ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഇന്ത്യയുടെ 360 ബാറ്ററായ സൂര്യകുമാര്‍ യാദവ്. ടി20യില്‍ ലോക റാങ്കില്‍ നമ്പര്‍ വണ്‍ സ്ഥാനത്തു നില്‍ക്കുന്ന ബാറ്റര്‍ കൂടിയാണ് സ്‌കൈ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള തീപ്പൊരി ഇന്നിങ്‌സുകളാണ് സൂര്യയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. വളരെ പെട്ടെന്നു തന്നെ ലോക ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി അദ്ദേഹം മാറുകുയും ചെയ്തു. മുംബൈ ടീമിലെത്തുന്നതിനു മുമ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു സ്‌കൈ.
നിലവില്‍ ടീമിന്റെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുന്ന ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ് കെകെആറില്‍ സൂര്യ കളിച്ചിട്ടുള്ളത്. ഗംഭീറിനു കീഴില്‍ കെകെആര്‍ രണ്ടു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരാവുകയും ചെയ്തിട്ടുണ്ട്. ഏഴു വര്‍ഷമാണ് അദ്ദേഹം ടീമിനെ നയിച്ചത്. കെകെആറിന്റെ നായകനെന്ന നിലയില്‍ തന്നെ ദുഖിപ്പിക്കുന്ന ഒരേയൊരു കാര്യം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീര്‍.

2012ല്‍ മുംബൈയിലൂടെയാണ് സൂര്യ ഐപിഎല്ലില്‍ അരങ്ങേറിയത്. എന്നാല്‍ ഒരു മല്‍സരത്തില്‍ മാത്രം കളിപ്പിച്ച അദ്ദേഹത്തെ സീസണിനു ശേഷം മുംബൈ ഒഴിവാക്കി. 2014ലാണ് സൂര്യ കെകെആറിനോടൊപ്പം ചേര്‍ന്നത്. 2017വരെ അദ്ദേഹം അവര്‍ക്കു വേണ്ടി കളിക്കുകയും ചെയ്തു. കെകെആര്‍ കൈവിട്ടതോടെയാണ് 2018ലെ ലേലത്തില്‍ സൂര്യയെ മുംബൈ തിരികെ വാങ്ങിയത്.
ഇതു അദ്ദേഹത്തിന്റെ തലവര തന്നെ മാറ്റുകയും ചെയ്യുകയായിരുന്നു. കെകെആറിനു വേണ്ടി കൂടുതലും ലോവര്‍ ഓര്‍ഡറിലാണ് സൂര്യ ബാറ്റ് ചെയ്തിട്ടുള്ളത്. നാലു വര്‍ഷം അവര്‍ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹം 54 മല്‍സരങ്ങളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 608 റണ്‍സ് നേടുകയും ചെയ്തു.
സൂര്യയുടെ യഥാര്‍ഥ പ്രതിഭ മനസ്സിലാക്കാനോ, അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കാനോ സാധിക്കാതെ പോയതാണ് മുന്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്നെ വേദനിപ്പിക്കുന്ന ഏക കാര്യമെന്നാണ് ഗംഭീര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു താരത്തിന്റെ ഏറ്റവും മികച്ച കഴിവ് തിരിച്ചറിയുകയെന്നതാണ് ഒരു ലീഡറുടെ റോള്‍. അതു ലോകത്തിനു കാണിച്ചു കൊടുക്കുകയും വേണം.

ഏഴു വര്‍ഷത്തെ ക്യാപ്റ്റന്‍സിയില്‍ എന്നെ ദുഖിപ്പിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ സൂര്യകുമാര്‍ യാദവിന്റെ കഴിവ് ഏറ്റവും നന്നായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നതാണ്. ടീം കോമ്പിനേഷനുകളായിരുന്നു ഇതിനു കാരണം. മൂന്നാം നമ്പറില്‍ നിങ്ങള്‍ക്കു ഒരാളെ മാത്രമേ ബാറ്റ് ചെയ്യിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു ലീഡറെന്ന നിലയില്‍ ഇലവനിലെ മറ്റു 10 താരങ്ങളെക്കുറിച്ചും നിങ്ങള്‍ക്കു ചിന്തിക്കേണ്ടതുണ്ട്. മൂന്നാം നമ്പറില്‍ സൂര്യ കൂടുതല്‍ ഇംപാക്ടുണ്ടാക്കുമായിരുന്നു. പക്ഷെ ഏഴാം നമ്പറിലും മോശമായിരുന്നില്ലെന്നും ഗംഭീര്‍ വിശദമാക്കി.
സൂര്യകുമാര്‍ യാദവ് മികച്ചൊരു ടീം പ്ലെയര്‍ കൂടിയാണെന്നും ഈ കാരണത്താലാണ് 2015ല്‍ കെകെആറിന്റെ വൈസ് ക്യാപ്റ്റന്‍സി നല്‍കിയതെന്നും അദ്ദേഹം പറയുന്നു. സൂര്യ നല്ലൊരു ടീം പ്ലെയറും കൂടിയാണ്. ആര്‍ക്കും മികച്ച താരമാവാം, പക്ഷെ ടീം മാന്‍ ആവുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
സൂര്യയെ നിങ്ങള്‍ ആറാം നമ്പറിലോ, ഏഴാം നമ്പറിലോ കളിപ്പിച്ചാലും അല്ലെങ്കില്‍ പുറത്ത് ഇരുത്തിയാലും അവന്‍ എല്ലാത്തിനെയും ചിരിയോടെ സ്വീകരിക്കും. ടീമിനു വേണ്ടി പെര്‍ഫോം ചെയ്യാന്‍ സൂര്യ എല്ലായ്‌പ്പോഴും തയ്യാറായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ വൈസ് ക്യാപ്റ്റനായി അന്നു നിയമിച്ചതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.