അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ് വലിയ നാണക്കേടുമായാണ് ഈ സീസണ്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ആറാമത്തെ കിരീടം തേടിയിറങ്ങിയ മുംബൈയ്ക്കു പ്ലേഓഫില്‍ പോലും എത്താനായില്ലെന്നു മാത്രമല്ല പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തും ഫിനിഷ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു ഇതു മുംബൈയ്‌ക്കൊപ്പം അവസാന സീസണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ അദ്ദേഹത്തോടു മുംബൈയില്‍ തുടരാന്‍ ടീമുടമ നിത അംബാനി അഭ്യര്‍ഥിച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
വൈറലായി മാറിയ ഒരു വീഡിയോയാണ് ഇങ്ങനെയൊരു അഭ്യൂഹത്തിനു വഴിയൊരുക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കഴിഞ്ഞ ദിവസം വാംഖഡെയില്‍ നടന്ന മല്‍സശേഷം രോഹിത്തുമായി നിത അംബാനി ഏറെ നേരം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ടീമിന്റെ ഈ സീസണിലെ മോശം പ്രകടനത്തെ കുറിച്ച് തന്നെയായിരിക്കാം ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെയാണ് ഒരു വിഭാഗം ആരാധകര്‍ രോഹിത്തിനോടു ടീം വിടരുതെന്നു നിത അംബാനി അപേക്ഷിക്കുകയാണ് ചെയ്യുന്നതെന്നു ഈ വീഡിയോയില്‍ വ്യക്തമാണെന്നു അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ടു പേരും എന്താണ് സംസാരിച്ചത് എന്നതിന്റെ വ്യക്തമായ ഓഡിയോ ലഭ്യമല്ല. രോഹിത്തിനോടു അടുത്ത സീസണിലും മുംബൈയില്‍ തുടരണമെന്നു തന്നെയായിരിക്കാം നിത അംബാനി പറഞ്ഞിരിക്കുന്നതെന്നാണ് ആരാധകര്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്.
രോഹിത് ശര്‍മയുമായി നിത അംബാനി സംസാരിക്കുന്ന വീഡിയോ
എന്നാല്‍ ഇനിയുമൊരു സീസണ്‍ കൂടി രോഹിത് മുംബൈ ടീമില്‍ തന്നെ തുടരാനുള്ള സാധ്യത തീരെ കുറവാണെന്നു ഉറപ്പാണ്. കാരണം ഈ സീസണിനു മുന്‍പ് നായകസ്ഥാനത്തു നിന്നും തന്നെ പുറത്താക്കി പകരം ഹാര്‍ദിക്ക് പാണ്ഡ്യക്കു ക്യാപ്റ്റന്‍സി നല്‍കിയതില്‍ അദ്ദേഹത്തിനു കടുത്ത നിരാശയും രോഷവുമുണ്ട്. ടീമുടമകളുമായുള്ള രോഹിത്തിന്റെ ബന്ധത്തിലും അതിനു ശേഷം വിള്ളല്‍ വീണിരുന്നു. രോഹിത് തന്റെ അതൃപ്തി ഒരിക്കലും പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഭാര്യ റിതിക സജ്‌ദേയുടെ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.
പുതിയ നായകന്‍ ഹാര്‍ദിക്കുമായി സീസണിന്റെ തുടക്കം മുതല്‍ ഒരു തരത്തിലും ഒത്തുപോവാന്‍ രോഹിത്തിനായിട്ടില്ല. ഇതാണ് സീസണിനു ശേഷം വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ടീം വിടാന്‍ തന്നെയാണ് ആഗ്രഹമെന്നു രോഹിത് അറിയിച്ചു കഴിഞ്ഞാല്‍ മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം കാണില്ല. അങ്ങനെ വന്നാല്‍ ലേലത്തിലെ കളിക്കാരുടെ പൂളില്‍ രോഹിത്തിനെയും തീര്‍ച്ചയായും കാണാന്‍ സാധിച്ചേക്കും.

ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയെങ്കിലും മുംബൈ ടീം മാനേജ്‌മെന്റിന്റെ ഭാവി പദ്ധതികളില്‍ നിര്‍ണാക റോള്‍ രോഹിത്തിനു ലഭിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഭാവി കോച്ചോ, ഉപദേശകനോ ഒക്കെ ആയി അദ്ദേഹം വന്നേക്കുകയും ചെയ്യും.
ഈ കാരണത്താല്‍ തന്നെ രോഹിത്തിനെ മുംബൈക്കൊപ്പം തന്നെ നിലനിര്‍ത്താനായിരിക്കും ടീം മാനേജ്‌മെന്റ് ശ്രമിക്കുക. പക്ഷെ ഒന്ന്, രണ്ടു സീസണ്‍ കൂടി ഐപിഎല്ലില്‍ കളിക്കാനാണ് രോഹിത്തിന്റെ പ്ലാനെങ്കില്‍ അദ്ദേഹം ടീം വിടുമെന്നതില്‍ സംശയമില്ല.
രോഹിത്തിനു ക്യാപ്റ്റന്‍സി നല്‍കാന്‍ തയ്യാറായി ചില ടീമുകള്‍ മുന്നോട്ടു വരികയും ചെയ്യും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളുമായെല്ലാം ചേര്‍ത്ത് അദ്ദേഹത്തിന്റെ പേരില്‍ ഗോസിപ്പുകള്‍ വരുന്നുണ്ട്. അതുകൊണ്ടു തന്നെ മുംബൈ ടീമില്‍ ഹിറ്റ്മാന്‍ തുടരുമോ, ഇല്ലയോ എന്നതു കാത്തിരുന്നു തന്നെ കാണാം.