ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുകയാണ്. റെക്കോഡ് പ്രതിഫലങ്ങള്‍ ഇതിനോടകം ലേലത്തില്‍ കണ്ട് കഴിഞ്ഞു. 24.75 കോടിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയപ്പോള്‍ അത് ചരിത്രമായി. പാറ്റ് കമ്മിന്‍സിനെ 20.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും മാറി. ഇതില്‍ സ്റ്റാര്‍ക്കിന് വലിയ പ്രതിഫലം പ്രതീക്ഷിക്കപ്പെട്ടതാണ്. എന്നാല്‍ 20 കോടിക്ക് മുകളിലേക്ക് പോയത് തികച്ചും സര്‍പ്രൈസായിരുന്നു.
ഇത്തരത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ വലിയ പ്രതിഫലം നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം പാറ്റ് കമ്മിന്‍സാണ്. ടി20യില്‍ അത്ര വലിയ റെക്കോഡ് അവകാശപ്പെടാനാവാത്ത താരമാണ് കമ്മിന്‍സ്. ഓസ്‌ട്രേലിയന്‍ നായകനെന്ന നിലയില്‍ ഗംഭീര റെക്കോഡ് അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ 8ന് മുകളിലാണ് അദ്ദേഹത്തിന്റെ ഇക്കോണമി. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കമ്മിന്‍സിന് കഴിവുണ്ട്.
എങ്കിലും 20.5 കോടിയെന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയാം. കമ്മിന്‍സിന് സംബന്ധിച്ച് ഈ പ്രതിഫലം ലോട്ടറിയാണ്. രണ്ടാമത്തെ താരം അല്‍സാരി ജോസഫാണ്. വെസ്റ്റ് ഇന്‍ഡീസ് പേസറായ അല്‍സാരി ജോസഫിനെ 11.5 കോടിക്ക് ആര്‍സിബിയാണ് സ്വന്തമാക്കിയത്. ഐപിഎല്ലിലടക്കം ടി20യില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അല്‍സാരി ജോസഫ്. എന്നാല്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം അദ്ദേഹത്തിന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.
11.5 കോടിയെന്നത് ജോസഫിനെ സംബന്ധിച്ച് അപ്രതീക്ഷിത പ്രതിഫലമാണെന്ന് നിസംശയം പറയാം. ഇന്ത്യയുടെ യുവതാരം ശിവം മാവിക്കും ലഭിച്ചത് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിഫലമാണ്. 6.4 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് മാവിയെ സ്വന്തമാക്കിയത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയെങ്കിലും നിലവില്‍ താരം ടീമിന് പുറത്താണ്. അവസാന സീസണില്‍ ഗുജറാത്തിനൊപ്പമായിരുന്ന പേസര്‍ക്ക് കാര്യമായ അവസരം ലഭിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ ഇത്രയും പ്രതിഫലം ലഭിച്ചത് താരത്തെ സംബന്ധിച്ച് ലോട്ടറിയാണെന്ന് നിസംശയം പറയാം. മറ്റൊരു താരം ഹര്‍ഷല്‍ പട്ടേലാണ്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് നേടിയിട്ടുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരത്തിന് യാതൊരു മടിയുമില്ല. ആര്‍സിബി ഒഴിവാക്കിയ താരത്തെ 11.75 കോടിക്ക് പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. മീഡിയം പേസറെ സംബന്ധിച്ച് ഇത് സര്‍പ്രൈസ് തുകയാണ്.
ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചലിനും പ്രതീക്ഷിക്കാത്ത പ്രതിഫലമാണ് ലഭിച്ചത്. 14 കോടിക്കാണ് സിഎസ്‌കെ മിച്ചലിനെ സ്വന്തമാക്കിയത്. ഇതും അപ്രതീക്ഷിത തുകയാണ്. മധ്യനിരയില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ കരുത്തുള്ള താരമാണ് മിച്ചല്‍. അണ്‍ക്യാപ്പഡ് താരങ്ങളില്‍ സമീര്‍ റിസ് വിയാണ് ഞെട്ടിച്ചത്. 8.4 കോടിയാണ് താരത്തിന് പ്രതിഫലം ലഭിച്ചത്. 20 ലക്ഷം അടിസ്ഥാന വിലയില്‍ നിന്നാണ് താരത്തെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് താരത്തെ സിഎസ്‌കെ വാങ്ങിയത്.
അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ടീമുകളെല്ലാം ഇത്തവണ സൂപ്പര്‍ താരങ്ങള്‍ക്കായി പണം വാരിയെറിയുന്നു. അടുത്ത സീസണിന് ശേഷം മിക്ക ടീമുകളിലും വമ്പന്‍ പൊളിച്ചെഴുത്തുതന്നെ പ്രതീക്ഷിക്കാം.