കൊല്‍ക്കത്ത: സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആര്‍ ഒമ്പതോവര്‍ കഴിയുമ്പോള്‍ നാലു വിക്കറ്റിനു 66 റണ്‍സെന്ന നിലയില്‍ വിയര്‍ക്കുകയാണ്. 33 റണ്‍സോടെ ഫില്‍ സാള്‍ട്ടും 12 റണ്‍സുമായി രമണ്‍ദീപ് സിങുമാണ് ക്രീസില്‍.
ആരാധകരെ ഞെട്ടിച്ചുകൊണ്ട് സര്‍പ്രൈസ് ഓപ്പണിങ് കോമ്പിനേഷനെയാണ് കെകെആര്‍ പരീക്ഷിച്ചത്. കഴിഞ്ഞ സീസണില്‍ ഓപ്പണിങില്‍ കസറിയ അഫ്ഗാനിസ്താന്‍ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ പുറത്തിരുത്തിയാണ് കെകെആര്‍ കളിച്ചത്. ടീമിന്‍റെ മുഖ്യ ഉപദേശകനായി എത്തിയ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗൗതം ഗംഭീറീന്റെ ഈ നീക്കം വന്‍ പരാജയവുമായി മാറി.

ഗുര്‍ബാസിനു പകരം വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ ഓപ്പണിങില്‍ പരീക്ഷിക്കുകയായിരുന്നു. നേരത്തേ ഗംഭീര്‍ നായകനായിരിക്കെ ഓപ്പണിങില്‍ മിന്നുന്ന പ്രകടനം നടത്തിയ താരമാണ് നരെയ്‌നെങ്കിലും ഇപ്പോള്‍ ഈ റോളില്‍ താരം ഒട്ടും അനുയോജ്യനല്ല. കഴിഞ്ഞ കുറച്ചു സീസണുകളായി ഓപ്പണറായി നരെയ്ന്‍ കളിക്കാറുമില്ല. എന്നിട്ടും ഗംഭീര്‍ ഇത്തരമൊരു ചൂതാട്ടത്തിനു മുതിരുകയായിരുന്നു.
പക്ഷെ നാലു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത നരെയ്ന്‍ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. പുതുതായി ടീമിലേക്കു വന്ന ഫില്‍ സാള്‍ട്ടിനോടൊപ്പമാണ് നരെയ്ന്‍ ഓപ്പണ്‍ ചെയ്യാനെത്തിയത്. പക്ഷെ നേരിട്ട ആദ്യ ബോള്‍ മുതല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ഒട്ടും ഒഴുക്കുള്ളതായിരുന്നില്ല. ഐപിഎല്ലില്‍ ഹൈദരാബാദിനെതിരേ ബാറ്റിങില്‍ വളരെ മോശം റെക്കോര്‍ഡാണ് നരെയ്‌നുള്ളത്. ഇതു വകവയ്ക്കാതെയാണ് ഗംഭീര്‍ അദ്ദേഹത്തെ ക്രീസിലേക്കു അയച്ചത്.
ഹൈദരാബാദിനെതിരേ ടൂര്‍ണമെന്റില്‍ 100നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരങ്ങളെയെടുത്താല്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ളത് നരെയ്‌നാണന്നു കാണാം. വെറും 9.64 മാത്രമേ ഓറഞ്ച് ആര്‍മിക്കെതിരേ അദ്ദേഹത്തിനു ശരാശരിയുള്ളൂ.
ഇങ്ങനെയൊരാളെ ഗംഭീര്‍ എന്തിനാണ് ഓപ്പണറായി കളിപ്പിച്ചതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ദയനീയ ബാറ്റിങ് ശരാശരിയും ഐപിഎല്ലില്‍ ദീര്‍ഘകാലമായി ഓപ്പണറായി കളിക്കുന്നില്ലെന്നതും കണക്കിലെടുത്താല്‍ ഗംഭീറെടുത്ത തീരുമാനം വന്‍ മണ്ടത്തരം തന്നെയാണെന്നു ഉറപ്പിച്ചു പറയാം.

മാര്‍ക്കോ യാന്‍സണെറിഞ്ഞ രണ്ടാമത്തെ ഓവറില്‍ തന്നെ നരെയ്ന്‍ റണ്ണൗട്ടായിരുന്നു. ഈ ഓവറിലെ മൂന്ന് മുതല്‍ അഞ്ചു വരെയുള്ള ബോളുകളില്‍ സാള്‍ട്ട് സിക്‌സറുകള്‍ വാരിക്കൂട്ടിയിരുന്നു. കാര്യങ്ങള്‍ കെകെആറിന്റെ വഴിക്കാണ് വരുന്നതെന്നു തോന്നിക്കവെയാണ് ഓവറിലെ അവസാന ബോളില്‍ നരെയ്‌ന്റെ അപ്രതീക്ഷിത റണ്ണൗട്ട്. തികച്ചും അലസമായ താരത്തിന്റെ സമീപനവും പുറത്താവലിനു കാരണമായി.
സാള്‍ട്ടായിരുന്നു സ്‌ട്രൈക്ക് നേരിട്ടത്. ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു താരം ഷോട്ട് കളിക്കുകയും ചെയ്തു. ഈ ബോള്‍ എങ്ങോട്ടാണ് പോവുകയെന്നാണ് സാള്‍ട്ട് ശ്രദ്ധിച്ചത്. ബാറ്റിങ് പങ്കാളിയില്‍ നിന്നും സിംഗിളിനായി കോള്‍ ലഭിക്കും മുമ്പ് തന്നെ നരെയ്ന്‍ ഓടിത്തുടങ്ങിയിരുന്നു. പക്ഷെ ബോള്‍ നേരെ ഫീല്‍ഡര്‍ ഷഹബാസ് അഹമ്മദിന്റെ കൈയിലേക്കാണ് വന്നത്.
ഇതിനിടെ നരെയ്ന്‍ ഏറെക്കുറെ മധ്യത്തിലെത്തുകയും ചെയ്തിരുന്നു. പക്ഷെ തിരികെ അതിവേഗം ഓടാനോ, ഡൈവ് ചെയ്യാനോയുള്ള ശ്രമം പോലും നരെയ്ന്‍ നടത്തിയില്ല. അപ്പോഴേക്കും ഷഹബാസിന്റെ നേരിട്ടുള്ള ത്രോ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റുകളില്‍ പതിച്ചിരുന്നു. ഇതോടെ നരെയ്ന്‍ നിരാശനായി ക്രീസ് വിടുകയുമായിരുന്നു.