Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കെകെആര്‍ ഫാന്‍സ് ഹാപ്പി, കപ്പടിപ്പിക്കാന്‍ ഗംഭീറെത്തുന്നു! പുതിയ ദൗത്യം ഇതാണ്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024ലെ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനാവാന്‍ ഗംഭീര്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രിക്ക് ബസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഗംഭീര്‍ തന്റെ മുന്‍ ടീമായി കെകെആറിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നത്.

നിലവില്‍ കെ എല്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്ററാണ് ഗംഭീര്‍. 2022ലെ സീസണിലൂടെയാണ് ലഖ്‌നൗ അരങ്ങേറ്റം കുറിച്ചത്. രണ്ട് സീസണിലും ലഖ്‌നൗ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കപ്പിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നില്ല. ഇതോടെ പരിശീലക സംഘത്തില്‍ വലിയ അഴിച്ചുപണിക്ക് ലഖ്‌നൗ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഓസീസ് താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറെ മുഖ്യ പരിശീലകനാക്കി ലഖ്‌നൗ നിയമിച്ച് കഴിഞ്ഞു.

ലാംഗറെത്തിയതോടെ ഗംഭീറിന് ടീമില്‍ വലിയ റോളുണ്ടാവില്ല. അതുകൊണ്ടുതന്നെ ഗംഭീര്‍ ടീം വിടാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നാണ് വിവരം. ഗംഭീറും കെകെആര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിലേക്കെത്തിയിട്ടില്ല. കെകെആര്‍ ഐപിഎല്ലില്‍ രണ്ടു തവണയാണ് ചാമ്പ്യന്മാരായത്. രണ്ടു തവണയും നായകനായത് ഗംഭീറായിരുന്നു. ഗംഭീറിന് ശേഷം പലരും ക്യാപ്റ്റനായെത്തിയിട്ടും ടീമിനെ കപ്പടിപ്പിക്കാനായില്ല.

അതുകൊണ്ടുതന്നെ മുന്‍ നായകനായ ഗംഭീറിനെ പരിശീലകനായെത്തിച്ച് കപ്പടിക്കാമെന്ന കണക്കുകൂട്ടലിലാണ് കെകെആര്‍. ഗംഭീറും കെകെആറിലേക്ക് പോകാന്‍ താല്‍പര്യം കാട്ടിയേക്കും. ഗംഭീറിന് വൈകാരികമായി വളരെ അടുപ്പമുള്ള ടീമാണ് കെകെആര്‍. 2011 മുതല്‍ 2017വരെയാണ് ഗംഭീര്‍ കെകെആറിനായി കളിച്ചത്. 2012ലും 2014ലുമാണ് ഗംഭീറിന് കീഴില്‍ കെകെആര്‍ കപ്പടിച്ചത്. ഗംഭീര്‍ ടീം വിട്ടതിന് ശേഷം 2021ല്‍ ഫൈനല്‍ കളിക്കാന്‍ കെകെആറിന് സാധിച്ചെങ്കിലും സിഎസ്‌കെയോട് തോറ്റു.

gautam gambhir

നിലവില്‍ പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ടീമാണ് കെകെആര്‍. നിരവധി പ്രശ്‌നങ്ങള്‍ ടീമിനെ വേട്ടയാടുന്നുണ്ട്. മികച്ച ടീമിനെ സൃഷ്ടിച്ച് ഒത്തിണക്കമുള്ള പഴയ കെകെആറിന്റെ നിലവാരത്തിലേക്കെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തമാവും ഗംഭീര്‍ ഏറ്റെടുക്കേണ്ടി വരിക. നിലവില്‍ ശ്രേയസ് അയ്യരാണ് കെകെആറിന്റെ നായകന്‍. അവസാന സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ശ്രേയസ് കളിച്ചിരുന്നില്ല. പകരം നിധീഷ് റാണയാണ് കെകെആറിനെ നയിച്ചത്.

റാണക്ക് കീഴില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ കെകെആറിനായില്ല. അവസാന സീസണില്‍ ഏഴാം സ്ഥാനത്താണ് കെകെആര്‍ ഫിനിഷ് ചെയ്തത്. മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ പോലും കെകെആറിനായില്ല. ചന്ദ്രകാന്ത് പണ്ഡിറ്റാണ് കെകെആറിന്റെ നിലവിലെ പരിശീലകന്‍. ഓപ്പണിങ്ങില്‍ ഉള്‍പ്പെടെ നിരവധി പരീക്ഷണം നടത്തിയെങ്കിലും ടീമിനെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ടുതന്നെ ടീമില്‍ ഉടച്ചുവാര്‍ക്കലുറപ്പാണ്.

സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, ഷക്കീബ് അല്‍ ഹസന്‍ എന്നീ സീനിയര്‍ താരങ്ങളെ വേണ്ടവിധം കെകെആറിന് ഉപയോഗപ്പെടുത്താനാവുന്നില്ല. മന്ദീപ് സിങ്, നാരായണ്‍ ജഗദീശന്‍, ലിറ്റന്‍ ദാസ്, ഉമേഷ് യാദവ്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെയെല്ലാം കെകെആര്‍ പുറത്താക്കാനാണ് സാധ്യത. നായകനായി ശ്രേയസ് അയ്യര്‍ തുടര്‍ന്നേക്കും. ബാറ്റിങ് നിരയില്‍ ആവശ്യത്തിന് കരുത്ത് കെകെആറിനുണ്ട്. എന്നാല്‍ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ആവുന്നില്ല.

ഗംഭീറെത്തിയാല്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവും. ബൗളിങ് നിരയാണ് കെകെആറിന് മെച്ചപ്പെടുത്തേണ്ടത്. പുതിയ താരങ്ങളെ കെകെആറിന് ടീമിലെത്തിക്കേണ്ടതായുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും വലിയ മാറ്റം വരുത്തിയേക്കും. ലഖ്‌നൗവിലേക്ക് ചില ഓസീസ് താരങ്ങളെയെത്തിക്കാന്‍ ലാംഗര്‍ തയ്യാറായേക്കും. ആഷ്ടന്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, ട്രവിസ് ഹെഡ്, ആന്‍ഡ്രേ ടൈ എന്നിവരെയെല്ലാം ലാംഗര്‍ ലഖ്‌നൗവിലേക്കെത്തിക്കാന്‍ ശ്രമിച്ചേക്കും.

Story first published: Saturday, July 15, 2023, 18:00 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+