മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം പ്രകടനം തുടരുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പഞ്ചാബ് കിങ്‌സിനെതിരേ 6 പന്തില്‍ 10 റണ്‍സാണ് ഹാര്‍ദിക്കിന് നേടാനായത്. അഞ്ചാമനായി ബാറ്റ് ചെയ്യാനെത്തിയ ഹാര്‍ദിക് തുടക്കത്തിലേ പുറത്താകേണ്ടതായിരുന്നു. സാം കറെന്റെ ഫുള്‍ട്ടോസില്‍ ഹാര്‍ദിക് റിട്ടേണ്‍ ക്യാച്ച് നല്‍കിയെങ്കിലും താരത്തിന് പിടിച്ചെടുക്കാനായില്ല.
എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോ ബോളില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ടൈമിങ് പിഴച്ചപ്പോള്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച് നല്‍കി താരം പുറത്താവുകയായിരുന്നു. 1 സിക്‌സര്‍ പറത്തിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ ഹാര്‍ദിക്കിനായില്ല. ഫുള്‍ട്ടോസ് ലഭിച്ചിട്ട് പോലും കൃത്യമായി കണക്ട് ചെയ്യാന്‍ ഹാര്‍ദിക്കിന് സാധിക്കാതെ പോയി. ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ ഫ്‌ളോപ്പ് ഷോയില്‍ ട്രോളുകള്‍ നിറയുകയാണ്.
തിലക് വര്‍മക്ക് ആ പന്തുകള്‍ ലഭിച്ചിരുന്നെങ്കില്‍ മുംബൈ 200 കടക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദിക് ഏഴാമതായി ബാറ്റ് ചെയ്താല്‍ മതിയെന്നാണ് ആരാധകര്‍ ട്രോളുന്നത്. ഈ സീസണിലെ ഹാര്‍ദിക്കിന്റെ ബാറ്റിങ് പ്രകടനങ്ങളെല്ലാം മോശമാണ്. 11, 24, 34, 39, 21*, 2, 10 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രകടനം. ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ഹാര്‍ദിക്കിനായിട്ടില്ല. ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ഹാര്‍ദിക് ടീമിന് ബാധ്യതയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഹാര്‍ദിക്കിന്റെ ഈ പ്രകടനം വിലയിരുത്തുമ്പോള്‍ താരത്തെ ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കേണ്ടതില്ലെന്നും ആരാധകര്‍ പറയുന്നു. ഹാര്‍ദിക് പന്തെറിയാത്ത പക്ഷം ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് ബാറ്റിങ്ങില്‍ തിളങ്ങേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷെ താരം നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ഗുജറാത്തിനൊപ്പം തിളങ്ങിയ ഹാര്‍ദിക് മുംബൈക്കൊപ്പം ഫ്‌ളോപ്പ് മാനായി മാറിയിരിക്കുകയാണെന്ന് പറയാം.

പഞ്ചാബിനെതിരേ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ മുംബൈക്കായി. 7 വിക്കറ്റിന് 192 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പുറത്തായി. 8 പന്തില്‍ 1 ഫോറടക്കം 8 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും തമ്മിലുള്ള കൂട്ടുകെട്ടാണ് മുംബൈക്ക് കരുത്തായത്.
കൂട്ടുകെട്ട് 81ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മയെ മുംബൈക്ക് നഷ്ടമായി. 25 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സെടുത്ത രോഹിത്തിനെ സാം കറെനാണ് പുറത്താക്കിയത്. 53 പന്ത് നേരിട്ട് 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 78 റണ്‍സ് നേടിയ സൂര്യകുമാറിനെയും സാം കറെന്‍ പുറത്താക്കി.
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടിം ഡേവിഡ് 7 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 14 റണ്‍സുമായി മടങ്ങി. വമ്പനടിക്കാരന്‍ റൊമാരിയോ ഷിഫേര്‍ഡ് 1 റണ്‍സിന് പുറത്തായപ്പോള്‍ അവസാന പന്തില്‍ മുഹമ്മദ് നബി റണ്ണൗട്ടായി.
ഡെത്തോവറില്‍ പ്രതീക്ഷക്കൊത്ത് താരങ്ങള്‍ ഉയര്‍ന്നില്ല. അല്ലായിരുന്നെങ്കില്‍ 200ന് മുകളിലേക്ക് ടോട്ടല്‍ എത്തിക്കാന്‍ മുംബൈക്കാവുമായിരുന്നു. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ നന്നായി പന്തെറിഞ്ഞു. 7 റണ്‍സ് വഴങ്ങി 2 വിക്കറ്റാണ് ഹര്‍ഷല്‍ അവസാന ഓവറില്‍ വീഴ്ത്തിയത്.
പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ 3ഉും സാം കറെന്‍ 2 വിക്കറ്റും കഗിസോ റബാഡ 1 വിക്കറ്റും നേടി. നിലവില്‍ ഒമ്പതാം സ്ഥാനത്തുള്ള മുംബൈക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണ്ണായകമാണ്.