ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഐപിഎല്ലിലെ 16ാമത് മല്‍സരത്തില്‍ വമ്പന്‍ ജയം ആഘോഷിച്ചിരിക്കുകയാണ് രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. റിഷഭ് പന്തിനെയും സംഘത്തെയും അവരുടെ കാണികള്‍ക്കു മുന്നില്‍ 106 റണ്‍സിനാണ് കെകെആര്‍ നിഷ്പ്രഭരാക്കിയത്. ക്യാപ്റ്റന്‍ റിഷഭിനു സംഭവിച്ച വലിയൊരു അബദ്ധമാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. കെകെആറിന്റെ ഹീറോയായ സുനില്‍ നരെയ്‌നെ തുടക്കത്തില്‍ തന്നെ മടക്കാനുള്ള സുവര്‍ണാവസരം അദ്ദേഹം പാഴാക്കിയിരുന്നു.
വ്യക്തിഗത സ്‌കോര്‍ 24ല്‍ നില്‍ക്ക നരെയ്‌നെതിരേ ഒരു റിവ്യു റിഷഭ് എടുക്കാതിരുന്നത് മല്‍സരത്തില്‍ നിര്‍ണായകമായി മാറി. ഇഷാന്ത് ശര്‍മയെറിഞ്ഞ നാലാമത്തെ ഓവറിലായിരുന്നു സംഭവം. നരെയ്‌ന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ റിഷഭ് ക്യാച്ചെടുത്തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. റിവ്യു എടുത്തിരുന്നെങ്കില്‍ അതു ഉറപ്പായും ഔട്ടായിരുന്നു. പക്ഷെ റിവ്യു എടുക്കുന്നതില്‍ റിഷഭിനു പിഴയ്ക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു അബദ്ധം തനിക്കു സംഭവിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് റിഷഭ്.

മല്‍സരശേഷം സംസാരിക്കവെയാണ് നരെയ്‌നെതിരേ ഡിആര്‍എസ് എടുക്കാതിരുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്. സ്റ്റേഡിയത്തിലെ കാണികളുടെ ബഹളം വളരെ കൂടുതലായിരുന്നു. കൂടാതെ സ്‌ക്രീനില്‍ ഡിആര്‍എസ് ടൈമര്‍ ഞാന്‍ കണ്ടതുമില്ല. ഡിആര്‍എസ് സ്‌ക്രീനിന്റെ കാര്യത്തിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ സാധിക്കും, ചിലതാവട്ടെ നിയന്ത്രിക്കാനും കഴിയില്ല. ഒഴുക്കിനോടൊപ്പം നിങ്ങള്‍ പോവേണ്ടത് ആവശ്യമാണെന്നും റിഷഭ് പറഞ്ഞു.
ബൗളിങില്‍ ടീം കുറേക്കൂടി മികച്ച പ്രകടനം ഈ മല്‍സരത്തില്‍ കാഴ്ചവയ്ക്കേണ്ടത് ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബൗളിങില്‍ ഞങ്ങള്‍ എല്ലായിടത്തുമുണ്ടായിരുന്നു. ഞങ്ങള്‍ കുറേക്കൂടി നന്നായി പെര്‍ഫോം ചെയ്യേണ്ടതായിരുന്നു. ഞങ്ങള്‍ക്കു അതിനു കഴിയാതെ പോയ ദിവസങ്ങളിലൊന്നാണ് ഇതെന്നു ഞാന്‍ കരുതുന്നു.
ബാറ്റിങ് യൂണിറ്റെന്ന നിലയില്‍ ഞങ്ങള്‍ തുടക്കം മുതല്‍ ആഞ്ഞടിക്കാമെന്നായിരുന്നു പ്ലാന്‍ ചെയ്തത്. ആ തരത്തിലാണ് ഇതു പോലെയുള്ള മല്‍സരങ്ങളെ ഞങ്ങള്‍ സമീപിക്കാറുള്ളത്. കാരണം ഇതു പോലെയുള്ള ടോട്ടലുകള്‍ ചേസ് ചെയ്യാന്‍ സാധിക്കാതെ പോവുന്നതിനേക്കാള്‍ നല്ലത് അതിനു ശ്രമിച്ച ശേഷം ഓള്‍ഔട്ടാവുന്നതാണെന്നും റിഷഭ് കൂട്ടിച്ചേര്‍ത്തു.

ഫിറ്റ്‌നസിനെയും തിരിച്ചുവരവിനെയും കുറിച്ചുള്ള ചോദ്യത്തിനു താന്‍ ഓരോ ദിസവും നന്നായി ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു റിഷഭിന്റെ മറുപടി. ഒരു ടീമെന്ന നിലയിലും, വ്യക്തിയെന്ന നിലയിലും നന്നായി പ്രതിഫലിപ്പിക്കാനും അടുത്ത കളിയില്‍ ശക്തമായ തിരിച്ചുവരാനുമുള്ള സമയമാണിത്. ക്രിക്കറ്റിനു അതിന്റേതായ ഉയര്‍ച്ചകളും താഴ്ചകളുമുണ്ട്. അതേ സമയത്തു തന്നെ വ്യക്തിയെന്ന നിലയില്‍ ഏറ്റവും മികച്ചതു നല്‍കാന്‍ നിങ്ങള്‍ക്കു ശ്രമിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കെകെആര്‍ ഏഴു വിക്കറ്റിനു 272 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ഡിസി പരാജയം മണത്തിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ കൂടിയാണിത്. 39 ബോളില്‍ 85 റണ്‍സ് വാരിക്കൂട്ടിയ നരെയ്‌നാണ് മല്‍സരം ഡിസിയില്‍ നിന്നു തട്ടിയെടുത്തത്.
യുവതാരം അന്‍ക്രിഷ് രഘുവംശി 27 ബോളില്‍ 54 റണ്‍സുമെടുത്തു. മറുപടിയില്‍ ഡിസി പൊരുതി നോക്കിയെങ്കിലും 17.2 ഓവറില്‍ 166 റണ്‍സിനു പുറത്താവുകയായിരുന്നു. റിഷഭ് 55 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോറായി മാറി. 54 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് മറ്റൊരു പ്രധാന സ്‌കോറര്‍.