Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലം! പൊരുതി വീണ് റോയല്‍സ്, പ്ലേഓഫിന് കാത്തിരിക്കണം

ഡല്‍ഹി: ഐപിഎല്ലിന്റെ പ്ലേഓഫ് ബെര്‍ത്തിനായി രാജസ്ഥാന്‍ റോയല്‍സിനു ഇനിയും കാത്തിരിക്കണം. ജയിച്ചാല്‍ പ്ലേഓഫിലെത്താമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ റോയല്‍സ് എവേ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു പൊരുതിവീണു. 400ന് മുകളില്‍ റണ്‍സ് കണ്ട മല്‍സരത്തില്‍ 20 റണ്‍സിന്റെ വിജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്. ഇതോടെ പ്ലേഓഫ് സാധ്യതയും ഡിസി കാത്തുസൂക്ഷിച്ചിരിക്കുകയാണ്.

222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് റോയല്‍സിനു ഡിസി നല്‍കിയത്. ഇതിലേക്കു റോയല്‍സ് വീറോടെ തന്നെ പൊരുതി നോക്കിയെങ്കിലും എട്ടു വിക്കറ്റിനു 201 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നായകന്‍ സഞ്ജു സാംസണിന്റെ (86) ഒറ്റയാള്‍ പോരാട്ടമാണ് റോയല്‍സിനെ വിജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. അര്‍ഹിച്ച സെഞ്ച്വറിക്കു വെറും 14 റണ്‍സകലെ തേര്‍ഡ് അംപയറുടെ വിവാദ തീരുമാനത്തില്‍ അദ്ദേഹം പുറത്താവുകയായിരുന്നു. 46 ബോളില്‍ എട്ടു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.

SANJU SAMSON

റോയല്‍സ് നിരയില്‍ മറ്റാരും 30 റണ്‍സ് പോലുമെടുത്തില്ല. റിയാന്‍ പരാഗ് 27 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ശുംഭം ദുബെ 25 റണ്‍സും നേടി പുറത്തായി. യശസ്വി ജയ്‌സ്വാള്‍ (4), ജോസ് ബട്‌ലര്‍ (19) എന്നിവരില്‍ നിന്നും മികച്ച സംഭാവനകള്‍ല ലഭിക്കാതിരുന്നതാണ് റോയല്‍സിനു തിരിച്ചടിയായത്. നാലാം വിക്കറ്റില്‍ സഞ്ജു- ദുബെ ജോടി 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ റോയല്‍സ് വിജയപ്രതീക്ഷയിലായിരുന്നു.

എന്നാല്‍ 16ാം ഓവറില്‍ സഞ്ജു വിവാദ ക്യാച്ചിലൂടെ പുറത്തായത് കൡയിലെ ടേണിങ് പോയിന്റായി മാറി. ഇതോടെ പിടിമുറുക്കിയ ഡിസി വിജയം വരുതിയിലാക്കി. ഡിസിക്കായി റഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡിസി എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സെന്ന വന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ഓപ്പണിങ് ജോടികളായ അഭിഷേക് പൊറേലിന്റെയും (65) ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിന്റെയും (50) തീപ്പൊരി ഫിഫ്റ്റികളാണ് ഡിസിക്കു മികച്ച ടോട്ടല്‍ നേടിക്കൊടുത്തത്.

36 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് പൊറെലിന്റെ ഇന്നിങ്‌സ്. ഫ്രേസര്‍ വെറും 20 ബോളിലാണ് ഇത്ര തന്നെ ഫോറും സിക്‌സറും പറത്തി 50 ലെത്തിയത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ (20 ബോളില്‍ 41) മികച്ച ഫിനിഷിങും ഡിസിക്കു കരുത്തേകി. മൂന്നു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

DC

ഇടിവെട്ട് തുടക്കമായിരുന്നു ഡിസിയുടേത്. ഓപ്പണിങ് വിക്കറ്റില്‍ വെറും 26 ബോളില്‍ 60 റണ്‍സ് ഫ്രേസര്‍- പൊറേല്‍ ജോടി വാരിക്കൂട്ടി. ആവേശ് ഖാന്റെ ഒരോവറില്‍ 28 റണ്‍സാണ് ഫ്രേസര്‍ അടിച്ചെടുത്തത്. രണ്ടു സിക്‌സറും നാലു ഫോറുകളുമടക്കമായിരുന്നു ഇത്. ഈ ജോടി അപകടകരമാം വിധത്തില്‍ മുന്നേറിയതോടെ അഞ്ചാം ഓവറില്‍ ആര്‍ അശ്വിനെ സഞ്ജു കൊണ്ടു വരികയായിരുന്നു. രണ്ടാമത്തെ ബോളില്‍ തന്നെ ഫ്രേസറിനെ അദ്ദേഹം മടക്കുകയും ചെയ്തു.

എട്ടു റണ്‍സ് കൂടി നേടുന്നതിനിടെ ഷെയ് ഹോപ്പിനെയും റോയല്‍സ് പുറത്താക്കി. എന്നാല്‍ ക്രീസിന്റെ മറുഭാഗത്ത് ആക്രമണത്തിന്റെ ദൗത്യം പൊറേല്‍ ഏറ്റെടുക്കുകയായിരുന്നു. ആക്രമിച്ചുകളിച്ച താരം ഫിഫ്റ്റിയും കണ്ടെത്തി.

മൂന്നാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലിനോടൊപ്പം 42 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ നായകന്‍ റിഷഭ് പന്തിനോടൊപ്പം 34 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പൊറെലിനു സാധിച്ചു. 13ാം ഓവറില്‍ ടീം സ്‌കോര്‍ 144ല്‍ നില്‍ക്കെ പൊറേല്‍ മടങ്ങിയ ശേഷം ഡിസിക്കു കൃത്യമായ ഇടവേളകൡ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. തുടര്‍ന്നായിരുന്നു സ്റ്റബ്‌സ്ിന്റെ ഉജ്ജ്വല ഫിനിഷിങ്.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്-ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, അഭിഷേക് പൊറേല്‍, ഷെയ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഗുല്‍ബദിന്‍ നയ്ബ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, റോവ്‌മെന്‍ പവെല്‍, ശുഭം ദുബെ, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.

Story first published: Tuesday, May 7, 2024, 14:15 [IST]
Other articles published on May 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+