ലഖ്‌നൗ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ ഐപിഎല്‍ മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാണാന്‍ കഴിയുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം തകര്‍ന്നിരിക്കുകയാണ്. ഇന്ത്യയുടെ നായകനും വൈസ് ക്യാപ്റ്റനും പല സൂപ്പര്‍ താരങ്ങളും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്.
ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനാല്‍ത്തന്നെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ നിന്ന് വമ്പന്‍ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ദുരന്തം പ്രകടനത്തോടെ ഇവരെല്ലാം നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയുടെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. ഇന്ത്യന്‍ ജേഴ്‌സിയില്‍ ജന്മദിനങ്ങളില്‍ വെടിക്കെട്ട് നടത്താറുള്ള രോഹിത് പക്ഷെ ഐപിഎല്ലില്‍ നേരെ വിപരീതമാണ്. ലഖ്‌നൗവിനെതിരേ 5 പന്തില്‍ 4 റണ്‍സാണ് ഹിറ്റ്മാന് നേടാനായത്. മൊഹ്‌സിന്‍ ഖാന്റെ പന്തിലാണ് രോഹിത് പുറത്തായത്.
രോഹിത്തിന് ഇത്തവണത്തെ ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കാനാവുന്നില്ല. ലഖ്‌നൗവിനെതിരേ മാസ് തിരിച്ചുവരവ് പ്രതീക്ഷിച്ചപ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തി പുറത്തായി. അടുത്ത ഊഴം സൂര്യകുമാര്‍ യാദവിന്റേതായിരുന്നു. 360 ഡിഗ്രി താരമായ സൂര്യകുമാര്‍ 6 പന്തില്‍ 10 റണ്‍സെടുത്താണ് പുറത്തായത്. മാര്‍ക്കസ് സ്റ്റോയിണിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ ക്യാച്ചിലാണ് സൂര്യയുടെ മടക്കം. അംപയര്‍ വൈഡ് വിളിച്ച പന്തില്‍ റിവ്യൂ ചെയ്താണ് രാഹുല്‍ ഇത് വിക്കറ്റാക്കി മാറ്റിയത്.
സീസണില്‍ സ്ഥിരത കാട്ടാനാവാതെ സൂര്യയും പ്രയാസപ്പെടുകയാണ്. ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെട്ട തിലക് വര്‍മക്ക് സെലക്ടര്‍മാര്‍ക്ക് മറുപടി കൊടുക്കാനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 11 പന്തില്‍ 7 റണ്‍സാണ് തിലകിന് നേടാനായത്. രവി ബിഷ്‌നോയിയുടെ തകര്‍പ്പന്‍ ത്രോയില്‍ തിലക് റണ്ണൗട്ടാവുകയായിരുന്നു. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹാര്‍ദിക് പാണ്ഡ്യയും വിക്കറ്റ് വലിച്ചെറിഞ്ഞാണ് പുറത്തായത്.

നവീന്‍ ഉല്‍ ഹഖിന്റെ പന്തില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഹാര്‍ദിക് പുറത്തായത്. നായകന്റെ ഉത്തരവാദിത്തം കാട്ടാതെയാണ് താരം ഗോള്‍ഡന്‍ ഡെക്കായത്. ഹാര്‍ദിക് സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നം താരത്തിനുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക്കിന് നല്‍കിയത്. ഇതിന് പിന്നാലെ കളിച്ച ആദ്യ ഇന്നിങ്‌സില്‍ ഹാര്‍ദിക് ഗോള്‍ഡന്‍ ഡെക്കുമായി.
ഇതോടെ ആരാധകരെല്ലാം ട്രോളുമായി രംഗത്തെത്തുകയാണ്. ഹാര്‍ദിക്കിനെ ഇന്ത്യ ലോകകപ്പ് ടീമിലെടുത്തതാണ് വലിയ മണ്ടത്തരമെന്നും സഞ്ജുവിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി ഹാര്‍ദിക്കിന് പകരം റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്തണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. റിങ്കുവിനെയായിരുന്നില്ല ഹാര്‍ദിക്കിനെയായിരുന്നു റിസര്‍വ് താരമാക്കേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കെ എല്‍ രാഹുലിനെ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞിരുന്നു.
ഇതിന് ശക്തമായ മറുപടികൂടിയാണ് ഇപ്പോള്‍ രാഹുല്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ ബൗളിങ് ചെയ്ഞ്ചുകളിലൂടെ മൂന്ന് സൂപ്പര്‍ താരങ്ങളേയും ചെറിയ സ്‌കോറില്‍ ബൗളര്‍മാര്‍ മടക്കിയപ്പോള്‍ നായകനെന്ന നിലയില്‍ രാഹുലും കൈയടി അര്‍ഹിക്കുന്നു. ബാറ്റിങ്ങിലും തിളങ്ങി സെലക്ടര്‍മാരോട് കണക്കു ചോദിക്കാന്‍ രാഹുലിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്. വിക്കറ്റ് കീപ്പറായും നായകനായും ബാറ്റ്‌സ്മാനായും രാഹുല്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.
എന്തായാലും ടി20 ലോകകപ്പില്‍ റിസര്‍വ് താരമായെങ്കിലും രാഹുലിനെ ഉള്‍പ്പെടുത്തണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്നത് ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്.