കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മൂന്നാം ഐപിഎല്‍ കിരീട വിജയത്തോടെ 17ാമത് ഐപിഎല്‍ സീസണിനു തിരശീല വീണിരിക്കുയാണ്. നിരവധി താരങ്ങളുടെ ഗംഭീര പ്രകടനങ്ങള്‍ക്കു ഈ സീസണ്‍ സാക്ഷിയായിരുന്നു. ചിലര്‍ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനം തന്നെ കാഴ്ച വച്ചപ്പോള്‍ മറ്റു ചിലരാവട്ടെ വലിയ ദുരന്തവുമായി തീര്‍ന്നു. കഴിഞ്ഞ ലേലത്തില്‍ റെക്കോര്‍ഡ് തുക ലഭിച്ച താരങ്ങളായ മിച്ചെല്‍ സ്റ്റാര്‍ക്കും (24.75 കോടി) പാറ്റ് കമ്മിന്‍സും (20.5 കോടി) ഈ മൂല്യത്തിനൊത്ത പ്രകടനം തന്നെ കാഴ്ചവച്ചു.
ആദ്യ ക്വാളിഫയറിലും ഫൈനലിലുമെല്ലാം സ്റ്റാര്‍ക്ക് പ്ലെയര്‍ ഓഫ് ദി മാച്ചായപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലിലെത്തിച്ചാണ് ക്യാപ്റ്റന്‍ കമ്മിന്‍സ് കൈടയടി വാങ്ങിയത്. എന്നാല്‍ ലേലത്തില്‍ ഏറ്റലും കുറഞ്ഞ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു ടീമിലെത്തി കളിക്കളത്തില്‍ കോടിക്കിലുക്കമുള്ള പ്രകടനത്തിലൂടെ ഞെട്ടിച്ച ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള നാലു പേരെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. സീസണിനു ശേഷം ടീമുകള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ അടുത്ത മെഗാ ലേലത്തില്‍ ഇവര്‍ക്കു കോടികള്‍ തന്നെ ലഭിച്ചേക്കും. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ യുവതാരം സായ് സുദര്‍ശനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ജിടി ബാറ്റിങിലെ നട്ടെല്ലായി ഇടംകൈയന്‍ ബാറ്റര്‍ മാറിയിരുന്നു. ഇത്തവണ ജിടിയുടെ ടോപ്‌സ്‌കോറര്‍ കൂടിയായുരുന്നു സായ്. 47.90 ശരാശരിയില്‍ 141.28 സ്‌ട്രൈക്ക് റേറ്റില്‍ 527 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ആറാമതും സായ് എത്തിയിരുന്നു. മെഗാ ലേലത്തിനു മുമ്പ് ജിടി തീര്‍ച്ചയായും നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് തമിഴ്‌നാട്ടുകാരനായ ഈ ബാറ്റര്‍.
നിതീഷ് കുമാര്‍ റെഡ്ഡിയാണ് വെറും 20 ലക്ഷം രൂപയ്ക്കു ടീമിലെത്തി സര്‍പ്രൈസ് പ്രകടനം നടത്തിയ രണ്ടാമത്തെ താരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ താരമായിരുന്നു സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ഹോം ഫ്രാഞ്ചൈസി കൂടിയായ എസ്ആര്‍എച്ചിനായി നിതീഷ് കാഴ്ചവച്ചത്. രണ്ടു ഫിഫ്റ്റികളടക്കം 303 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. ബൗളിങിലാവട്ടെ മൂന്നു വിക്കറ്റുകളും വീഴ്ത്തി. ഓള്‍റൗണ്ട് പ്രകടനത്തെ തുടര്‍ന്നു ഈ സീസണിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും നിതീഷിനെ തേടിയെത്തി.
തുച്ഛമായ തുകയ്ക്കു ടീമിലേക്കു വന്ന ശേഷം കസറിയ മൂന്നാമത്തെയാള്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്. സീസണില്‍ കെകെആറിന്റെ കിരീടധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച റാണ എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. 9.08 ഇക്കോണമി റേറ്റില്‍ 19 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.

കെകെആറിനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറും കൂടിയാണ് അദ്ദേഹം. 25 കോടിയോളം രൂപയ്ക്കു കെകെഅര്‍ വാങ്ങിയ സ്റ്റാര്‍ക്ക് 17 വിക്കറ്റുകളെടുത്തപ്പോഴാണ് അതിലുമധികം വിക്കറ്റുകളുമായി റാണ സര്‍പ്രൈസ് താരമായത്. അടുത്ത സീസണിലും അദ്ദേഹത്തെ കൊല്‍ക്കത്ത ടീം നിലനിര്‍ത്താന്‍ തന്നെയാണ് കൂടുതല്‍ സാധ്യത.
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ ബാറ്റിങ് സെന്‍സേഷന്‍ ജെയ്ക് ഫ്രേസര്‍ മഗ്യുക്കാണ് 20 ലക്ഷത്തിനു ടീമിലെത്തിയ ശേഷം ഹീറോയായ നാലാമത്തെയാള്‍. ഈ ഐപിഎല്ലിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നാണ് അദ്ദേഹം. ഡിസിക്കു വേണ്ടി ഓപ്പണറായെത്തി ഇടിവെട്ട് ബാറ്റിങാണ് ഫ്രേസര്‍ കാഴ്ചവച്ചത്. 28 സിക്‌സറുകളടക്കം 234.04 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സാണ് താരം അടിച്ചെടുത്തത്.