ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഐപിഎല്‍ പ്രകടനം കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കരിയറിന്റെ അവസാനത്തില്‍ എത്തിനില്‍ക്കുന്ന ഡിക്കെ ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബെംളൂരൂവിനൊപ്പമുള്ള സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കഴിഞ്ഞ ദിവസം ചിന്നസ്വാമിയില്‍ തീപ്പൊരി പ്രകടനമാണ് അദ്ദേഹം നടത്തിയത്. വെറും 35 ബോളില്‍ ഏഴു സിക്‌സറും അഞ്ചു ഫോറുമടക്കം 83 റണ്‍സ് വാരിക്കൂട്ടിയാണ് ഡിക്കെ പുറത്തായത്.
ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും അദ്ദേഹം അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനത്തോടെ ഡിക്കെയെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കണമെന്നു ആരാധകരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടും കഴിഞ്ഞു.

ഈ സീസണില്‍ ആര്‍സിബിയുടെ റണ്‍വേട്ടക്കാരെയെടുത്താല്‍ അവിടെ മൂന്നാംസ്ഥാനത്തു കാര്‍ത്തിനെ നമുക്കു കാണാന്‍ സാധിക്കും. വിരാട് കോലി (361), നായകന്‍ ഫാഫ് ഡുപ്ലെസി (232) എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാമന്‍ ഡിക്കെയാണ്. ഏഴു മല്‍സരങ്ങളില്‍ ആറിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇതില്‍ നിന്നും 75.33 ശരാരിയില്‍ 205.45 സ്‌ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് കാര്‍ത്തിക് നേടിക്കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഡിക്കെ ആര്‍സിബിക്കു വേണ്ടി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്തപ്പോഴും രണ്ടാമത് ബാറ്റ് ചെയ്തപ്പോഴുമുള്ള ഡിക്കെയുടെ സ്‌ട്രൈക്ക് റേറ്റ് താരതമ്യം ചെയ്താല്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നു കാണാം. എത്ര മാത്രം അഗ്രസീവായാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നു ഇതു തെളിയിക്കുകയു ചെയ്യുന്നു.
എങ്കിലും റണ്‍ചേസിലാണ് ഡിക്കെ കൂടുതല്‍ അപകടകാരിയെന്നു പറയാം. ആര്‍സിബി രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ ഡിക്കെയുടെ സ്‌ട്രൈക്ക് റേറ്റ് 200നും മുകളിലാണ്. 216.9 സ്‌ട്രൈക്ക് റേറ്റില്‍ 115 റണ്‍സാണ് റണ്‍ചേസില്‍ കാര്‍ത്തിക് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്തപ്പോഴും അദ്ദേഹം അധികം പിന്നിലല്ല. 194.7 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സാണ് ഡിക്കെ നേടിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ഒരു തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുമായാണ് ഡിക്കെ തുടങ്ങിയത്. 26 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 26 ബോളില്‍ പുറത്താവാതെ 38 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. പഞ്ചാബ് കിങ്‌സുമായുള്ള അടുത്ത മല്‍സരത്തില്‍ റണ്‍ചേസിലാണ് ഡിക്കെ കളിച്ചത്.
20 ബോളില്‍ പുറത്താവാതെ 28 റണ്‍സും താരം അടിച്ചെടുത്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മൂന്നാമത്തെ മല്‍സരത്തിലും ഡിക്കെ മിന്നിച്ചു. വെറും എട്ടു ബോളില്‍ മൂന്നു സിക്‌സറടക്കം 20 റണ്‍സ് വാരിക്കൂട്ടി ഡിക്കെ മടങ്ങുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഡിക്കെ ക്ലിക്കായില്ല. എട്ടു ബോളില്‍ നാലു റണ്‍സ് മാത്രമേ നേടിയുള്ളൂ.
രാജസ്ഥാന്‍ റോയല്‍സിനെതിരേ പക്ഷെ ഡിക്കെയ്ക്കു ബാറ്റ് ചെയ്യാനുള്ള അവസരം കിട്ടിയില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡിക്കെ തന്റെ ആദ്യ ഫിഫ്റ്റിയും കണ്ടെത്തി. 23 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമടക്കം പുറത്താവാതെ 53 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. അതിനു ശേഷമായിരുന്നു കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരേ മറ്റൊരു കിടിലന്‍ ഫിഫ്റ്റി.