ബെംഗളൂരു: ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണത്തെ ഐപിഎല്ലില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ 2022ല്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണ റണ്ണറപ്പുമായ ടീം ഇത്തവണ പ്ലേഓഫ് പോലുമെത്തുമോയെന്ന കാര്യം സംശയമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള നിര്‍ണായക മല്‍സരത്തിലും ജിടി ബാക്ക്ഫൂട്ടിലാണുള്ളത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്ലോ ബാറ്റിങാണ് ജിടി തുടക്കത്തില്‍ കാഴ്ചവച്ചത്.
അവസാനമായി ആര്‍സിബിയോടു ഏറ്റുമുട്ടിയപ്പോഴും ജിടിയുടെ തുടക്കം പാളിയിരുന്നു. ഇത്തവണയും ജിടി ഇതാവര്‍ത്തിക്കുകയും ചെയ്തു. പവര്‍പ്ലേയില്‍ മറ്റു ടീമുകളെല്ലാം ഫോറും സിക്‌സുകളുമെല്ലാം വാരിക്കൂട്ടി മുന്നേറുമ്പോള്‍ ജിടിയുടെ ബാറ്റിങ് പരിതാപകരമായിരുന്നു. വെറും രണ്ടു ഫോറുകള്‍ മാത്രമാണ് ആദ്യത്തെ 30 ബോളില്‍ ജിടിക്കു പായിക്കാനായത്. നേടിയതാവട്ടെ വെറും 23 റണ്‍സ് മാത്രം. ഇതിനിടെ മൂന്നു വിക്കറ്റുകള്‍ അവര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

ഈ സീസണില്‍ ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും വെറ്ററന്‍ താരവും വിക്കറ്റ് കീപ്പറുമായ വൃധിമാന്‍ സാഹയ്ക്കു ജിടി വീണ്ടുമൊരു അവസരം കൂടി ഈ കളിയില്‍ നല്‍കുകയായിരുന്നു. പക്ഷെ നന്നാവാന്‍ തനിക്കു ഉദ്ദേശമില്ലെന്നു ഉറപ്പിച്ചു പോലെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. സ്പിന്നര്‍ സ്വപ്നില്‍ സിങാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. ജിടിക്കു നേടാനായത് ഒരേയൊരു റണ്‍സ് മാത്രം.
മുഹമ്മദ് സിറാജെറിഞ്ഞ അടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ സാഹ (ഏഴു ബോളില്‍ 1) പുറത്താവുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്ത് സിറാജൊരുക്കിയ കെണിയില്‍ താരം വീഴുകയായിരുന്നു. അവസാന നിമിഷം ഒരു കട്ട് ഷോട്ടിനാണ് സാഹ ശ്രമിച്ചത്. പക്ഷെ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കൈകളിലേക്കു വന്നു. ഈ ഓവറില്‍ രണ്ടു റണ്‍സ് മാത്രമേ ജിടിക്കു ലഭിച്ചുള്ളൂ. മൂന്നാമത്തെ ഓവറില്‍ യഷ് ദയാലിനെ ആര്‍സിബി കൊണ്ടുവന്നു.

പക്ഷെ നായകന്‍ ഗില്ലും പുതുതായി ക്രീസിലെത്തിയ സായ് സുദര്‍ശനും റണ്ണെടുക്കാനാവാതെ പതറുന്നതാണ് കണ്ടത്. നാലു റണ്‍സ് മാത്രമേ ഓവറില്‍ വന്നുള്ളൂ. നാലാമത്തെ ഓവര്‍ സിറാജിനായിരുന്നു. റണ്ണെടുക്കാന്‍ പാടുപെട്ട് ക്രീസില്‍ തപ്പിത്തടഞ്ഞ നായകന്‍ ഗില്ലിനെ (ഏഴു ബോളില്‍ 2) അഞ്ചാമത്തെ ബോളില്‍ സിറാജ് വീഴ്ത്തുകയും ചെയ്തു. ഷോട്ടിനു തുനിഞ്ഞ ഗില്ലിനു ടൈമിങ് പാളിയപ്പോള്‍ എഡ്ജായ ബോള്‍ ഡീപ്പ് പോയിന്റില്‍ വിജയ്കുമാര്‍ വൈശാഖ് പിടികൂടുകയായിരുന്നു.
ആദ്യ 23 ബോളിലും ഫോറോ, സിക്‌സറോയില്ലാതെ വെള്ളം കുടിച്ച ജിടിയുടെ മാനംകാക്കാന്‍ ഒടുവില്‍ ഷാരൂഖ് ഖാന്‍ വേണ്ടി വന്നു. ഗില്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷാരൂഖ് ആദ്യ ബോളില്‍ തന്നെ ബൗണ്ടറി പായിക്കുകയായിരുന്നു. ഇന്‍സൈഡ് എഡ്ജായ ബോള്‍ ഫൈന്‍ ലെഗിലൂടെയാണ് ഫോറിലേക്കു നീങ്ങിയത്. ഈ ഓവറില്‍ വന്നത് ഏഴു റണ്‍സ്.
ദയാലെറിഞ്ഞ അഞ്ചാം ഓവറില്‍ നാലു റണ്‍സ് മാത്രമേ ജിടി നേടിയുള്ളൂ. പവര്‍പ്ലേയിലെ അവസാനത്തെ ഓവര്‍ കാമറൂണ്‍ ഗ്രീനിന് ആയിരുന്നു. മൂന്നാമത്തെ ബോളില്‍ സുദര്‍ശനെയും (14 ബോളില്‍ 6) നഷ്ടമായതോടെ ജിടി കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. പവര്‍പ്ലേയില്‍ ജിടിയുടെ രണ്ടാമത്തെ ഫോര്‍ വന്നത് ഈ ഓവറില്‍ തന്നെ. അവസാന ബോളില്‍ ഡേവിഡ് മില്ലറാണ് ഫോര്‍ പായിച്ചത്.