അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഹിത് ശര്‍മയെ പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതു മുതല്‍ മുംബൈ ടീമിനകത്തു പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളും യുവതാരങ്ങളില്‍ ചിലരും രോഹിത്തിനൊപ്പം നിന്നതോടെ മുംബൈ ടീമിനകത്തു രണ്ടു ഗ്രൂപ്പുകളും രൂപപ്പെടുകയായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ തമ്മില്‍ കൈയാങ്കളിയുടെ വക്കില്‍ വരെയെത്തിക്കഴിഞ്ഞുവെന്നാണ് പുതിയൊരു സംഭവം തെളിയിക്കുന്നത്.
ക്യാപ്റ്റന്‍ ഹാര്‍ദിക്കും യുവതാരമായ തിലക് വര്‍മയും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും ഒടുവില്‍ കൈയാങ്കളിയിലേക്കു നീങ്ങുമെന്നു വന്നപ്പോള്‍ രോഹിത്തും ടീമുടമകളും ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനു ശേഷമായിരുന്നു ഈ സംഭവം. കളിയില്‍ മുംബൈ പരാജയപ്പെട്ട ശേഷം തിലകിനെ ഹാര്‍ദിക് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.

257 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 10 റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 247 റണ്‍സാണ് മുംബൈയ്ക്കു നേടാനായത്. കളിയില്‍ മുംബൈയുടെ ടോപ്‌സ്‌കോററായത് 63 റണ്‍സെടുത്ത തിലകായിരുന്നു. 32 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ടീമിനായി അവസാനം വരെ പൊരുതിയിട്ടും തിലകിനെ പ്രശംസിക്കാന്‍ തയ്യാറാവാതെ കുറ്റപ്പെടുത്തുകയാണ് ഹാര്‍ദിക് ചെയ്തത്. ഡിസിയുടെ ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെതിരേ തിലക് വേണ്ടത്ര ആക്രമണോത്സുകത കാണിച്ചില്ലെന്നും ഇതാണ് തോല്‍വിക്കു കാരണമെന്നുമായിരുന്നു ഹാര്‍ദിക്കിന്റെ വിമര്‍ശനം.
ഇതിനു പിന്നാലെയാണ് മുംബൈ ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് ഹാര്‍ദിക്കും തിലകും തമ്മില്‍ രൂക്ഷമായ വാക്‌പോരില്‍ ഏര്‍പ്പെട്ടത്. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നു ബോധ്യമായതോടെ രോഹിത്തും മുംബൈ ടീമുടമകളും ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയുമായിരുന്നു.
ഈ സീസണില്‍ മുംബൈയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നാണ് ഹാര്‍ദിക്ക്. ബാറ്റിങിലും ബൗളിങിലും അദ്ദേഹം തികഞ്ഞ പരാജയമാണ്. മുംബൈയെ സംബന്ധിച്ച് ആശ്വസിക്കാന്‍ വക നല്‍കുന്ന ഏക കാര്യം തിലകിന്റെ പ്രകടനമാണ്. ഈ സീസണില്‍ മുംബൈ പതറിയപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകളുമായി ടീമിനെ രക്ഷിച്ചത് അദ്ദേഹമാണ്. സീസണില്‍ മുംബൈയുടെ ടോപ്‌സേകോററും തിലക് തന്നെയാണ്. 10 മല്‍സരങ്ങളില്‍ നിന്നും 42.87 ശരാശരിയില്‍ 153.81 സ്‌ട്രൈക്ക് റേറ്റോടെ 343 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും ഡിസിക്കെതിരായ മല്‍സരശേഷം തന്നെ മാത്രം ഹാര്‍ദിക് പരസ്യമായി വിമര്‍ശിച്ചതില്‍ തിലകിനു കടുത്ത അമര്‍ഷമുണ്ട്. ഡിസിയുമായുള്ള മല്‍സരം കഴിഞ്ഞ് ഹാര്‍ദിക്കും തിലകും ഇതേക്കുറിച്ച് സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.
ഹാര്‍ദിക്കിനെതിരേ തിലകും ആഞ്ഞടിക്കുകയായിരുന്നു. ഈ തര്‍ക്കം ഏറെ നേരം നീളുകയും ചെയ്തു. ഒടുവില്‍ ടീമംഗങ്ങളില്‍ ചിലര്‍ രോഹിത്തിനെ ഇക്കാര്യം അറിയിക്കുകയും ടീമുടമകള്‍ക്കൊപ്പം അദ്ദേഹം ഇതില്‍ ഇടപെടുകയും തര്‍ക്കം പരിഹരിക്കുകയുമായിരുന്നു. ഹാര്‍ദിക്കും തിലകും തമ്മിലുള്ള ഈ വഴക്ക് തീര്‍ച്ചയായും ഗൗരവമേറിയ വിഷയം തന്നെയാണ്. മുംബൈ ടീമിനകത്ത് എത്ര മാത്രം പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളത് എന്നതിന്റെ ചെറിയൊരു സൂചന മാത്രമാണിത്.
അടുത്ത സീസണിലും ഹാര്‍ദിക് ക്യാപ്റ്റനായി മുംബൈയില്‍ തുടര്‍ന്നാല്‍ തിലക് തീര്‍ച്ചയായും ടീം വിടാന്‍ തന്നെയാണ് സാധ്യത. തിലക് മാത്രമല്ല രോഹിത്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, നെഹാല്‍ വദേര, ആകാശ് മധ്വാള്‍ തുടങ്ങി ഒരുപാട് പേരെ അടുത്ത സീസണില്‍ മുംബൈയ്‌ക്കൊപ്പം കാണാന്‍ സാധ്യതയില്ല.