IPL 2024: രോഹിത്തിനെ തരൂ..., മുംബൈയോട് ചോദിച്ച് ഡല്‍ഹി- കൂടുമാറ്റം നടക്കുമോ?
മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയതോടെ താരത്തിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. മുംബൈ ഇന്ത്യന്‍സ് വിട്ട് രോഹിത് എങ്ങോട്ട് പോകുമെന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സിഎസ്‌കെ, ആര്‍സിബി തുടങ്ങിയ പല ടീമുകളിലേക്കും രോഹിത് ശര്‍മ കൂടുമാറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ലായിരുന്നു.
ഇപ്പോഴിതാ രോഹിത്തിനെ വാങ്ങാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഒടുവിലായി പുറത്തുവരുന്നത്. ഈ സീസണിന് മുമ്പ് തന്നെ ഈ കൂടുമാറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹിയുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ്. നേരത്തെ മുംബൈ ഇന്ത്യന്‍സില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ് പോണ്ടിങ്ങും രോഹിത്തും. പോണ്ടിങ് മുംബൈയുടെ പരിശീലകനായിരിക്കെ രോഹിത്തിന് കീഴില്‍ മുംബൈ കിരീടം നേടിയിരുന്നു.
നിലവില്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ നായകന്‍. ഈ സീസണില്‍ റിഷഭ് പന്ത് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. റിഷഭ് തിരിച്ചെത്തിയാലും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണ്ടിവരും. അതുകൊണ്ടുതന്നെ രോഹിത്തിനെ ടീമിലെത്തിച്ച് നായകനാക്കാനാവും ഡല്‍ഹിയുടെ പദ്ധതി. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വലിയ അതൃപ്തിയാണ് എല്ലാവര്‍ക്കുമുള്ളത്. രോഹിത്തിനും ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ അതൃപ്തിയുണ്ടാവുമെന്നുറപ്പ്.
രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ റിപ്പോര്‍ട്ടിന് പിന്നാലെ സൂര്യകുമാര്‍ യാദവ് തകര്‍ന്ന ഹൃദയത്തിന്റെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആരാധകര്‍ക്കും മുംബൈയിലെ സഹതാരങ്ങള്‍ക്കും അംഗീകരിക്കാനാവാത്ത തീരുമാനമാണ് ടീം മാനേജ്‌മെന്റിന്റേത്. നായകനെന്ന നിലയില്‍ മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത്. അതുകൊണ്ടുതന്നെ ഇത്തരമൊരു പടിയിറക്കല്‍ നടത്തിയത് രോഹിത്തിനോടുള്ള അവഹേളനമായാണ് ആരാധകര്‍ കാണുന്നത്.

രോഹിത്തിന്റെ മികവുകള്‍ സിഎസ്‌കെ ആദരവ് അര്‍പ്പിച്ചതിന് രോഹിത്തിന്റെ ഭാര്യ റിതിക നന്ദി പറയുകയും ചെയ്തു. ഇതില്‍ നിന്ന് തന്നെ രോഹിത്തിന് നായകസ്ഥാനം നഷ്ടമായതില്‍ രോഷമുണ്ടെന്നുറപ്പ്. ഇത്തവണ ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്കെത്തിക്കാനും രോഹിത്തിനായിരുന്നു. ഗംഭീര ബാറ്റിങ് പ്രകടനമായിരുന്നു രോഹിത് കാഴ്ചവെച്ചതും. എന്നിട്ടും രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതാണ് എടുത്തു പറയേണ്ടത്.
ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് രോഹിത്തെത്തിയാല്‍ ടീമിനത് മുതല്‍ക്കൂട്ടാവും. രോഹിത്തിനെപ്പോലൊരു സൂപ്പര്‍ താരത്തെ ഡല്‍ഹിക്ക് ലഭിക്കുന്നതോടെ താരത്തിന്റെ ആത്മവിശ്വാസം ഉയരും. രോഹിത്തിന്റെ സാന്നിധ്യം തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോണ്ടിങ്ങിനെയും സഹായിക്കും. അതുകൊണ്ടുതന്നെ രോഹിത്തിനെ പറയുന്ന വിലക്ക് സ്വന്തമാക്കാന്‍ ഡല്‍ഹി തയ്യാറായേക്കും. എന്നാല്‍ സമീപകാലത്തായി രോഹിത്തിന്റെ ഐപിഎല്ലിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.
2020ന് ശേഷം മുംബൈയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ മുംബൈ തീരുമാനിക്കുകയായിരുന്നു. അവസാന സീസണോടെ മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ എന്ത് വിലകൊടുത്തും കപ്പടിക്കാനാണ് മുംബൈ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് തിടുക്കപ്പെട്ട് ഇത്തരത്തിലൊരു മാറ്റം.
എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകനായി എത്തുമ്പോള്‍ അത്ഭുതം സൃഷ്ടിക്കാന്‍ സാധ്യത വളരെ കുറവാണ്. നിലവില്‍ ഹാര്‍ദിക്കിന്റെ വരവില്‍ മുംബൈയിലെ സഹതാരങ്ങള്‍ക്ക് വലിയ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ടീമിനുള്ളില്‍ കലഹമുണ്ടാവാനുള്ള സാധ്യതയാണ് കൂടുതല്‍. ഹാര്‍ദിക് മുംബൈയിലേക്കെത്തുമ്പോള്‍ ടീമിനുള്ളില്‍ ഒത്തൊരുമയുണ്ടാക്കുകയാണ് പ്രധാന പ്രശ്‌നം. അത് അത്ര എളുപ്പമാവില്ല. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ടീം വിട്ടാല്‍ മുംബൈക്കത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്.
രോഹിത് ശര്‍മ ടീം വിടുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ പുതിയ തട്ടകം ഏതായിരിക്കുമെന്നാണ് കണ്ടറിയേണ്ടത്. സിഎസ്‌കെ, ആര്‍സിബി, ഡല്‍ഹി ടീമുകളിലൊന്നിലേക്കായിരിക്കും രോഹിത് കൂടുമാറാന്‍ കൂടുതല്‍ സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications