ഐപിഎല്ലിന്റെ 17ാം സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ മിന്നുന്ന പ്രകടനത്തോടെ മുംബൈ ഇന്ത്യന്‍സ് ക്യാംപിനെ ആവേശത്തിലാക്കിയിരിക്കുകയാണ് പുതിയ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ആദ്യമായി കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ഹാര്‍ദിക് മിന്നുന്ന പ്രകടനത്തോടെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയണ്. ഡിവൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് അദ്ദേഹം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്.
പൂര്‍ണ ഫിറ്റ്നസോടെ മുംബൈയെ ഐപിഎല്ലില്‍ നയിക്കാന്‍ താന്‍ സജ്ജനാണെന്നു ബൗളിങില്‍ കസറിയ ഹാര്‍ദിക് തെളിയിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ റിലയന്‍സ് 1 എന്ന ടീമിനെയാണ് അദ്ദേഹം നയിച്ചത്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്കിന്റെ ടീമംഗങ്ങളായ തിലക് വര്‍മ, നെഹാല്‍ വദേര, ആകാശ് മധ്വാള്‍, പിയൂഷ് ചൗള എന്നിവരും ഈ ടീമിന്റെ ഭാഗമായിരുന്നു.

Screenshot
രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു പ്രതിക്കൂട്ടിലായ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. പക്ഷെ ഹാര്‍ദിക് ക്യാപ്റ്റനായ റിലയന്‍സ് 1 ടീമിനു വേണ്ടിയല്ല മറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ടീമിനു വേണ്ടിയാണ് ഇഷാന്‍ കളിച്ചേക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വന്തം ടീമിനു വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. മൂന്നോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 22 റണ്‍സ് വിട്ടുകൊടുത്ത ശേഷം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഇന്ത്യയുടെ മുന്‍ താരം രാഹുല്‍ ത്രിപാഠിയടക്കം ഹാര്‍ദിക് പുറത്താക്കിയവരുടെ കൂട്ടത്തിലുണ്ട്. ഡെക്കായാണ് ത്രിപാഠി മടങ്ങിയയത്. ആദ്യ രണ്ടോവറില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ഹാര്‍ദിക് മൂന്നാം ഓവറില്‍ രണ്ടു പേരെ പുറത്താക്കി എതിര്‍ ടീമിനെ ഞെട്ടിക്കുകയായിരുന്നു.
ബൗളിങില്‍ ഹാര്‍ദിക്കിന്റെ ഈ പ്രകടനം വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ തീര്‍ച്ചയായും മുംബൈയ്ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. ബാറ്റിങിനൊപ്പം ബൗളിങിലും മുംബൈയ്ക്കു വേണ്ടി കസറാന്‍ തനിക്കാവുമെന്നു മടങ്ങിവരവിലെ ആദ്യ കളിയില്‍ തന്നെ അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിക്കുന്നതിനിടെയാണ് ഹാര്‍ദിക്കിനു പരിക്കേല്‍ക്കുന്നത.
ബംഗ്ലാദേശുമായുള്ള ലീഗ് ഘട്ടത്തിലെ മല്‍സരത്തിനിടെ ബൗളിങിനു ശേഷം ഫോളോത്രൂയ്ക്കിടെ കാല്‍ കൊണ്ട് ഷോട്ട് തടുക്കാന്‍ ശ്രമിക്കവെ ഹാര്‍ദിക് അടിതെറ്റി താഴെ വീഴുകയായിരുന്നു. കണംകാലിനു പരിക്കേറ്റ അദ്ദേഹം തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയും ചെയ്തു. അതിനു ശേഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരുമായുള്ള പരമ്പരകളെല്ലാം ഹാര്‍ദിക്കിനു നഷ്ടമാവുകയും ചെയ്തു.

ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തിനു തൊട്ടുമുമ്പായിരുന്നു ട്രേഡ് വിന്‍ഡോയില്‍ തികച്ചും അപ്രതീക്ഷിതമായി ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സ് ടീം വിട്ടത്. രണ്ടു സീസണുകള്‍ ജിടിയെ ഗംഭീരമായി നയിച്ച ശേഷമാണ് അദ്ദേഹം പഴയ തട്ടകത്തിലേക്കു മടങ്ങിയെത്തിയത്. 2022ല്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ ഹാര്‍ദിക് കഴിഞ്ഞ തവണ ജിടിയെ റണ്ണറപ്പാക്കുകയും ചെയ്തു. അതിനു ശേഷമാണ് ജിടി വിട്ട അദ്ദേഹം മുംബൈയിലേക്കു മടങ്ങിയെത്തിയത്.
ദിവസങ്ങള്‍ക്കം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ച ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനായി ചുമതലയേല്‍ക്കുകയും ചെയ്തു. രോഹിത്തിന്റെ ക്യാപ്റ്റന്‍സി തട്ടിയെടുത്തതിനു ശേഷം ഹാര്‍ദിക്കിനു ഹേറ്റേഴ്‌സും കൂടിയിരിക്കുകയാണ്. രോഹിത് ഫാന്‍സ് മുഴുവന്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരായിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈയെ നയിക്കാനിറവെ അവരില്‍ നിന്നും പരിഹാസവും വിമര്‍ശനങ്ങളുമെല്ലാം ഹാര്‍ദിക്കിനു ഏറ്റുവാങ്ങേണ്ടിയും വന്നേക്കും.