കൊല്‍ക്കത്ത: തോല്‍വികള്‍ക്കു ബ്രേക്കിട്ട് ഐപിഎല്ലിലേക്കു മികച്ചൊരു തിരിച്ചുവരവ് നടത്താനുള്ള എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നിട്ടും അതു മുതലാക്കാന്‍ സാധിക്കാതെ പോയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അവസാന ബോള്‍ ത്രില്ലറില്‍ ഒരു റണ്‍സിന്റെ നാടകീയ വിജയമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. സീസണില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ ആറാമത്തെ തോല്‍വി കൂടിയായിരുന്നു ഇത്.
ഈ മല്‍സരത്തില്‍ ആര്‍സിബിയുടെ യഥാര്‍ഥ വില്ലന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണെന്നു പറയേണ്ടിവരും. കാരണം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ പിഴവുകളാണ് ടീമിനെ പരാജയത്തിലേക്കു തള്ളിയിട്ടത്. കളിയില്‍ 18 ബോളില്‍ നിന്നും മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 25 റണ്‍സ് നേടിയാണ് 19ാമത്തെ ഓവറില്‍ ഡിക്കെ പുറത്തായത്. അദ്ദേഹം കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തുകയും ടീമംഗമായ കരണ്‍ ശര്‍മയില്‍ വിശ്വസിക്കുകയും ചെയ്തിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.

അവസാനത്തെ രണ്ടോവറുകളില്‍ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 31 റണ്‍സായിരുന്നു. 12 ബോളില്‍ നിന്നും 15 റണ്‍സെടുത്ത ഡിക്കെയ്‌ക്കൊപ്പം രണ്ടു ബോളില്‍ നിന്നും രണ്ടു റണ്‍സോടെ ഇടംകൈയന്‍ ബാറ്ററും സ്പിന്നറുമായ കരണ്‍ ശര്‍മയായിരുന്നു അപ്പോള്‍ ക്രീസില്‍. ആന്ദ്രെ റസ്സലാണ് 19ാമത്തെ ഓവര്‍ ബൗള്‍ ചെയ്യനെത്തിയത്.
സ്‌ട്രൈക്ക് നേരിട്ടത് ഡിക്കെയുമായിരുന്നു. റസ്സലിന്റെ ആദ്യത്തേത് ഒരു സ്ലോ ബോളായിരുന്നു. ഹുക്ക് ഷോട്ടിനു ഡിക്കെ ശ്രമിച്ചെങ്കിലും ബോള്‍ പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. അദ്ദേഹത്തിന്റെ തോളില്‍ തട്ടിയ ശേഷം ബോള്‍ നേരെ തേര്‍ഡ് മാന്‍ ഏരിയയിലേക്ക്. ഉറപ്പായും സിംഗിള്‍ ലഭിക്കേണ്ടിയിരുന്ന സന്ദര്‍ഭമായിരുന്നു അത്.
പക്ഷെ തന്റെ ബാറ്റിങ് പങ്കാളിയായ കരണില്‍ ഡിക്കെ വിശ്വാസമര്‍പ്പിച്ചില്ല. സിംഗിള്‍ വേണ്ടെന്നും താന്‍ തന്നെ ടീമിനെ ജയിപ്പിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. അടുത്തത് പാഡുകള്‍ ലക്ഷ്യമിട്ട് ഒരു ഫുള്ളര്‍ ലെങ്ത്ത് ബോളായിരുന്നു. ഡിക്കെ അതു ഫ്‌ളിക്ക് ചെയ്യാന്‍ തുനിഞ്ഞെങ്കിലും ഒരിക്കല്‍ക്കൂടി മിസ്സായി. പാഡുകളില്‍ തട്ടിയ ശേഷം ബോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കാണ് പോയത്.
ഇവിടെയും ഒരു സിംഗിള്‍ ഡിക്കെയ്ക്കും കരണിനും ഓടിയെടുക്കാമായിരുന്നു. പക്ഷെ കരണിനു തന്നെപ്പോലെ ഷോട്ടുകള്‍ കളിക്കാനും ടീമിനെ ജയിപ്പിക്കാനും ശേഷിയില്ലെന്നു കരുതിയ ഡിക്കെ വീണ്ടും സിംഗിള്‍ വേണ്ടെന്നു ആംഗ്യം കാണിക്കുകയായിരുന്നു, ഈ രണ്ടു റണ്‍സും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ആര്‍സിബി കളി ജയിച്ചേനേ. കാരണം വെറുമൊരു റണ്‍സിനാണ് അവര്‍ മല്‍സരം കൈവിട്ടതെന്നു മറക്കരുത്.

ആദ്യത്തെ രണ്ടു ബോളിലും റണ്ണെടുക്കാന്‍ വിസമ്മതിച്ച ശേഷം മൂന്നാമത്തെ ബോളില്‍ ഡിക്കെ സിക്‌സര്‍ പായിച്ചു. പാഡുകളിലേക്കു വന്ന ബോള്‍ ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ അദ്ദേഹം സിക്‌സറിലെത്തിക്കുകയായിരുന്നു. ഇതോടെ ആര്‍സിബിക്കു ഒമ്പതു ബോളില്‍ ജയിക്കാന്‍ വേണ്ടത് 25 റണ്‍സ്.
അടുത്തത് ഓഫ് സ്റ്റംപിനു പുറത്തൊരു ബോളായിരുന്നു. ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു ഷോട്ട് പായിച്ച ഡിക്കെ വീണ്ടുമൊരിക്കല്‍ക്കൂടി സിംഗിള്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ മൂന്നാമത്തെ റണ്‍സും ആര്‍സിബി നഷ്ടപ്പെടുത്തി. അടുത്ത ബോളില്‍ ഡിക്കെ ഫോറടിച്ചൈങ്കിലും അവസാന ബോളില്‍ പുറത്താവുകയും ചെയ്തു. ഓവറില്‍ ആര്‍സിബിക്കു ലഭിച്ചത് 10 റണ്‍സ് മാത്രം. 13 റണ്‍സ് ലഭിക്കേണ്ടിയിരുന്ന ഇടത്താണ് ഡിക്കെ കാരണം ടീമിനു തിരിച്ചടിയുണ്ടായത്.
തന്റെ ബാറ്റിങില്‍ വിശ്വാസമര്‍പ്പിക്കാതിരുന്ന ഡിക്കെയെ സ്തബ്ധനാക്കുന്ന പ്രകടനമാണ് 20ാം ഓവില്‍ കരണ്‍ കാഴ്ചവച്ചത്, മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ആദ്യത്തെയും മൂന്നാമത്തെയും ബോളുകള്‍ അദ്ദേഹം കിടിലന്‍ ഷോട്ടുകളിലൂടെ സിക്‌സറിലേക്കു പറത്തുകയായിരുന്നു.
നാലാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സര്‍ കരണ്‍ കണ്ടെത്തിയതോടെ ആര്‍സിബി ജയത്തിനു തൊട്ടരികിലുമെത്തി. രണ്ടു ബോളില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് മാത്രം. പക്ഷെ അഞ്ചാമത്തെ ബോളില്‍ കരണിനെ സ്റ്റാര്‍ക്ക് സ്വന്തം ബൗളിങില്‍ പിടികൂടിയത് നിര്‍ണായകമായി. അവസാന ബോളില്‍ സിംഗിളെടുത്ത് ആര്‍സിബി ഒരു റണ്‍സിന്റെ തോല്‍വിയും സമ്മതിച്ചു.