മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതോടെ രോഹിത് ശര്‍മ ടീമില്‍ തുടരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ട്രേഡ് വിന്‍ഡോയില്‍ ഹിറ്റ്മാനു വേണ്ടി പല ഫ്രാഞ്ചൈസികളും നീക്കം നടത്തുന്നതായാണ് സൂചനകള്‍. ഇതിനിടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അദ്ദേഹത്തിനായി മുംബൈയെ സമീപിച്ചുവെന്നും പക്ഷെ അതു തള്ളുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും രോഹിത്തിനെ നോട്ടമിടുന്നുവെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ ചൂടുപിടിക്കുന്നുണ്ട്. സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയിലുള്ള രോഹിത്തിന്റെ എഡിറ്റ് ചെയ്ത ചിത്രം മുന്‍ താരം എസ് ബദ്രിനാഥ് പങ്കുവച്ചതായിരുന്നു ഇതിനു കാരണം. അതു മാത്രമല്ല രോഹിത്തിനെ പിന്തുണച്ചുകൊണ്ടുള്ള സിഎസ്‌കെയുടെ പോസ്റ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ റിതിക സജ്‌ദേ മഞ്ഞ നിറത്തിലുള്ള ലൗ ഇമോജി നല്‍കിയതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

താരലേലത്തിനു ശേഷം ട്രേഡ് വിന്‍ഡോ തുറക്കാനിരിക്കെ രോഹിത് മുംബൈ വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ രോഹിത് വീണ്ടും കളിക്കുന്നത് കാണാന്‍ സിഎസ്‌കെയില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ സിഎസ്‌കെ അദ്ദേഹത്തെ വാങ്ങുന്നത് ശരിയായ നീക്കമായിരിക്കില്ല. ഇതിന്റെ മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ആദ്യത്തെ കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍നിരയില്‍ രോഹിത്തിനെ ഉള്‍ക്കൊള്ളിക്കുക ബുദ്ധിമുട്ടായിരിക്കും എന്നതാണ്. റുതുരാജ് ഗെയ്ക്വാദ്- ഡെവന്‍ കോണ്‍വേ എന്നീ രണ്ടു അംഗീകൃത ഓപ്പണിങ് ജോടികള്‍ നിലവില്‍ സിഎസ്‌കെയ്ക്കുണ്ട്. രോഹിത്തിനു ഓപ്പണിങ് സ്ഥാനം നല്‍കണമെങ്കില്‍ ഇവരിലൊരാള്‍ക്കു വഴി മാറിക്കൊടുക്കേണ്ടതായി വരും.
മൂന്നാം നമ്പറില്‍ അജിങ്ക്യ രഹാനെയുമുണ്ട്. ടീം കോമ്പിനേഷനില്‍ വലിയ അഴിച്ചുപണികള്‍ക്കു മുതിരാത്ത ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. അതിനാല്‍ തന്നെ ടോപ്പ് ത്രീയില്‍ മാറ്റം വരുത്തി രോഹിത്തിനെ കളിപ്പിക്കുകയെന്നത് അവരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യവുമായിരിക്കും.
രണ്ടാമത്തെ കാരണം ട്രേഡ് വിന്‍ഡോയില്‍ മുംബൈയില്‍ നിന്നും രോഹിത്തിനെ വാങ്ങിക്കണമെങ്കില്‍ 16 കോടി രൂപ സിഎസ്‌കെയ്ക്കു ചെലവഴിക്കേണ്ടി വരുമെന്നതാണ്. കാരണം ഈ ശമ്പളമാണ് മുംബൈയില്‍ ഹിറ്റ്മാന് ലഭിക്കുന്ന്ത്. അതുകൊണ്ടു തന്നെ ഇതേ തുക തന്നെ മുംബൈയ്ക്കു നല്‍കിയാല്‍ മാത്രമേ രോഹിത്തിനെ കൊണ്ടുവരാന്‍ ചെന്നൈയ്ക്കു സാധിക്കുകയുള്ളൂ. 16 കോടി രൂപയെന്നതു വളരെ വലിയ തുകയാണ്.

ഇത്രയും വലിയൊരു തുക അദ്ദേഹത്തിനായി മാറ്റിവച്ചാല്‍ നേരത്തേ നോട്ടമിട്ട ചില കളിക്കാരെ ലേലത്തില്‍ വാങ്ങാന്‍ സിഎസ്‌കെയ്ക്കു സാധിക്കുകയുമില്ല. രോഹിത്തിനു പകരം ഈ തുക കൊണ്ട് മികച്ചൊരു മധ്യനിര ബാറ്ററെയും ഓള്‍റൗണ്ടറെയും ലേലത്തില്‍ സ്വന്തമാക്കാനായാല്‍ അതു സിഎസ്‌കെയ്ക്കു കൂടുതല്‍ ഗുണം ചെയ്യും. ദീര്‍ഘകാലത്തേക്കു ഈ താരങ്ങളുടെ സേവനം സിഎസ്‌കെയ്ക്കുണ്ടാവുമെന്നതും പ്ലസ് പോയിന്റാണ്.
രോഹിത്തിനെ സിഎസ്‌കെ വാങ്ങാതിരിക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം അദ്ദേഹത്തിന്റെ പ്രായമാണ്. 30നു മുകളിലുള്ള കളിക്കാരെ ലേലത്തില്‍ ടീമിലെത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുള്ള ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. കാരണം അനുഭവസമ്പത്തിനു വളരെയധികം പ്രാധാന്യമാണ് സിഎസ്‌കെ നല്‍കി വരുന്നത്.
എന്നാല്‍ രോഹിത്തിനു ഇപ്പോള്‍ തന്നെ 36 വയസ്സായിക്കഴിഞ്ഞു. അടുത്ത ഏപ്രില്‍ ആവുമ്പോഴേക്കും 37 വയസ്സാവുകയും ചെയ്യും. ഫിറ്റ്‌നസ് തുണച്ചാല്‍ പരമാവധി മൂന്നു സീസണുകളില്‍ കൂടി മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ കുറച്ചു സീസണിലേക്കായി ഇത്ര വലിയൊരു തുക രോഹിത്തിനായി മുടക്കുകയെന്നത് സിഎസ്‌കെ കാണിക്കുന്ന അബദ്ധം തന്നെയായിരിക്കും.