ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വീരേന്ദര്‍ സെവാഗെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമാണ് യുവ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്മാരാക്കിയ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ കരിയര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ പൃഥ്വി ഇപ്പോള്‍ ടീമിനു അധികപ്പറ്റായി മാറിയിട്ടുണ്ട്. സീസണിനു ശേഷം നടക്കാനിരിക്കുന്ന മെഗാതാരലേലത്തിനു മുമ്പ് അദ്ദേഹത്തെ ഡിസി കൈവിടുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അടുത്ത സീസണില്‍ പുതിയൊരു ടീമിനൊപ്പമായിരിക്കും പൃഥ്വിയെ കാണാന്‍ സാധിക്കുക.
2018 മുതല്‍ ഡിസി ടീമിന്റെ ഭാഗമായ അദ്ദേഹത്തെ ഈ സീസണില്‍ വെറും എട്ടു മല്‍സരങ്ങളില്‍ മാത്രമേ കളിപ്പിച്ചിട്ടുള്ളൂ. ശേഷിച്ച ആറു മല്‍സരങ്ങളിലും പൃഥ്വിക്കു പുറത്തിരിക്കേണ്ടി വന്നു. 24.75 ശരാശരിയില്‍ 163.64 സ്‌ട്രൈക്ക് റേറ്റില്‍ 198 റണ്‍സാണ് താരത്തിനു സ്‌കോര്‍ ചെയ്യാനായത്. ഒരു ഫിഫ്റ്റി മാത്രമേ പൃഥ്വിക്കു നേടാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 66 റണ്‍സാണ്.

കഴിഞ്ഞ രണ്ടു സീസണുകളിലെ പ്രകടനമെടുത്താല്‍ താരത്തിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണുണ്ടായിട്ടുള്ളത്. ഈ സീണില്‍ മാത്രമല്ല കഴിഞ്ഞ തവണയും എട്ടു മല്‍സങ്ങളില്‍ മാത്രമാണ് പൃഥ്വിയെ കളിപ്പിച്ചത്. 13.25 എന്ന പരിതാപകരമായ ശരാശരിയില്‍ നേടാനാത് വെറും 106 റണ്‍സ് മാത്രം.
2021ലായിരുന്നു പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്. 15 മല്‍സരങ്ങളില്‍ നിന്നും 159.13 സ്‌ട്രൈക്ക് റേറ്റില്‍ 479 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. 2019ലും പൃഥ്വി മിന്നിച്ചു. 16 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 353 റണ്‍സാണ്. മറ്റൊരു സീസണിലും താരത്തിനു 300 റണ്‍സിലെത്താനായിട്ടില്ല.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കഴിഞ്ഞ ദിവസം നടന്ന ഡിസിയുടെ അവസാനത്തെ മല്‍സരത്തില്‍ പൃഥ്വിക്കു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഡിസി ടീം മാനേജ്മെന്റ് ഒരിക്കല്‍ക്കൂടി താരത്തെ തഴഞ്ഞു. എന്തുകൊണ്ടാണ് പൃഥ്വിയെ ഒഴിവാക്കിയതെന്നു ബാറ്റിങ് കോച്ച് പ്രവീണ്‍ ആംറെ തുറന്നു പറയുകയും ചെയ്തിരുന്നു.
ഡിസി നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് പൃഥ്വി. അവസാനത്തെ നാല്- അഞ്ച് മല്‍സരങ്ങളിലും അവന്‍ ബെഞ്ചിലായിരുന്നു. ഐപിഎല്‍ ഇങ്ങനെയാണ്. നിങ്ങള്‍ ഫോമില്‍ അല്ലെങ്കില്‍ ടീമില്‍ സ്ഥാനം നിനിര്‍ത്താന്‍ സാധിക്കില്ല. ആത്യന്തികമായി ടീമിനു മേലുള്ള സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. എല്ലാ മല്‍സരങ്ങളും പ്രധാനപ്പെട്ടതും ജയിക്കേണ്ടതുമാണെന്നും ആംറെ പറഞ്ഞു. മോശം കാരണം തന്നെയാണ് പൃഥ്വിയെ ഡിസി തഴഞ്ഞതെന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

ഈ സീസണിനു ശേഷം ഡിസി കൈവിടുമെന്നുറപ്പായതോടെ പൃഥ്വിക്കു പുതിയ ടീം തേടേണ്ടതായി വരും. പക്ഷെ നിലവിലെ ഫോമില്‍ ലേലത്തില്‍ അദ്ദേഹത്തിനു അധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയില്ല. മോശം ഫോമും അമിത വണ്ണവുമെല്ലാം പൃഥ്വിക്കു തിരിച്ചടിയാവുന്ന കാര്യങ്ങളാണ്. എങ്കിലും ലേലത്തില്‍ പൃഥ്വി അണ്‍സോള്‍ഡായി മാറാന്‍ സാധ്യതയില്ല. ചില ടീമുകള്‍ തീര്‍ച്ചയായും താരത്തിനു വേണ്ടി ശ്രമിച്ചേക്കും.
മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ് അടുത്ത സീസണില്‍ പുതിയൊരു ഓപ്പണറെ തിരയുന്ന ടീമുകള്‍. മുന്‍ നായകന്‍ രോഹിത് ശര്‍മ ഈ സീസണിനു ശേഷം മുംബൈ വിടുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കെ പകരക്കാരനായി ഈ റോളിലേക്കു പരിഗണിക്കാവുന്നയാളാണ് പൃഥ്വി. ഹിറ്റ്മാന്റെ അതേ ശൈലിയില്‍ തകര്‍ത്തടിക്കാന്‍ ശേശഷിയുള്ള ബാറ്ററാണ് അദ്ദേഹം. അതുകൊണ്ടു തന്നെ പൃഥ്വിയെ ലേലത്തില്‍ വാങ്ങാന്‍ മുംബൈ ശ്രമിച്ചേക്കും.
പഞ്ചാബ് കിങ്‌സാണ് ലേലത്തില്‍ പൃഥ്വിയെ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു ടീം. ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാനെ അടുത്ത സീസണിലും പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയില്ല. പകരം ഈ റോളിലേക്കു അവര്‍ക്കു അനുയോജ്യനായ താരമാണ് പൃഥ്വി. ഗുജറാത്ത് ടൈറ്റന്‍സാണ് അദ്ദേഹത്തെ വാങ്ങാനിടയുള്ള മറ്റൊരു ടീം. വെറ്ററന്‍ ഓപ്പണര്‍ വൃധിമാന്‍ സാഹയ്ക്കു പകരം പൃഥ്വിയെ ഡിസി വാങ്ങിയേക്കും. അതു സംഭവിച്ചാല്‍ അണ്ടര്‍ 19 ലോകകപ്പിലെ മുന്‍ സഹതാരങ്ങളായ ശുഭ്മന്‍ ഗില്ലും പൃഥ്വിയും ഒരുമിച്ചു കളിക്കുന്നതു കാണാന്‍ സാധിക്കും.