ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കെത്തി രണ്ട് സീസണ്‍കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. അരങ്ങേറ്റ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് കിരീടത്തിലേക്കെത്തിയാണ് എല്ലാവരേയും ഞെട്ടിപ്പിച്ചത്. അവസാന സീസണില്‍ റണ്ണറപ്പുകളാവുകയും ചെയ്തതോടെ പ്രമുഖ ടീമുകളുടെ നിലവാരത്തിലേക്ക് ഗുജറാത്ത് ഉയര്‍ത്തപ്പെട്ടു. എന്നാല്‍ അവസാന സീസണോടെ ഹാര്‍ദിക് ടീം വിട്ടു.
ഇപ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഗുജറാത്ത് കളിക്കുന്നത്. യുവതാരമായ ശുബ്മാന് കീഴില്‍ ഗുജറാത്തിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. 11 മത്സരത്തില്‍ 7ലും തോറ്റ ഗുജറാത്ത് നിലവില്‍ 9ാം സ്ഥാനത്താണ്. ഇത്തവണ ഗുജറാത്ത് പ്ലേ ഓഫ് കളിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോടാണ് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റത്.
ബംഗളൂരുവിലെ ചിന്ന സ്വാമി സ്‌റ്റേഡിയം ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ്. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 147 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ആര്‍സിബി 38 പന്ത് ബാക്കിയാക്കിയാണ് ജയിച്ചത്. ഇത്തവണ ഗുജറാത്തിന്റെ തകര്‍ച്ചക്ക് കാരണം മോശം ക്യാപ്റ്റന്‍സിയാണെന്ന ആരോപണം ശക്തമാണ്. ഇപ്പോഴിതാ ജിടിയുടെ തകര്‍ച്ചക്ക് കാരണം ഗില്ലിന്റെ അനുഭവസമ്പത്ത് കുറവാണെന്ന് പരോക്ഷമായി അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡേവിഡ് മില്ലര്‍.
ആര്‍സിബിക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് മില്ലറുടെ തുറന്ന് പറച്ചില്‍. 'നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ശുബ്മാന്‍ ഗില്‍ പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ അവന്‍ ചെറുപ്പമാണ്. ഇനിയും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്നാല്‍ അവന്‍ വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്' മില്ലര്‍ പറഞ്ഞു. നായകസ്ഥാനം ഗില്ലിന്റെ ബാറ്റിങ്ങിനെ ബാധിച്ചിട്ടുണ്ട്.

അവസാന രണ്ട് സീസണിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. എന്നാല്‍ നായകസ്ഥാനത്തേക്കെത്തിയ ശേഷം ഗില്ലിന്റെ പ്രകടനം മോശമാണ്. 11 മത്സരത്തില്‍ നിന്ന് 322 റണ്‍സാണ് ഗില്ലിന് നേടാനായത്. 137 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. 2 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സ്ഥിരത അവകാശപ്പെടാനാവില്ല. ഗില്ലിന്റെ മോശം ഫോം ഗുജറാത്തിനെ പിന്നോട്ടടിക്കുന്നു. ശുബ്മാന്‍ ഗില്ലിനെ നായകസ്ഥാനം സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഗുജറാത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പകരക്കാരനായി കൊണ്ടുവന്ന അസ്മത്തുല്ല ഒമര്‍സായിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഹാര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടറുടെ അഭാവം ടീമിനെ പിന്നോട്ടടിക്കുന്നു. കൂടാതെ മുഹമ്മദ് ഷമിയുടെ അഭാവം ഗുജറാത്ത് പേസ് നിരയുടെ മൂര്‍ച്ച കുറച്ചിട്ടുണ്ട്. പവര്‍പ്ലേയില്‍ വിക്കറ്റ് നേടി തുടക്കത്തിലേ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഷമിയെപ്പോലൊരു താരം ഒപ്പമുണ്ടാവേണ്ടത് അത്യാവശ്യമാണ്.
'ഷമിയെ തീര്‍ച്ചയായും ടീം മിസ് ചെയ്യുന്നു. പവര്‍പ്ലേയില്‍ അതി ഗംഭീര ബൗളിങ് നടത്താന്‍ ഷമിക്ക് ശേഷിയുണ്ട്. പവര്‍പ്ലേയില്‍ ഷമിയുടെ അഭാവം ടീം നന്നായി അറിയുന്നു. ഇക്കോണമി റേറ്റ് നിയന്ത്രിച്ച് വിക്കറ്റ് നേടാന്‍ ഷമി മിടുക്കനാണ്. ആര്‍സിബിക്കെതിരേ ഞങ്ങളുടെ ബൗളര്‍മാര്‍ മോശമായിരുന്നു. മികച്ച ലൈനില്‍ പന്തെറിയാനായില്ല. ആദ്യത്തെ മൂന്ന് നാല് ഓവറുകളില്‍ത്തന്നെ ആര്‍സിബി ആധിപത്യം നേടിയെടുത്തു. കൂടുതല്‍ ഫുള്‍ ലെങ്ത് പന്തുകളാണ് ഞങ്ങളുടെ ബൗളര്‍മാര്‍ എറിഞ്ഞത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും പവര്‍പ്ലേയില്‍ ഞങ്ങള്‍ ആര്‍സിബിയെക്കാള്‍ പിന്നാലായിപ്പോയി' മില്ലര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇത്തവണ ഗുജറാത്ത് പ്ലേ ഓഫിലെത്താന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. നായകനെന്ന നിലയില്‍ ശുബ്മാന്‍ ഗില്ലിന് വരുന്ന മത്സരങ്ങള്‍ അഭിമാന പ്രശ്‌നമാണെന്ന് പറയാം.