ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പോര് മുറുകവെ പുതുതായി ഒരാള്‍ കൂടി ഈ ലിസ്റ്റിലേക്കു വന്നിരിക്കുകയാണ്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികാണ് ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഫിനിഷറുടെ റോളില്‍ കസറുകയാണ് അദ്ദേഹം. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 200ലധികം റണ്‍സ് ഡിക്കെ നേടിക്കഴിഞ്ഞു. ഇതേ തുടര്‍ന്നു അദ്ദേഹത്തെ ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കണമെന്നു പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവുമുണ്ട്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഡിക്കെയെ പിന്തുണച്ച് റായുഡു സംസാരിച്ചത്. എന്നാല്‍ ഇതേ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുട മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഈ അഭിപ്രായത്തെ ചിരിച്ചുതള്ളുകയായിരുന്നു. ഡിക്കെയല്ല മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ വേണ്ടതെന്നാണ് ഇര്‍ഫാന്റെ അഭിപ്രായം.

ഞാന്‍ വളരെ ചെറുപ്പം മുതല്‍ കണ്ടുകൊണ്ടിരിക്കുന്നയാളാണ് ഡിക്കെ. അദ്ദേഹം വളരെ പ്രതിഭാശാലിയാണ്. ഡിക്കെയ്ക്കു എല്ലായ്‌പ്പോഴും എംഎസ് ധോണിയുടെ നിഴലില്‍ ഒതുങ്ങേണ്ടതായി വന്നു. ഈ കാരണത്താല്‍ തന്നെ സ്ഥിരമായി അവസരങ്ങളും ലഭിച്ചില്ല. ഒരുപക്ഷെ അവസാനമായി അദ്ദേഹം ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയേക്കും.
ടി20 ലോകകപ്പില്‍ കളിക്കുകയും ഇന്ത്യയെ ചാംപ്യന്‍മാരാക്കുകയും ചെയ്ത് കരിയര്‍ അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഡിക്കെയ്ക്കു മുന്നിലുള്ളത്. ലോകകപ്പില്‍ അദ്ദേഹത്തെ ഇന്ത്യ ഒപ്പം കൂട്ടണമെന്നാണ് താന്‍ കരുതുന്നതെന്നും റായുഡു വ്യക്തമാക്കി.
പക്ഷെ ഈ അഭിപ്രായം കേട്ടപ്പോള്‍ ചിരിക്കുകയാണ് ഇര്‍ഫാന്‍ ചെയ്തത്. നോക്കൂ, ദിനേശ് കാര്‍ത്തിക്കിനെ ഞാന്‍ അഭിനന്ദിക്കുക തന്നെ ചെയ്യും. വളരെ മികച്ച ഫോമിലാണ് ഐപിഎല്ലില്‍ അദ്ദേഹം കാണപ്പെടുന്നത്. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് വ്യത്യസ്ത ലെവലിലാണ്. അവിടെ നിങ്ങള്‍ക്കെതിരേ അണ്‍ക്യാപ്ഡ് താരങ്ങളൊന്നും ബൗള്‍ ചെയ്യില്ല. ലോകകപ്പില്‍ ഇംപാക്ട് പ്ലെയര്‍ നിയമവുമില്ല.
11 കളിക്കാര്‍ മാത്രമേ ഇലവനിലുണ്ടാവുകയുള്ളൂ. അതുകൊണ്ടു തന്നെ അവിടെ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം വേറെ തന്നെയായിരിക്കുമെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു. ഇതിനു പിന്നാലെ റായുഡു പ്രതികരിക്കുകയും ചെയ്തു. ഇതു വൈറ്റ് കൂക്കബുറ ബോളാണ്, കാര്‍ത്തിക് സീസണ്‍ പ്ലെയറുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിനോടും ചിരിച്ചുകൊണ്ടായിരുന്നു ഇര്‍ഫാന്റെ മറുപടി. ഒരു അണ്‍ക്യാപ്ഡ് താരവും പരിചയസമ്പന്നായ ബൗളറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ധോണിയുടെ നിഴലിലാണ് ഡിക്കെ നേരത്തേ കളിച്ചതെന്നു നിങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ ധോണി ഇല്ലെന്നു കരുതി റിഷഭ് പന്തിനെ ഡിക്കെയുടെ നിഴലിലാക്കാനാണോ ആഗ്രഹിക്കുന്നത്. ഇതു ശരിയാണോ?
പന്ത് ഫോമിലല്ലെങ്കില്‍ ഞാന്‍ ഇക്കാര്യം അംഗീകരിക്കുമായിരുന്നു. പക്ഷെ ഡിക്കെയെക്കാള്‍ മുമ്പ് എനിക്കു സഞ്ജു സാംസണുണ്ട്. നിലവിലെ സ്‌കീമിന്റെ ഭാഗമായുള്ള താരങ്ങളെ നമ്മള്‍ മാറ്റി നിര്‍ത്തണം. കാരണം ഇപ്പോള്‍ മറ്റു താരങ്ങള്‍ ഫോമിലുണ്ടെന്നും ഇര്‍ഫാന്‍ വിശദമാക്കി.
ഇതുകൊണ്ടും ഇര്‍ഫാന്‍ നിര്‍ത്തിയായില്ല. റായുഡുവിനെ ചെറുതായൊന്നു പരിഹസിക്കുക കൂടി അദ്ദേഹം ചെയ്തു. ഇയാള്‍ (റായുഡു) സിഎസ്‌കെയുടെ മുന്‍ താരമാണ്. സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമാവണമെന്നാണ് നിങ്ങള്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുക. ഡാഡീസ് ആര്‍മിയായി ടീമിനെ മാറ്റുകയും ചെയ്യും. പക്ഷെ ഇതു ഇന്ത്യന്‍ ക്രിക്കറ്റാണെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.
ഇതിനു റായുഡുവിന്റെ പക്കലും മറുപടിയുണ്ടായിരുന്നു. ഇന്ത്യക്കു ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ ഡിക്കെ രണ്ടു സിക്‌സറടിച്ച് ഇന്ത്യയെ ജയിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യ ജയിക്കുന്നതിനേക്കാള്‍ മികച്ചതായി ഒന്നുമില്ലെന്നും ഇര്‍ഫാനും പറഞ്ഞു.