ബെംഗളൂരു: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഐപിഎല്ലില്‍ തനിനിറം പുറത്തെടുത്തിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മാരക ഫോമിലായിരുന്നു അദ്ദേഹം. എന്നാല്‍ അതിനു ശേഷം ഡിക്കെ തുടച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള നിര്‍ണായക പോരാട്ടത്തിലും ഡിക്കെ നനഞ്ഞ പടക്കമായി മാറി. രണ്ടു ബോളുകള്‍ നേരിട്ട ഡിക്കെ പൂജ്യത്തിനു ക്രീസ് വിടുകയായിരുന്നു.
ഇതോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഐപിഎല്ലില്‍ ഇതു 18ാം തവണയാണ് കാര്‍ത്തിക് പൂജ്യത്തിനു മടങ്ങിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഡെക്കായ താരമെന്ന നാണക്കേടാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയാണ് രക്ഷപ്പെട്ടിരിക്കുന്നത്. നേരത്തേ 17 ഡെക്കുകളുമായി തലപ്പത്ത് നില്‍ക്കുകയായിരുന്നു ഹിറ്റ്മാന്‍. ഇപ്പോള്‍ ഡിക്കെ തലപ്പത്തേക്കു കയറിയതോടെ രോഹിത്തിനു ആശ്വാസമായിരിക്കുകയാണ്.

രോഹിത്തിനെക്കൂടാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും 17 തവണ ഐപിഎല്ലില്‍ ഡെക്കായിട്ടുണ്ട്. ഇപ്പോള്‍ രണ്ടു പേരെയും പിന്തള്ളിയാണ് ടൂര്‍ണമെന്റിലെ പുതിയ ഡെക്ക് കിങായി ഡിക്കെ മാറിയിരിക്കുന്നത്. കൂടുതല്‍ തവണ ഡെക്കായിട്ടുള്ള താരങ്ങളുടെ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ പിയൂഷ് ചൗള, സുനില്‍ നരെയ്ന്‍ എന്നിവരാണ്. രണ്ടു പേരും 16 തവണ വീതം ഡെക്കായിട്ടുണ്ട്.
ഈ സീസണില്‍ ആര്‍സിബിക്കു വേണ്ടി ഫിനിഷറായി പല ഇടിവെട്ട് ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള ഡിക്കെയില്‍ നിന്നും മറ്റൊരു തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബി ആഗ്രഹിച്ചത്. 18ാം ഓവറിലെ നാലാമത്തെ ബോളില്‍ മഹിപാല്‍ ലൊംറോര്‍ പുറത്തായതിനെ തുടര്‍ന്നാണ് ഡിക്കെ ക്രീസിലെത്തിയത്. ഖലീല്‍ അഹമ്മദിന്റെ ബൗളിങില്‍ അഭിഷേക് പൊറേലിനു ക്യാച്ച് നല്‍കിയാണ് ലൊംറോര്‍ മടങ്ങിയത്. ക്രീസിലെത്തിയ ഡിക്കെയ്ക്കു ആദ്യത്തെ ബോളില്‍ റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു.
ഓഫ്സ്റ്റംപിനു പുറത്ത് ഒരു ലെങ്ത്ത് ബോളാണ് ഖലീല്‍ എറിഞ്ഞത്. വളരെ വൈകി ഒരു കട്ട് ഷോട്ടിനാണ് ഡിക്കെ ശ്രമിച്ചത്. പക്ഷെ ബാക്ക് വേര്‍ഡ് പോയിന്റില്‍ നേരെ കുല്‍ദീപ് യാദവിന്റെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം അനായാസം പിടിയിലൊതുക്കുകയും ചെയ്തു. ഇതോടെ കാര്‍ത്തിക്കിനു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു. ഈ സീസണില്‍ ഇതാദ്യമായാണ് കാര്‍ത്തിക്കിനു അക്കൗണ്ട് തുറക്കാനാവാതെ വിക്കറ്റ് കൈവിടേണ്ടി വന്നത്.

ആര്‍സിബിക്കായി 13 മല്‍സരങ്ങളില്‍ 11 ഇന്നിങ്‌സുകളിലാണ് കാര്‍ത്തിക് ബാറ്റ് വീശിയത്. ഇവയില്‍ നിന്നും 43 ശരാശരിയില്‍ 194.16 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 301 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കും മുമ്പ് വരെ അവിശ്വസനീയ ഫോമിലായിരുന്നു ഡിക്കെ. ഇതോടെ ലോകകപ്പ് ടീമിലേക്കു അദ്ദേഹം അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു. പക്ഷെ റിഷഭ് പന്തിനും സഞ്ജു സാംസണിനുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു നറുക്കുവീണത്.
2022ലെ കഴിഞ്ഞ ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഐപിഎല്ലിലും ഡിക്കെ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഇതു പരിഗണിച്ച് ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുകയും ചെയ്തു. പക്ഷെ ലോകകപ്പില്‍ ഡിക്കെ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ടൂര്‍ണമെന്റിനു ശേഷം ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ട അദ്ദേഹം പിന്നീട് ദേശീയ ടീമിന്റെ ഭാഗമായിട്ടുമില്ല.