മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പിന്തുണയുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഈ ഐപിഎല്ലില്‍ ഓരോ മല്‍സരശേഷവും ഹാര്‍ദിക്കിനെ വിമര്‍ശിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ക്രിക്കറ്റ് വിദഗ്ധരായ മുന്‍ താരങ്ങള്‍ക്കു അര്‍ഹതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മുംബൈയുടെ നായകസ്ഥാനമേറ്റെടുത്ത ശേഷം വലിയ സമര്‍ദ്ദമാണ് ഹാര്‍ദിക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്. പല മുന്‍ താരങ്ങളും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ മുംബൈ ഇതിനകം പുറത്തായിക്കഴിഞ്ഞു. 13 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുള്ളൂ. ദിവസങ്ങള്‍ക്കു മുമ്പ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരുന്നു. നായകനെന്ന നിലയില്‍ ഗ്രൗണ്ടില്‍ ഹാര്‍ദിക്കിന്റെ ശരീരഭാഷ ശരിയല്ലെന്നാണ് എബിഡി ചൂണ്ടിക്കാണിച്ചത്.

എബിഡിയെ രൂക്ഷമായാണ് ഗംഭീര്‍ വിമര്‍ശിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ്‌കീഡയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ മുഖ്യ ഉപദേശകന്‍ കൂടിയായ അദ്ദേഹം. ക്യാപ്റ്റനായിരുന്നപ്പോള്‍ എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്നു ചോദിച്ചിരിക്കുകയാണ് ഗംഭീര്‍.
കെവിന്‍ പീറ്റേഴ്‌സനായാലും എബിഡിയായാലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രണ്ടു പേര്‍ക്കും കരിയറില്‍ ഒന്നും എടുത്തു കാണിക്കാനില്ല. അവരുടെ റെക്കോര്‍ഡ് നിങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഒന്നും തന്നെയില്ലെന്നു കാണാം. ഐപിഎല്ലില്‍ സ്വന്തം സ്‌കോറുകളല്ലാതെ എബിഡി മറ്റെന്തെങ്കിലും നേടിയിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഒരു ടീമിന്റെ ആംഗിളില്‍ നിന്നും നോക്കിയാല്‍ അദ്ദേഹം എന്തെങ്കിലും കൈവരിച്ചതായി തനിക്കു തോന്നുന്നില്ലെന്നും ഗംഭീര്‍ ആഞ്ഞടിച്ചു.
എന്നാല്‍ ഹാര്‍ദിക് പാണ്യ ഇതിനകം ക്യാപ്റ്റനായി ഐപിഎല്ലില്‍ കഴിവ് തെളിയിച്ചയാളാണ്. ഗുജറാത് ടൈറ്റന്‍സിനൊപ്പം 2022ല്‍ കിരീടം നേടിയ നായകനാണ് അദ്ദേഹമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. മുംബൈ ഇന്ത്യന്‍സിലേക്കു ഹാര്‍ദിക്ക് വന്നിട്ടേയുള്ളൂവെന്നും അദ്ദേഹത്തിനു കുറച്ചു സമയം നല്‍കൂയെന്നും ഗംഭീര്‍ ആവശ്യപ്പെടുന്നു.
ഹാര്‍ദിക് പാണ്ഡ്യക്കു കുറച്ചു കൂടി സമയം നല്‍കൂ. ഓരാ ദിവസവും, ഓരോ മല്‍സരത്തിലും, എല്ലാ സമയത്തും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തുന്നത് ശരിയല്ല. നേരത്തേ ക്യാപ്റ്റന്‍മാരായിരുന്നപ്പോള്‍ തങ്ങളുടെ പ്രകടനം എങ്ങനെയായിരുന്നുവെന്നു വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ക്രിക്കറ്റ് വിദഗ്ധര്‍ ഒന്നു നോക്കണം.

മറ്റുള്ള ഏതൊരു ക്യാപ്റ്റനേക്കാളും മോശമായിരിക്കും. ആത്യന്തികമായി പ്രകടനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത്തവണ മുംബൈ ഇന്ത്യന്‍സ് നന്നായി പെര്‍ഫോം ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെയാണ് എല്ലാവരും ഇതേക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതെന്നും ഗംഭീര്‍ വിശദമാക്കി.
ആഭ്യന്തര ക്രിക്കറ്റിലോ, ഐപിഎല്ലിലോ മുമ്പൊരിക്കലും ക്യാപ്റ്റനായ പരിചയമില്ലാതെയാണ് 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനത്തേക്കു ഹാര്‍ദിക്ക് വന്നത്. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അരങ്ങേറ്റക്കാരായ ജിടിയെ അരങ്ങേറ്റ സീസണില്‍ തന്നെ ചാംപ്യന്മാരാക്കി അദ്ദേഹം ക്യാപ്റ്റന്‍സി മികവ് തെളിയിക്കുകയായിരുന്നു.
അന്നു സംഭവിച്ചത് വെറും യാദൃശ്ചികമായി നടന്നതല്ലെന്നു കഴിഞ്ഞ സീസണിലും ഹാര്‍ദിക്ക് കാണിച്ചു തന്നു. അദ്ദേഹത്തിനു കീഴില്‍ ജിടി റണ്ണറപ്പാവുകയായിരുന്നു. ഇത്രയും ഗംഭീര റെക്കോര്‍ഡുമായിട്ടാണ് ഹാര്‍ദിക്ക് പഴയ തട്ടകമായ മുംബൈയില്‍ ഇത്തവണ തിരിച്ചെത്തിയത്. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു ഇവിടെ തുടക്കം പൊള്ളിയിരിക്കുകയാണ്. എങ്കിലും നായകസ്ഥാനത്തു നിന്നും ഹാര്‍ദിക്കിനെ മാറ്റാന്‍ സാധ്യതയില്ല.