ചെന്നൈ: കാത്തിരിപ്പിന് വിരാമമിട്ട് 10 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. ഗൗതം ഗംഭീര്‍ ക്യാപ്്റ്റനായിരിക്കെ രണ്ട് തവണ കെകെആറിനെ കിരീടത്തിലേക്കെത്തിച്ചിരുന്നു. ഇതിന് ശേഷം കെകെആറിന് കിരീടമെന്നത് സ്വപ്‌നമായി ശേഷിക്കുകയായിരുന്നു. ഇപ്പോള്‍ ഗംഭീര്‍ ഉപദേഷ്ടാവായി തിരിച്ചെത്തിയതോടെ വീണ്ടും കിരീടത്തിലേക്കെത്താന്‍ കെകെആറിന് സാധിച്ചിരിക്കുകയാണ്.
സീസണിലുടെനീളം സര്‍വാധിപത്യം കാട്ടിയ കെകെആര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലേക്കെത്തിയത്. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തകര്‍ത്ത് ഫൈനല്‍ ടിക്കറ്റെടുത്ത കെകെആര്‍ ഫൈനലിലും ഹൈദരാബാദിനെ തകര്‍ത്ത് കപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. കെകെആര്‍ ആരാധകരെ സംബന്ധിച്ച് ആവേശ നിമിഷങ്ങളായിരുന്നു ഇത്. ഗംഭീറിന്റെ സ്വാധീനമാണ് ഇടവേളക്ക് ശേഷം കെകെആറിനെ കപ്പിലേക്കെത്തിച്ചത്.
ഇപ്പോഴിതാ കെകെആറിന്റെ ജയത്തിന് പിന്നാലെ ഗൗതം ഗംഭീര്‍ നടത്തിയ ആഘോഷം വൈറലായിരിക്കുകയാണ്. സീറ്റില്‍ നിന്നെഴുന്നേറ്റ് ഗംഭീര്‍ തുള്ളിച്ചാടി. ആവേശത്തോടെ അലറി. ഇടവേളക്ക് ശേഷം ഗംഭീറിനെ ഇത്രയും സന്തോഷത്തോടെ കണ്ടിട്ടില്ലെന്ന് തന്നെ പറയാം. പഴയ നായകന്റെ വീര്യം വീണ്ടും കണ്ടു. കെകെആറിനെ രണ്ട് തവണ കപ്പിലേക്കെത്തിച്ച ഗംഭീറിന്റെ സാന്നിധ്യമാണ് വീണ്ടും കിരീടം സ്വന്തമാക്കാന്‍ കെകെആറിന് കരുത്തായത്.
മത്സരത്തിന് ശേഷം കെകെആര്‍ താരങ്ങളെല്ലാം ഗംഭീറിനൊപ്പമാണ് ആഘോഷം നടത്തിയത്. റിങ്കു സിങ് ഗംഭീറിന്റെ കാലില്‍ തൊട്ട് സന്തോഷം പങ്കുവെച്ചപ്പോള്‍ സുനില്‍ നരെയ്ന്‍ ഗംഭീറിനെ എടുത്തുയര്‍ത്തിയാണ് ആഘോഷം നടത്തിയത്. ടീം ഉടമയായ ഷാരൂഖ് ഖാന്‍ ഗംഭീറിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാണ് സന്തോഷം പങ്കുവെച്ചത്. വലിയ വെല്ലുവിളിയില്ലാതെ തന്നെ കെകെആറിന് കിരീടത്തിലേക്കെത്താന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം പന്തെറിഞ്ഞ കെകെആര്‍ തുടക്കം മുതല്‍ ആധിപത്യം കാട്ടി. ആദ്യ ഓവറില്‍ത്തന്നെ അഭിഷേക് ശര്‍മയെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഹൈദരാബാദിന് ആദ്യ പ്രഹരം നല്‍കി. പിന്നീട് ഹൈദരാബാദിന്റെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. കെകെആര്‍ ബൗളര്‍മാര്‍ ഹൈദരാബാദിനെ പൂട്ടിക്കെട്ടി. ട്രാവിസ് ഹെഡ് ഗോള്‍ഡന്‍ ഡെക്കായി. സ്റ്റാര്‍ക്കിനെ ഭയന്ന് ആദ്യ ഓവറില്‍ സ്‌ട്രൈക്ക് ചെയ്യാതിരുന്ന ഹെഡിനെ വൈഭവ് അറോറ രണ്ടാം ഓവറില്‍ മടക്കുകയായിരുന്നു.
അവസാന നാല് മത്സരത്തില്‍ മൂന്നാം തവണയാണ് ഹെഡ് ഡെക്കായത്. ആദ്യ ക്വാളിഫയറിലും ഹെഡ് ഡെക്കായിരുന്നു. ലീഗ് ഘട്ടത്തിലെ മിന്നും ഫോം ഹെഡിന് നഷ്ടമായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. കെകെആര്‍ ബൗളര്‍മാരെല്ലാം മികച്ച് നിന്നു. ആന്‍ഡ്രേ റസല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വൈഭവ് അറോറ, ഹര്‍ഷല്‍ പട്ടേല്‍ എന്നീ യുവ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് അനുഭവസമ്പത്ത് മുതലാക്കി കളിച്ചു.
ഇത്തവണ ടീമെന്ന നിലയില്‍ വലിയ ഐക്യത്തോടെ കളിക്കാന്‍ കെകെആറിനായി. ഇതിന് കാരണമായത് ഗൗതം ഗംഭീറാണെന്ന് പറയാം. അവസാന സീസണ്‍വരെ ഈ ഒത്തിണക്കം കെകെആറിനില്ലായിരുന്നു. മികച്ച താരനിര കെകെആറിനൊപ്പമുണ്ടായിരുന്നെങ്കിലും ഇതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലായിരുന്നു. പ്രധാനമായും ആന്‍ഡ്രേ റസലിന്റെ പ്രകടനം. മികച്ച ഓള്‍റൗണ്ടറായിട്ടും അവസാന സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ റസലിന് സാധിച്ചിരുന്നില്ല.
എന്നാല്‍ ഗംഭീര്‍ വന്നതോടെ റസല്‍ വീണ്ടും ടീമിന്റെ മാച്ച് വിന്നറായി. ഗംഭീര്‍ വന്നതോടെ വീണ്ടും സുനില്‍ നരെയ്ന്‍ ഓപ്പണിങ്ങിലേക്കെത്തി. ഒരു സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവാന്‍ നരെയ്‌നായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ സുനില്‍ നരെയ്‌ന് സാധിച്ചു. എന്തായാലും ഗംഭീറിന്റെ വരവാണ് കെകെആറിനെ മൂന്നാം കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായതെന്ന് പറയാം.