ക്രിക്കറ്റ് ലോകത്തു ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്ലിലെ കൂടുമാറ്റമാണ്. രണ്ടു സീസണുകള്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഗംഭീരമായി നയിച്ച അദ്ദേഹം അവരോടു ഗുഡ്‌ബൈ പറഞ്ഞ് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. 2022ലെ അരങ്ങേറ്റ സീസണില്‍ ജിടിയെ ചാംപ്യന്മാരാക്കിയ ഹാര്‍ദിക്ക് കഴിഞ്ഞ സീസണില്‍ ടീമിനെ റണ്ണറപ്പുമാക്കിയിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് തങ്ങളുടെ ഐക്കണ്‍ താരത്തെ മുംബൈയ്ക്കു വില്‍ക്കാന്‍ തയ്യാറായതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ജിടിയുടെ ക്രിക്കറ്റ് ഡയറക്ടറായ വിക്രം സോളങ്കിയാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ ഹാര്‍ദിക്കിനെ വില്‍ക്കാനുള്ള പ്രധാന കാരണം വിശദീകരിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യത്തെ ക്യപ്റ്റനെന്ന നിലയില്‍ രണ്ടു ഗംഭീര സീസണുകള്‍ ടീമിനു സമ്മാനിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഐപിഎല്‍ കിരീടം നേടാനും ഒരു തവണ ഫൈനലില്‍ കളിക്കാനും സാധിച്ചു. അദ്ദേഹം ഇപ്പോള്‍ തന്റെ യഥാര്‍ഥ ടീമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിപ്പോവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഹാര്‍ദിക്കിന്റെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും ഭാവി ഉദ്യമങ്ങള്‍ക്കു എല്ലാ വിധത്തിലുള്ള ആശംസകളും നേരുകയും ചെയ്യുന്നതായി സോളങ്കി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
രണ്ടു സീസണുകളിലായി ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി 31 മല്‍സരങ്ങളിലാണ് ഹാര്‍ദിക് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 37.86 ശരാശരിയില്‍ 833 റണ്‍സും 11 വിക്കറ്റുകളുമെടുക്കുകയും ചെയ്തു. 2015ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിന്റെ തുടക്കം.
ബറോഡ ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനെ അന്നു ലേലത്തില്‍ വെറും 10 ലക്ഷം രൂപയ്ക്കായിരുന്നു മുംബൈ സ്വന്തമാക്കിയത്. വളരെ വേഗത്തില്‍ മുംബൈ ടീമിലെ നിര്‍ണായക താരമായി അദ്ദേഹം വളര്‍ന്നു വരികയും ചെയ്തു. ടീമിനോടൊപ്പം നാലു ഐപിഎല്‍ കിരീട വിജയങ്ങളില്‍ പങ്കാളിയാവാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്. 2015, 2017, 2019, 2020 സീസണുകളിലായിരുന്നു ഇത്.
മുംബൈ ഇന്ത്യന്‍സിനായി 92 മല്‍സരങ്ങളിലാണ് ഹാര്‍ദിക് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 27.33 ശരാശരിയില്‍ 153.91 സ്‌ട്രൈക്ക് റേറ്റില്‍ 1476 റണ്‍സും സ്‌കോര്‍ ചെയ്തു. കൂടാതെ 42 വിക്കറ്റുകളുമായി ബൗളിങിലും തന്റെ മികവ് തെളിയിക്കാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്. പക്ഷെ 2021ലെ സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ മുംബൈ കൈവിടുകയായിരുന്നു.

പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം ഈ സമയത്തു ഹാര്‍ദിക്കിനെ വലച്ചിരുന്നു. താരത്തെ കൈവിടാന്‍ മുംബൈയെ പ്രേരിപ്പിച്ച പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു. 2021ലെ ഐപിഎല്ലില്‍ ഒരോവര്‍ പോലും ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് അദ്ദേഹം കളിച്ചത്.
2022ലെ സീസണിനു മുമ്പാണ് ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഐപിഎല്ലിന്റെ ഭാഗമായത്. ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റില്‍ നിന്നും മെഗാ ലേലത്തിനു മൂന്നു കളിക്കാരെ വാങ്ങാന്‍ ഈ ടീമുകള്‍ക്കു അനുമതിയുണ്ടായിരുന്നു.
തുടര്‍ന്നാണ് ഹാര്‍ദിക്കിനെ ജിടി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. മറ്റു രണ്ടു പേര്‍ ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും അഫ്ഗാനിസ്താന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനുമായിരുന്നു. ടീമിലെത്തിച്ചതിനു പിന്നാലെ നായകസ്ഥാനവും ഹാര്‍ദിക്കിനെ ഫ്രാഞ്ചൈസി ഏല്‍പ്പിക്കുകയായിരുന്നു.