ഐപിഎല്ലില്‍ മുന്‍ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിയെത്തിയതു മുതല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കഷ്ടകാലം വിടാതെ പിന്തുടരുകയാണ്. രോഹിത് ശര്‍മയ്ക്കു പകരം നായകസ്ഥാനമേറ്റെടുത്ത ശേഷം ടീം തകര്‍ന്നടിഞ്ഞിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ഈ നാണക്കേടിനു പിന്നാലെ മറ്റൊരു ഷോക്ക് കൂടി ഹാര്‍ദിക്കിനെ തേടിയെത്തിയിരിക്കുകയാണ്. അടുത്ത സീസണിലെ ആദ്യ കളിയില്‍ അദ്ദേഹത്തിനു വിലക്കേര്‍പ്പെടുത്തി.
സീസണില്‍ മൂന്നാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചതു കാരണമാണ് മുംബൈ ക്യാപ്റ്റനായ ഹാര്‍ദിക്കിനെ ഒരു മല്‍സരത്തില്‍ വിലക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയിലും മുംബൈ കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് ഹാര്‍ദിക്കിനു ഒരു കളിയില്‍ വിലക്കും 30 ലക്ഷം രൂപ പിഴയും ചുമത്തിയത്.

ഈ സീസണില്‍ മുംബൈയുടെ മല്‍സരങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. ഇതോടെയാണ് ഹാര്‍ദിക്കിന്റെ വിലക്ക് അടുത്ത സീസണിലെ ആദ്യത്തെ കളിയിലേക്കു നീണ്ടത്. ഹാര്‍ദിക്കിനു മാത്രമല്ല എല്‍എസ്ജിയുമായുള്ള മല്‍സരത്തില്‍ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പണി കിട്ടിയിട്ടുണ്ട്. ഇംപാക്ട് പ്ലെയറും ഇക്കൂട്ടത്തിലുള്‍പ്പെടും. 12 ലക്ഷം രൂപയോ, മാച്ച് ഫീസോ ഇതില്‍ ഏതാണോ കുറവ് അതു ഈ താരങ്ങളെല്ലാം പിഴയായി അടയ്ക്കണം.
അടുത്ത സീസണിലും ഹാര്‍ദിക്ക് മുംബൈക്കൊപ്പം തന്നെ തുടരാന്‍ സാധ്യത കൂടുതലാണ്. അടുത്ത സീസണിലെ ആദ്യ കളിക്ക് അദ്ദേഹമില്ലെങ്കില്‍ ആരാവും നായകനെന്നതാണ് ചോദ്യം. സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഈ റോളിനു ഏറ്റവും അനുയോജ്യമായവര്‍. പക്ഷെ സീസണിനു ശേഷം രണ്ടു പേരും മുംബൈ വിട്ടേക്കും. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷനായിരിക്കും ക്യാപ്റ്റനായി നറുക്കുവീണേക്കുക.
മുംബൈയെ സംബന്ധിച്ച് അവര്‍ മറക്കാനാഗ്രഹിക്കുന്ന സീസണ്‍ തന്നെയായിരിക്കും ഇത്. ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫില്‍ എത്താതെ പുറത്തായ ടീം അവരാണ്. മാത്രമല്ല പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടും അവരെ തേടിയെത്തി. 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് മുംബൈയ്ക്കു വിജയിക്കാനായത്. ശേഷിച്ച 10 എണ്ണത്തിലും അവര്‍ പരാജയപ്പെടുകയും ചെയ്തു. എട്ടു പോയിന്റ് മാത്രം നേടിയാണ് മുംബൈ സീസണ്‍ അവസാനിപ്പിച്ചത്.
ഗുജറാത്ത് ടൈറ്റന്‍സിനെ 2022ല്‍ ചാംപ്യന്‍മാരും കഴിഞ്ഞ വര്‍ഷം റണ്ണറപ്പുമാക്കിയ ക്യാപ്റ്റനാണ് ഹാര്‍ദിക്ക്. ഈ കാരണത്താല്‍ തന്നെയാണ് സീസണിനു മുമ്പ് ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ മോഹ വിലയ്ക്കു മുംബൈ തിരികെ വാങ്ങിയത്. രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനു ക്യാപ്റ്റന്‍സി മുംബൈ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷെ ഈ നീക്കം വലിയ അബദ്ധമായിപ്പോയെന്നു പിന്നാലെ വ്യക്തമായി.

ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ അതൃപ്തരായ മുംബൈ ടീമിലെ ഒരു വിഭാഗം താരങ്ങള്‍ രോഹിത്തിനൊപ്പം നിന്നതോടെ ഇതു ടീമില്‍ ഭിന്നിപ്പുണ്ടാക്കുകയും രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു. മികച്ച താരനിരയുണ്ടായിട്ടും മുംബൈ ഈ സീസണില്‍ തകര്‍ന്നടിയാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.
സീനിയര്‍ താരങ്ങളും ഭൂരിഭാഗം യുവതാരങ്ങളും ഇപ്പോഴും രോഹിത്തിനെ അനുകൂലിക്കുന്നവരാണ്. ഇഷാന്‍ കിഷനുള്‍പ്പെടെ ചിലരും വിദേശ താരങ്ങളും മാത്രമാണ് ഹാര്‍ദിക്കിനെ പിന്തുണയ്ക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല താരത്തിന്റെ റോളിലും മുംബൈ ടീമില്‍ ഹാര്‍ദിക്ക് തികഞ്ഞ പരാജയമായി മാറി.
14 മല്‍സരങ്ങളില്‍ 13 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 18 ശരാശരിയില്‍ 143.04 സ്‌ട്രൈക്ക് റേറ്റില്‍ ഹാര്‍ദിക്കിനു സ്‌കോര്‍ ചെയ്യാനായത് 151 റണ്‍സ് മാത്രമാണ്. 46 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങിലാവട്ടെ 12 മല്‍സരങ്ങളിലാണ് അദ്ദേഹം പന്തെറിഞ്ഞത്. 10.75 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകളും വീഴ്ത്തി.