കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 36ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ആര്‍സിബിയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടതോടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് സീനിയര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. ഐപിഎല്‍ ചരിത്രത്തില്‍ 250 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് കാര്‍ത്തിക് പേര് ചേര്‍ത്തിരിക്കുന്നത്.
എംഎസ് ധോണിയും രോഹിത് ശര്‍മയും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. ഈ എലൈറ്റ് ക്ലബ്ബിലേക്കാണ് ഇപ്പോള്‍ കാര്‍ത്തികും എത്തിയിരിക്കുന്നത്. ധോണി 257 മത്സരത്തോടെ തലപ്പത്ത് നില്‍ക്കുമ്പോള്‍ 250 മത്സരമാണ് രോഹിത് കളിച്ചത്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷവും ഐപിഎല്ലില്‍ കസറാന്‍ കാര്‍ത്തികിന് സാധിക്കുന്നുണ്ട്. ആര്‍സിബിക്കായി മധ്യ നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെക്കുന്നത്.

ധോണിയെപ്പോലെ പ്രായത്തെ നോക്കുകുത്തിയാക്കിയാണ് കാര്‍ത്തിക് തകര്‍ത്തടിക്കുന്നത്. 7 മത്സരത്തില്‍ നിന്ന് 226 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 75ന് മുകളില്‍ ശരാശരിയും 205ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും കാര്‍ത്തികിനുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറികളും താരം നേടിക്കഴിഞ്ഞു. 16 ഫോറും 18 സിക്‌സും ഉള്‍പ്പെടെയാണ് കാര്‍ത്തിക് സീസണില്‍ കസറുന്നത്. ഇന്ത്യന്‍ ടീമിലേക്ക് കാര്‍ത്തിക് തിരിച്ചുവരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ഐപിഎല്ലിന്റെ ഈ സീസണിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്നുറപ്പ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ആരെന്നതില്‍ ഇപ്പോഴും തീരുമാനമാകാത്തതിനാല്‍ കാര്‍ത്തിക് ഗംഭീര തിരിച്ചുവരവും പ്രതീക്ഷിക്കുന്നു. അവസരം ലഭിച്ചാല്‍ ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാറാണെന്ന് കാര്‍ത്തിക് തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതേ ഫോം തുടര്‍ന്നാല്‍ താരത്തിന് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമാവില്ല.
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ് കാര്‍ത്തിക്. വിക്കറ്റ് കീപ്പര്‍ക്ക് പിന്നിലൂടെ പന്ത് പായിക്കാന്‍ അസാധ്യ മികവ് കാര്‍ത്തികിനുണ്ട്. പ്രയാസമുള്ള ഷോട്ടുകളിലൂടെ അനായാസം ബൗണ്ടറി നേടിയെടുക്കാന്‍ കാര്‍ത്തികിന് സാധിക്കുന്നുവെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. എന്തായാലും എല്ലാവരേയും ഞെട്ടിച്ച് കാര്‍ത്തിക് ദേശീയ ടീമിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
ആര്‍സിബിയെ സംബന്ധിച്ച് കെകെആറിനെതിരായ മത്സരം വളരെ നിര്‍ണ്ണായകമാണ്. ഏഴ് മത്സരത്തില്‍ ആറിലും ആര്‍സിബി തോറ്റു. അതുകൊണ്ടുതന്നെ ഇനിയുള്ള ഏഴ് മത്സരങ്ങളും ജയിക്കാതെ പ്ലേ ഓഫിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കില്ല. ബാറ്റിങ് നിര മികച്ച പ്രകടനം നടത്തുമ്പോഴും ബൗളിങ് നിര ദുരന്തമാവുന്നതാണ് ഇത്തവണ ആര്‍സിബിയെ തളര്‍ത്തുന്നത്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ടീമിനാവുമോയെന്നത് കണ്ടറിയാം.
ഇത്തവണത്തെ വനിതാ പ്രീമിയര്‍ ലീഗ് ആര്‍സിബിക്കായിരുന്നു. എന്നാല്‍ കപ്പിലേക്കെത്താന്‍ പുരുഷ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ കപ്പ് നഷ്ടമായാല്‍ അത് വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്.
പ്ലേയിങ് 11: ആര്‍സിബി- ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, വില്‍ ജാക്‌സ്, രജത് പാട്ടീധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (wc), മഹിപാല്‍ ലോംറോര്‍, കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസന്‍, യഷ് ദയാല്‍, മുഹമ്മദ് സിറാജ്
കെകെആര്‍- ഫില്‍ സാള്‍ട്ട് (wc), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (c), സുനില്‍ നരെയ്ന്‍, അന്‍കൃഷ് രഘുവന്‍ഷി, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ