മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള പടയൊരുക്കത്തിലാണ് ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. ഇത്തവണ വാശിയേറിയ പോരാട്ടങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. പല സര്‍പ്രൈസ് നീക്കങ്ങളും ഇത്തവണത്തെ സീസണിന് മുമ്പായി നടന്നിട്ടുണ്ട്. അതിലൊന്ന് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് നായകസ്ഥാനം ഉപേക്ഷിച്ച് മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതാണ്.
17ാം സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും മുംബൈ ഇറങ്ങുക. ഏറെ നാളുകളായി പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് ഇപ്പോള്‍ ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റിലൂടെ തിരിച്ചുവന്നിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്. ഐപിഎല്ലില്‍ മുംബൈക്കൊപ്പം ഹാര്‍ദിക്കുണ്ടാവും. ബിസിസിഐ രഞ്ജി ട്രോഫി കളിക്കാത്തതിനാല്‍ ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു.
എന്നാല്‍ ആറ് മാസത്തോളമായി കളിക്കാത്ത ഹാര്‍ദിക്കിന് കരാര്‍ നല്‍കുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇന്ത്യക്കൊപ്പം പ്രധാന ടൂര്‍ണമെന്റിനിറങ്ങുമ്പോള്‍ പല തവണ പാതിവഴിയില്‍ ഹാര്‍ദിക് പരിക്കേറ്റ് പുറത്തായിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലിലെ ഹാര്‍ദിക്കിന്റെ പരിക്കിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ കണ്ണുതള്ളുമെന്നതാണ് വസ്തുത. ഇന്ത്യയുടെ പരിക്ക് വീരനായ ഹാര്‍ദിക്കിന് ഐപിഎല്ലില്‍ 11% മത്സരങ്ങള്‍ മാത്രമാണ് പരിക്ക് മൂലം നഷ്ടമായത്.
ഐപിഎല്ലില്‍ പരിക്കേറ്റ് ഹാര്‍ദിക് പുറത്തായത് വളരെ ചുരുക്കം സന്ദര്‍ഭങ്ങൡ മാത്രമാണെന്ന് വ്യക്തം. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ശേഷം 160 ടി20കളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 92 മത്സരങ്ങളാണ് ഹാര്‍ദിക്കിന് കളിക്കാനായത്. 43 ശതമാനത്തോളം മത്സരങ്ങളും പരിക്കിനെത്തുടര്‍ന്ന് ഹാര്‍ദിക്കിന് നഷ്ടമായി. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ ചെറിയ പരിക്കേല്‍ക്കുമ്പോള്‍ പോലും ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഹാര്‍ദിക് ശ്രമിക്കുമെന്നതാണ് വസ്തുത.

എന്നാല്‍ ഐപിഎല്ലില്‍ ഈ പ്രശ്‌നം അദ്ദേഹത്തെ ബാധിക്കാറില്ല. ഇന്ത്യ 156 ഏകദിനങ്ങള്‍ ഹാര്‍ദിക്കിന്റെ അരങ്ങേറ്റത്തിന് ശേഷം കളിച്ചപ്പോള്‍ 86 മത്സരമാണ് അദ്ദേഹം കളിച്ചത്. 45 ശതമാനവും പരിക്കിനെത്തുടര്‍ന്ന് നഷ്ടമായി. പരിക്കിനെത്തുടര്‍ന്ന് നേരത്തെ തന്നെ ടെസ്റ്റില്‍ നിന്ന് അദ്ദേഹം പിന്മാറിയതാണ്. അതേ സമയം പരിക്കേറ്റാലും ഐപിഎല്ലില്‍ കളിക്കാന്‍ ഹാര്‍ദിക് തയ്യാറായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം പൂര്‍ണ്ണ ഫിറ്റ്‌നസില്ലാതെ ഒരു സീസണ്‍ മുഴുവനായി ഹാര്‍ദിക് കളിച്ചിരുന്നു.
പുറം വേദനയാണ് ഹാര്‍ദിക്കിനെ അലട്ടുന്ന പ്രശ്‌നം. ശസ്ത്രക്രിയയടക്കം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിനിടെ പരിക്കേറ്റാലും ഐപിഎല്ലിന് തൊട്ടുമുമ്പായി അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നതാണ് കൗതുകകരമായ കാര്യം. ഹാര്‍ദിക്കിന് ഇന്ത്യന്‍ ടീമിനെക്കാള്‍ കൂറ് ഐപിഎല്‍ ടീമിനോടാണെന്ന് വ്യക്തം. ഒരു ഐപിഎല്‍ സീസണോടെ കോടികളാണ് ഹാര്‍ദിക്കിന്റെ പോക്കറ്റിലെത്തുന്നത്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പടിപ്പിക്കാന്‍ ഹാര്‍ദിക്കിനായി.
നായകനെന്ന നിലയിലെ ഹാര്‍ദിക്കിന്റെ വളര്‍ച്ച എല്ലാവരേയും ഞെട്ടിപ്പിക്കുന്നതാണ്. അവസാന സീസണില്‍ ഗുജറാത്തിനെ റണ്ണേഴ്‌സപ്പുമാക്കിയാണ് ഹാര്‍ദിക് ടീം വിട്ടത്. ഗുജറാത്ത് നായകനെന്ന നിലയില്‍ അത്യുന്നത നേട്ടങ്ങള്‍ സ്വന്തമാക്കിയ ശേഷമാണ് ഹാര്‍ദിക് അപ്രതീക്ഷിതമായി പഴയ തട്ടകമായ മുംബൈയിലേക്കെത്തിയത്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് ഇറക്കിയാണ് ഹാര്‍ദിക് മുംബൈയുടെ ക്യാപ്റ്റനായിരിക്കുന്നത്.
ഇതില്‍ മുംബൈ ക്യാംപിനുള്ളില്‍ അതൃപ്തി വ്യക്തമാണ്. ഇത് ഹാര്‍ദിക്കിനെതിരായ പ്രതിഷേധമായി വളരാനും സാധ്യതയുണ്ട്. ഇത്തവണ ഹാര്‍ദിക്കിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. മുംബൈ ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോവുകയെന്നതാണ് ഹാര്‍ദിക്കിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്തായാലും മുംബൈയെ കപ്പിലേക്കെത്തിക്കുകയെന്ന വലിയ വെല്ലുവിളി ഹാര്‍ദിക് എങ്ങനെ ഏറ്റെടുക്കുമെന്ന് കണ്ടറിയാം.