ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ത്രില്ലിങ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 1 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 200 റണ്‍സാണ് നേടാനായത്. അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് രാജസ്ഥാനെ ഹൈദരാബാദ് തളച്ചത്. അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 2 റണ്‍സായിരുന്നു.
എന്നാല്‍ അവസാന പന്തില്‍ റോവ്മാന്‍ പവലിനെ എല്‍ബിയില്‍ കുരുക്കി ഭുവനേശ്വര്‍ കുമാര്‍ രാജസ്ഥാനെ മുട്ടുകുത്തിച്ച് ഹൈദരാബാദിന് ത്രില്ലിങ് ജയം നല്‍കുകയായിരുന്നു. ഇപ്പോഴിതാ രാജസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ അംപയര്‍ക്കെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. അംപയറുടെ തെറ്റായ തീരുമാനാണ് രാജസ്ഥാന് ജയം നിഷേധിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. അവസാന പന്തില്‍ ഭുവിയുടെ സ്വിങ് ചെയ്‌തെത്തിയ ഫുള്‍ട്ടോസ് റോവ്മാന്‍ പവലിന്റെ കാലില്‍ തട്ടുകയായിരുന്നു.
എന്നാല്‍ ഈ പന്തിന്റെ സ്വിങ് പുറത്തേക്കായിരുന്നുവെന്നും തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് ലെഗ് സ്റ്റംപിന് കൊള്ളുന്നതായി കണ്ടത് വിചിത്രമായെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. അംപയര്‍ രാജസ്ഥാനെ തോല്‍പ്പിക്കാനായുള്ള ശ്രമമാണ് നടത്തിയതെന്നാണ് ആരാധക പക്ഷം. പന്തിന്റെ ദിശ ലെഗ് സ്റ്റംപിലേക്കാണെന്ന് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അംപയറത് ഔട്ട് വിളിക്കാന്‍ പാടില്ലായിരുന്നു. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ തേര്‍ഡ് അംപയര്‍ അതിന് ഒപ്പം നിന്നു.
നിലവിലെ നിയമ പ്രകാരം അംപയര്‍ കോളിനാണ് മുഖ്യ പരിഗണന. അംപയറുടെ തീരുമാനം ബൗളിങ് ടീമിന് അനുകൂലമായതിനാലാണ് പന്ത് ലെഗ് സ്റ്റംപിലേക്കായിട്ടും തേര്‍ഡ് അംപയര്‍ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവെച്ചത്. എന്നാല്‍ ഓണ്‍ഫീല്‍ഡ് അംപയറിത് നോട്ടൗട്ട് വിളിച്ചിരുന്നെങ്കില്‍ മത്സരം രാജസ്ഥാന്‍ ജയിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനമാണ് രാജസ്ഥാന്റെ വില്ലനായി മാറിയത്.

അംപയേഴ്‌സ് കോളിന് മുഖ്യ പരിഗണന നല്‍കുന്ന നിയമം ശരിയായല്ല നടപ്പിലാക്കപ്പെടുന്നതെന്നും ആരാധകര്‍ പറയുന്നു. മത്സരത്തില്‍ രാജസ്ഥാനെതിരേയായിരുന്നു അംപയറുടെ പല തീരുമാനങ്ങളും. ട്രാവിസ് ഹെഡിന്റെ റണ്ണൗട്ട് നല്‍കാത്തത് വിചിത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണ്‍ ത്രോ ചെയ്ത് സ്റ്റംപില്‍ കൊള്ളിക്കുമ്പോള്‍ ഹെഡിന്റെ ബാറ്റ് ക്രീസില്‍ തൊട്ടിരുന്നില്ല. അല്‍പ്പം ഉയരത്തിലായിരുന്നു ബാറ്റുണ്ടായിരുന്നത്.
റിപ്ലേകളില്‍ ഇത് വ്യക്തമായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം ഇത് ഔട്ടല്ലെന്നായിരുന്നു. വലിയ വിമര്‍ശനം ഇതിന്റെ പേരില്‍ ഉണ്ടാവുകയും ചെയ്തു. തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ ഒട്ടുമിക്ക മത്സരങ്ങളിലും ഇപ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും നിലവാരമില്ലാത്ത അംപയര്‍മാര്‍ ഇത്തവണയാണെന്നാണ് ആരാധകര്‍ പറയുന്നത്. തേര്‍ഡ് അംപയര്‍മാരുടെ നിലവാരമില്ലായ്മ ടീമുകളെ ജയിക്കേണ്ട കളി തോല്‍പ്പിക്കുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
കരുത്തുറ്റ ബാറ്റിങ് നിരയുള്ള ഹൈദരാബാദിനെ പവര്‍പ്ലേയില്‍ 2 വിക്കറ്റിന് 37 എന്ന നിലയിലേക്ക് തളച്ചിടാന്‍ രാജസ്ഥാനെ സാധിച്ചെങ്കിലും മധ്യ ഓവറുകളിലും ഡെത്തോവറുകളിലും കളി കൈവിടുകയായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയാണ് തകര്‍ത്തടിച്ചത്. 42 പന്തില്‍ 76 റണ്‍സാണ് താരം നേടിയത്. ട്രാവിസ് ഹെഡ് 44 പന്തില്‍ 58 റണ്‍സും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ രാജസ്ഥാനായി റിയാന്‍ പരാഗ് ടോപ് സ്‌കോററായി.
49 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പരാഗ് തകര്‍ത്തടിച്ചപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ 40 പന്തില്‍ 67 റണ്‍സും നേടി. ആദ്യ ഓവറില്‍ത്തന്നെ ജോസ് ബട്‌ലറും സഞ്ജു സാംസണും ഡെക്കിന് പുറത്തായത് രാജസ്ഥാന്റെ തോല്‍വിയുടെ പ്രധാന കാരണമായി.