ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണിയുമായി ബന്ധപ്പെട്ട രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ധോണിയുമായി നേരിട്ടു സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പറഞ്ഞ കാര്യത്തെക്കുറിച്ചാണ് മുന്‍ നായകനായ അസ്ഗര്‍ അഫ്ഗാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 2018ലെ ഏഷ്യാ കപ്പിലെ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രില്ലിങ് മല്‍സരത്തിനു ശേഷമായിരുന്നു ഇത്.
ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ശേഷം അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റിനു 252 റണ്‍സെടുക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ അഫ്ഗാനിസ്താന്റെ ടോപ്‌സ്‌കോററായത് മുന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിച്ചതച്ച താരം തകര്‍പ്പന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. 124 റണ്‍സാണ് ഷഹ്‌സാദ് നേടിയത്.

മറുപടിയില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ അനായാസം ജയിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. 30 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 204 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പക്ഷെ പിന്നീട് ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 252 റണ്‍സില്‍ ഓള്‍ഔട്ടായതോടെ കളി ടൈയായി മാറി. ഈ മല്‍സരത്തില്‍ അഫ്ഗാന്‍ ടീമിനെ നയിച്ചത് അസ്ഗറായിരുന്നു.
അന്നു മല്‍സരശേഷം ധോണിയുമായി ഏറെ നേരം താന്‍ സംസാരിച്ചതായും പല കാര്യങ്ങളും മനസ്സിക്കാന്‍ സാധിച്ചതായും അസ്ഗര്‍ പറയുന്നു. ടൈയായ മല്‍സരത്തിനു ശേഷം എംഎസ് ധോണിയുമായി ഞാന്‍ ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹം ഗംഭീര ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റിനു ദൈവം നല്‍കിയ സമ്മാനവുമാണ്. വളരെ നല്ലൊരു വ്യക്തിയും കൂടിയാണ് ധോണിയെന്നും അസ്ഗര്‍ വ്യക്തമാക്കി.
ഞങ്ങളുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന മുഹമ്മദ് ഷഹ്‌സാദിനെക്കുറിച്ചും ഞാനും ധോണിയും തമ്മില്‍ സംസാരിച്ചിരുന്നു. ഷഹ്‌സാദ് നിങ്ങളുടെ വലിയൊരു ഫാനാണെന്നു ഞാന്‍ ധോണി ഭായിയോടു പറയുകയും ചെയ്തു. ഷഹ്‌സാദിനു വലിയ വയറാണുള്ളതെന്നും 20 കിഗ്രാം ഭാരം കുറയ്ക്കുകയാണെങ്കില്‍ ഐപിഎല്ലില്‍ താന്‍ ടീമിലെടുക്കാമെന്നും ധോണി എന്നോടു പറഞ്ഞു. പക്ഷെ പരമ്പര കഴിഞ്ഞ് ഷഹ്‌സാദ് നാട്ടില്‍ തിരികെ എത്തുമ്പോഴേക്കും ഷഹ്‌സാദിന്‍റെ ഭാരം അഞ്ചു കിഗ്രാം വര്‍ധിച്ചിരുന്നതായും അസ്ഗര്‍ ചിരിയോടെ പറഞ്ഞു.
അഫ്ഗാനിസ്താന് ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ ബിസിസിഐയ്ക്കു വലിയൊരു പങ്കുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധമായി പറയുകയാണെങ്കില്‍ അഫ്ഗാനിസ്താന്‍ ക്രിക്കറ്റിനെ വികസിപ്പിക്കുന്നതില്‍ ബിസിസിഐ വലിയ റോളാണ് വഹിച്ചിട്ടുള്ളത്. അവര്‍ ഞങ്ങളെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്.

2014 മുതല്‍ ഇതുവരെയും ബിസിസിഐ നല്‍കി വരുന്ന പിന്തുണ വലുതാണ്. ഞങ്ങള്‍ക്കു ഹോംഗ്രൗണ്ടും ബിസിസിഐ വിട്ടു നല്‍കിയിരുന്നു. അഫ്ഗാനിസ്താന് ക്രിക്കറ്റിനെയും അവരുടെ ക്രിക്കറ്റര്‍മാരെയും ഇഷ്ടമാണെന്നും അസ്ഗര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വമ്പനടിക്കാരനായ ഓപ്പണിങ് ബാറ്ററായിരുന്ന ഷഹ്‌സാദ് അഫ്ഗാനിസ്താനു വേണ്ടി 84 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. 33നു മുകളില്‍ ശരാശരിയില്‍ 2727 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ആറു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.
ഷഹ്‌സാദിന്റെ ടി20 കരിയറെടുത്താല്‍ 73 മല്‍സരങ്ങളില്‍ നിന്നും 30നടുത്ത് ശരാശരിയില്‍ 2048 റണ്‍സാണ് സമ്പാദ്യം. ബാറ്ററെന്ന നിലയില്‍ കിടിലന്‍ റെക്കോര്‍ഡുണ്ടായിട്ടും അമിത ഭാരം കരിയറിലുടനീളം അദ്ദേഹത്തിനൊരു വെല്ലുവിളിലായിരുന്നു.