ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്കുള്ള വിക്കറ്റ് കീപ്പര്‍മാരുടെ റേസില്‍ ഒപ്പം ചേര്‍ന്നിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്. ഈ സീസണില്‍ ആര്‍സിബി ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും ഫിനിഷറായി ഇറങ്ങി മിന്നിച്ചിരിക്കുകയാണ് ഡിക്കെ. ഇതോടെ 38ാം വയസ്സിലും തനിക്കു ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നു അദ്ദേഹം കാണിച്ചു തന്നിരിക്കുന്നത്.
മൂന്നു ഇന്നിങ്‌സുകളിലായി 44 ബോളുകളാണ് ഡിക്കെ നേരിട്ടത്. ഇവയില്‍ നിന്നും 195.45 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 86 റണ്‍സാണ്. ഏഴു സിക്‌സറുകളും ആറു ഫോറും ഇതിലുള്‍പ്പെടും. വിരാട് കോലിക്കൊപ്പം സീസണില്‍ ആര്‍സിബിക്കായി കൂടുതല്‍ സിക്‌സര്‍ നേടിയവരില്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ് കാര്‍ത്തിക്.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ 26 ബോളില്‍ പുറത്താവാതെ 38 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പഞ്ചാബ് കിങ്‌സിനെതിരേ 10 ബോളില്‍ പുറത്താവാതെ 28 റണ്‍സും ഡികെ അടിച്ചെടുത്തു. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ വെറും എട്ടു ബോളില്‍ 20 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഇതോടെയാണ് ലോകകപ്പ് ടീമിലേക്കു ഡിക്കെയുടെ സാധ്യത വര്‍ധിച്ചിരിക്കുന്നത്.
സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരെക്കൂടാതെയാണ് ഡിക്കെയും ലോകകപ്പില്‍ ടിക്കറ്റ് മോഹിച്ച് രംഗത്തു വന്നത്. ലോകകപ്പ് സ്‌ക്വാഡിലേക്കു അദ്ദേഹത്തെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്. ഇതിന്റെ കാരണങ്ങളറിയാം.
ഇപ്പോഴും ഫിനിഷിങ് ടച്ച് ഡിക്കെയ്ക്കു നഷ്ടമായിട്ടില്ലെന്നതാണ് ആദ്യ കാരണം. മല്‍സരം ജയിപ്പിക്കാന്‍ കഴിയുന്ന, ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു മികച്ച ഫിനിഷറെയാണ് ലോകകപ്പില്‍ ഇന്ത്യക്കു ആവശ്യം. ഈ റോളിലേക്കു ഡിക്കെ പെര്‍ഫെക്ടാണെന്നു ഉറപ്പിച്ച് പറയാം.
ഈ സീസണില്‍ അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ള മൂന്നു മല്‍സരങ്ങളിലെയും പ്രകടനം ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. നേരത്തേ 2022ലെ അവസാനത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്കു ഡിക്കെയ്ക്കു വഴിതുറന്നത് ഇതേ വര്‍ഷത്തെ ഐപിഎല്ലിലെ മിന്നുന്ന പ്രകടനമായിരുന്നു. അന്നും ഫിനിഷറായി അദ്ദേഹം മിന്നിച്ചിരുന്നു. ഈ സീസണില്‍ അതിന്റെ റീപ്ലേയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
റിസ്‌ക്കി ഷോട്ടുകള്‍ കളിക്കാനുള്ള ധൈര്യവും മിടുക്കും കൂള്‍ മനോഭാവവുമാണ് ഡിക്കെയെ ഇന്ത്യന്‍ ടീമിലേക്കു വിളിച്ചേക്കാവുമെന്നതിന്‍റെ രണ്ടാമത്തെ കാരണം. പഞ്ചാബ് കിങ്‌സുമായുള്ള സീസണിലെ രണ്ടാമത്തെ കളിയിലെ പ്രകടനം ഇതിനു നല്ലൊരു ഉദാഹരണമാണ്.

ടി20യില്‍ നിലവിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരിലൊരാളായ അര്‍ഷ്ദീപ് സിങിനെതിരേയുള്ള പ്രകടനം ഇതു കാണിച്ചുതരുന്നു. ആര്‍സിബിക്കു ജയിക്കാന്‍ 20ാം ഓവറില്‍ 10 റണ്‍സ് വേണമെന്നിരിക്കെ അര്‍ഷ്ദീപിന്റെ ആദ്യ ബോളില്‍ സിക്‌സറും മൂന്നാമത്തെ ബോളില്‍ ബൗണ്ടറിയും പായിച്ച് ഡിക്കെ വിജയം കുറിക്കുകയായിരുന്നു.
മധ്യ ഓവറിലും ലോവര്‍ ഓര്‍ഡറിലും കളിക്കാന്‍ മിടുക്കുള്ള വിക്കറ്റ് കീപ്പര്‍ ഇന്ത്യക്കു അധികമില്ലെന്നതാണ് ഡിക്കെയെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ പോവുന്ന മൂന്നാമത്തെ കാരണം. നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നത് ജിതേഷ്, ജുറേല്‍ എന്നിവര്‍ മാത്രമാണ്. ഇഷാന്‍, സഞ്ജു, രാഹുല്‍, റിഷഭ് എന്നിവരെല്ലാം ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്.,
ജിതേഷിനും ജുറേലിനും അനുഭവസമ്പത്ത് കുറവാണെന്നതു ഒരു പോരായ്മയാണ്. ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ ഇതു ഇവര്‍ക്കു തിരിച്ചടിയായേക്കുകയും ചെയ്യും. ഇവിടെയാണ് ഏറെ അനുഭവസമ്പത്തുള്ള ഡിക്കെയ്ക്കു മുന്‍തൂക്കം ലഭിക്കുക. മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്.