Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹൈദരാബാദിനെ ചതിച്ചത് ഹെഡ്, ഇങ്ങനെ ഡെക്കാവരുത്! വിമര്‍ശിച്ച് ആരാധകര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടിയിരിക്കുകയാണ്. ഫൈനലില്‍ 57 പന്ത് ബാക്കിനിര്‍ത്തി എട്ട് വിക്കറ്റിനാണ് കെകെആറിന്റെ ജയം. ടീമിന്റെ മൂന്നാം ഐപിഎല്‍ കിരീടമാണിത്. ഫൈനലില്‍ മികച്ച പോരാട്ടം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഹൈദരാബാദ് തീര്‍ത്തും നിരാശപ്പെടുത്തി തോല്‍ക്കുകയായിരുന്നു. ബാറ്റിങ് നിരയാണ് അമ്പേ പരാജയപ്പെട്ടത്.

ഇപ്പോഴിതാ ഹൈദരാബാദിന്റെ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ട്രാവിസ് ഹെഡിനെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. നിര്‍ണ്ണായക മത്സരങ്ങളിലെല്ലാം ഡെക്കായതോടെയാണ് ആരാധകര്‍ ഹെഡിനെതിരേ തിരിഞ്ഞത്. ലീഗ് ഘട്ടത്തില്‍ ഹൈദരാബാദിന്റെ സൂപ്പര്‍ ഹീറോയായിരുന്നു ഹെഡ്. വെടിക്കെട്ട് പ്രകടനം നടത്തിയിരുന്ന താരം ഇപ്പോള്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ടീമിന്റെ വില്ലനായി മാറിയെന്നതാണ് വസ്തുത. അവസാനം കളിച്ച നാല് മത്സരത്തില്‍ മൂന്നിലും ഹെഡ് ഡെക്കാവുകയാണ് ചെയ്തത്.

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ഹെഡ് പുറത്തായത്. ആദ്യ ക്വാളിഫയറില്‍ കെകെആറിനെതിരേ രണ്ട് പന്തില്‍ ഹെഡ് ഡെക്കായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് ഹെഡ് മടങ്ങിയത്. നിര്‍ണ്ണായകമായ എലിമിനേറ്ററില്‍ രാജസ്ഥാനെതിരേ 28 പന്തില്‍ 34 റണ്‍സാണ് ഹെഡിന് നേടാനായത്. ഫൈനലില്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ്ങിനെ പേടിച്ച് ഹെഡ് നോണ്‍സ്‌ട്രൈക്കിലാണ് ആദ്യം ബാറ്റ് ചെയ്തത്.

രണ്ടാം ഓവര്‍ എറിയാനെത്തിയ വൈഭവ് അറോറക്കെതിരേ ഹെഡ് സ്‌ട്രൈക്കിലേക്കെത്തിയപ്പോള്‍ ആദ്യ പന്തില്‍ത്തന്നെ മടങ്ങി. ഇതോടെ നിര്‍ണ്ണായക മത്സരങ്ങളില്‍ ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഹെഡ്. 15 മത്സരങ്ങളില്‍ നിന്ന് 567 റണ്‍സാണ് സീസണിലെ ഹെഡിന്റെ സമ്പാദ്യം. 1 സെഞ്ച്വറിയും 4 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. 64 ഫോറും 32 സിക്‌സും ഹെഡ് അടിച്ചെടുത്തു. ലീഗ് ഘട്ടത്തില്‍ തകര്‍ത്തടിച്ച ഹെഡ് പ്ലേ ഓഫില്‍ കളിമറക്കുകയായിരുന്നു.

travis head

ഹൈദരാബാദിന്റെ പ്ലേ ഓഫ് വരെയുള്ള കുതിപ്പില്‍ ഹെഡ് നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നത് വസ്തുതയാണെങ്കിലും നിര്‍ണ്ണായക മത്സരങ്ങളില്‍ ഫ്‌ളോപ്പായത് ടീമിനെ വലിയ സമ്മര്‍ദ്ദത്തിലാക്കുകയും തോല്‍വിക്ക് കാരണമായി മാറുകയും ചെയ്തു. ഓസ്‌ട്രേലിയക്കായി ഏകദിന ലോകകപ്പ് ഫൈനലിലടക്കം സെഞ്ച്വറി നേടി ഹീറോയായ ഹെഡിന് ഹൈദരാബാദിനൊപ്പം ഈ മികവ് ആവര്‍ത്തിക്കാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഫൈനലില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിരയില്‍ ഒരാള്‍ക്ക് പോലും തിളങ്ങാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായത്. അഭിഷേക് ശര്‍മ ലീഗ് ഘട്ടത്തില്‍ തിളങ്ങിയ താരമാണ്. 16 മത്സരത്തില്‍ നിന്ന് 484 റണ്‍സുമായി സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ ഫൈനലില്‍ മികവ് കാട്ടാനായില്ല. രാഹുല്‍ ത്രിപാഠിക്ക് ലീഗ് ഘട്ടത്തില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും നിര്‍ണ്ണായകമായ പ്ലേ ഓഫ് മത്സരങ്ങളില്‍ അവസരം ലഭിച്ചു. ഫൈനലില്‍ 13 പന്തില്‍ 9 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്.

എയ്ഡന്‍ മാര്‍ക്രമിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. 23 പന്ത് നേരിട്ട് 20 റണ്‍സാണ് കലാശപ്പോരില്‍ മാര്‍ക്രം നേടിയത്. ഈ സീസണിലെ ഹൈദരാബാദിന്റെ മികച്ച കണ്ടെത്തലുകളിലൊന്നാണ് നിധീഷ് കുമാര്‍ റെഡ്ഡി. പക്ഷെ 10 പന്തില്‍ 13 റണ്‍സോടെ ഫൈനലില്‍ നിധീഷ് ഫ്‌ളോപ്പായി. ഹെന്‍ റിച്ച് ക്ലാസനാണ് മറ്റൊരു താരം. 17 പന്തില്‍ 16 റണ്‍സാണ് ക്ലാസന് ഫൈനലില്‍ നേടാനായത്. യുവ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അബ്ദുല്‍ സമദുമെല്ലാം ഫ്‌ളോപ്പായി.

അമിത ആക്രമണോത്സകതയോടെ കളിച്ച ടീം പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിച്ചില്ലെന്നതാണ് വസ്തുത. എന്തായാലും മികച്ച ഫൈനല്‍ കാത്തിരുന്ന ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയാണ് ഹൈദരാബാദ് തലകുനിച്ചതെന്ന് പറയാം.

Story first published: Monday, May 27, 2024, 11:47 [IST]
Other articles published on May 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+