണില്‍ മുംബൈയ്‌ക്കൊപ്പം രോഹിത് കളിക്കാനുള്ള സാധ്യതയും തീരെ കുറവാണ്. രോഹിത്തിനു ശേഷം ക്രീസിലേക്കു വന്നത് നായകന്‍ ഹാര്‍ദിക്കായിരുന്നു. കാണികള്‍ മുഴുവന്‍ ഹിറ്റ്മാന്റെ ഇന്നിങ്‌സിനെ പ്രശംസിക്കുമ്പോള്‍ ഹാര്‍ദിക്കും അദ്ദേഹത്തിനു അടുത്തേക്കു വന്നു അഭിനന്ദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ രോഹിത്തിനെ കണ്ടില്ലെന്നു പോലും നടിച്ചാണ് ഹാര്‍ദിക് ഗ്രൗണ്ടിലേക്കു വന്നത്.
വളരെ അകലെക്കൂടി അദ്ദേഹം ബാറ്റിങിനായി ക്രീസിലേക്കു പോവുകയും ചെയ്തു. തന്റെ മുന്‍ നായകന്റെ മുഖത്തേക്കു പോലും നോക്കാന്‍ ഹാര്‍ദിക്ക് തയ്യാറായില്ല. ഇതാണ് കാണികളെ ക്ഷുഭിതരാക്കിയത്. അഹങ്കാരത്തോടെയുള്ള ഹാര്‍ദിക്കിന്റെ ഈ പെരുമാറ്റത്തെ കൂവി വിളിച്ച് അവര്‍ പരിഹസിക്കുകയും ചെയ്തു.
അതേസമയം, ലഖ്‌നൗവിനെതിരേ വിജയത്തിനായി മുംബൈ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു ഏറെക്കുറെ അടുത്തു വരെയെത്തിയ ശേഷം കീഴടങ്ങുകയായിരുന്നു. 215 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഹാര്‍ദിക്കിനും സംഘത്തിനും എല്‍എസ്ജി നല്‍കിയത്.

അവസാന ബോള്‍ വരെ മുംബൈ പൊരുതിയെങ്കിലും ആറു വിക്കറ്റിനു 196 റണ്‍സ് നേടാനേ ആയുള്ളൂ. രോഹിത്തിനെക്കൂടാതെ വാലറ്റത്ത് നമാന്‍ ധിറാണ് (62*) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. വെറും 28 ബോളിലാണ് താരം ഇത്രയും റണ്‍സടിച്ചത്. അഞ്ചു സിക്‌സറും നാലു ഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു.
മുംബൈ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും 30 റണ്‍സ് പോലും തികയ്ക്കാനായില്ല. ഡെവാള്‍ഡ് ബ്രെവിസ് (23), ഹാര്‍ദിക് (16), ഇഷാന്‍ കിഷന്‍ (14) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. രോഹിത്തിനൊപ്പം ബ്രെവിസിനെയാണ് ഈ കളിയില്‍ ഓപ്പണറായി മുംബൈ പരീക്ഷിച്ചത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ ഈ ജോടി 88 റണ്‍സ് അടിച്ചെടുത്തു. വെറും 52 ബോളിലായിരുന്നു ഇത്.
പക്ഷെ ബ്രെവിസ് പുറത്തായ ശേഷം മധ്യനിരയില്‍ ബാറ്റിങില്‍ കൂടുതല്‍ സംഭാവനകള്‍ ലഭിക്കാതെ പോയത് മുംബൈയ്ക്കു തിരിച്ചടിയാവുകയായിരുന്നു. വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവ് ഡെക്കായത് മുംബൈയ്ക്കു ക്ഷീണമായി. അദ്ദേഹം ക്രീസില്‍ നിന്നിരുന്നെങ്കില്‍ മുംബൈയ്ക്കു ചേസ് ചെയ്യാന്‍ സാധിക്കുന്ന ടോട്ടലായിരുന്നു ഇത്. ലോവര്‍ ഓര്‍ഡറിര്‍ ധിര്‍ വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ചെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു.