വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ വീണ്ടും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണറാക്കാനുള്ള ഗൗതം ഗംഭീറിന്റെ നീക്കത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍. മാസ്റ്റര്‍ സ്‌ട്രോക്കെന്നാണ് കെകെആറിന്റെ മുഖ്യ ഉപദേശകനായ ഗംഭീറിന്റെ തീരുമാനത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ കെകെആറിന്റെ ഹീറോയായത് നരെയ്നാണ്. അതിനു പിന്നാലെയാണ് ഗംഭീറിനെ എല്ലാവരും പ്രശംസ കൊണ്ടു മൂടിയത്.
ഡിസിക്കെതിരേ ഫിലിപ്പ് സാള്‍ട്ടിനൊപ്പം ഓപ്പണറായി കളിച്ച നരെയ്ന്‍ ഏറെക്കുറെ തനിച്ചാണ് കളി തട്ടിയെടുത്തത്. വെറും 39 ബോളില്‍ 85 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഏഴു വീതം ഫോറും സിക്‌സറും നരെയ്‌ന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 272 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലേക്കു കെകെആറിനെ എത്തിച്ചതും നരെയ്‌ന്റെ ഈ വെടിക്കെട്ടാണ്. ഈ സീസണിലെ മൂന്നു മല്‍സരങ്ങളിലും ഓപ്പണ്‍ ചെയ്ത നരെയ്ന്‍ ഒരു ഫിഫ്റ്റിയടക്കം 206.15 സ്‌ട്രൈക്ക് റേറ്റോടെ 134 റണ്‍സ് നേടിക്കഴിഞ്ഞു.

ഈ സീസണില്‍ നരെയ്‌നെ വീണ്ടും ഓപ്പണിങിലേക്കു കൊണ്ടു വന്നത് കെകെആറിന്റെ സര്‍പ്രൈസ് നീക്കമായിരുന്നു. കഴിഞ്ഞ സീസണില്‍ റഹ്മാനുള്ള ഗുര്‍ബാസിനോടൊപ്പം പലരെയും ഓപ്പണിങില്‍ കെകെആര്‍ മാറി മാറി പരീക്ഷിച്ചെങ്കിരും ആരും ക്ലിക്കായില്ല. ഇത്തവണ ഗംഭീര്‍ പുതിയ ഓപ്പണിങ് ജോടിയെ കൊണ്ടുവരികയായിരുന്നു. നരെയ്‌നെ വീണ്ടും ഓപ്പണിങിലേക്കു തിരികെ കൊണ്ടുവന്ന അദ്ദേഹം സാള്‍ട്ടിനെ മറ്റൊരു ഓപ്പണറാക്കുകയും ചെയ്തു. ഈ സഖ്യം വലിയ ഇംപാക്ടാണ് ഉണ്ടാക്കിയിട്ടുള്ളത്.
2020ലെ സീസണിലാണ് നരെയ്ന്‍ അവസാനമായി കെകെആറിനു വേണ്ടി സ്ഥിരം ഓപ്പണറായി ബാറ്റ് ചെയ്തത്. അന്നു അദ്ദേഹം 10 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം നേടിയത് 121 റണ്‍സാണ്. 2021 മുതല്‍ ഓപ്പണിങ് നഷ്ടമായ നരെയ്ന്‍ കൂടുതലും കളിച്ചത് മധ്യനിരയിലാണ്. പക്ഷെ യാതൊരു ഇംപാക്ടും ബാറ്റിങില്‍ അദ്ദേഹത്തിനു സൃഷ്ടിക്കാനായില്ല. 2021ല്‍ 62ഉം 2022ല്‍ 71ഉം കഴിഞ്ഞ തവണ 21ഉം റണ്‍സ് മാത്രമേ നരെയ്ന്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

ബാറ്റിങില്‍ നരെയ്‌ന്റെ കരിയര്‍ അവസാനിച്ചെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. ഇങ്ങനെയൊരാളെയാണ് വീണ്ടും ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്ത് ഗംഭീറും കെകെആര്‍ ടീം മാനേജ്‌മെന്റും വലിയൊരു ചൂതാട്ടം നടത്തിയത്. ഈ നീക്കം വലിയ വിജയമായി മാറിയിരിക്കുകയാണെന്നു ഇതുവരെയുള്ള മല്‍സരങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു. നരെയ്‌നില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കാനുള്ള ഗംഭീറിന്റെ ചങ്കൂറ്റത്തെയും ആത്മവിശ്വാസത്തെയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്.
സുനില്‍ നരെയ്‌നെ ഓപ്പണിങില്‍ പരീക്ഷിച്ചത് ഐപിഎല്ലിന്റെ 17 വര്‍ത്തെ ചരിത്രത്തിലെ ഏറ്റവും മഹത്തായ തീരുമാനങ്ങളിലൊന്നാണ്. ഇത്തരമൊരു മാജിക്കല്‍ തീരുമാനമെടുത്ത കെകെആര്‍ മുഖ്യ ഉപദേശകന്‍ ഗൗതം ഗംഭീറിനു അഭിന്ദനങ്ങളെന്നായിരുന്നു ആരാധകര്‍ കുറിച്ചത്.
ടി20 കോച്ചെന്നാല്‍ ഇങ്ങനെയാവണം. എങ്ങനെയാണ് നിര്‍ഭയമായ ക്രിക്കറ്റ് കളിക്കേണ്ടതെന്നു ഏറ്റവും നന്നായിട്ട് അറിയാവുന്നയാളാണ് ഗൗതം ഗംഭീര്‍. സുനില്‍ നരെയ്‌നെ വീണ്ടും ഓപ്പണറാക്കാനുള്ള അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ അഭിനന്ദിച്ചേ മതിയാവൂ. ഇന്ത്യന്‍ ടി20 ടീമിന്റെ കോച്ചായി ഗംഭീര്‍ വരികയാണെങ്കില്‍ ടി20 ലോകകപ്പില്‍ നമുക്കു കിരീടം നേടാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ഐപിഎല്ലില്‍ ഇത്തവണ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച കെകെആര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ടൂര്‍ണമെന്റില്‍ മുമ്പൊരിക്കലും സീസണിലെ ആദ്യത്തെ മൂന്നു കളിയും കെകെആര്‍ ജയിച്ചിട്ടില്ല.