ഐപിഎല്ലില്‍ ഹാട്രിക്ക് തോല്‍വികളുടെ ക്ഷീണത്തില്‍ നില്‍ക്കവെ വലിയൊരു തിരിച്ചടിയാണ് രാജസ്ഥാന്‍ റോയല്‍സിനു ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കും മുമ്പ് തന്നെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറിനെ റോയല്‍സിനു നഷ്ടമായിരിക്കുകയാണ്. സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ കളിക്കാതെ അദ്ദേഹം ടീം വിട്ടു. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി ഇംഗ്ലണ്ട് ടീമിനോടൊപ്പം തയ്യാറെടുക്കുന്നതിനായിട്ടാണ് അവരുടെ ക്യാപ്റ്റന്‍ കൂടിയായ ബട്‌ലര്‍ റോയല്‍സിനോടു ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നത്.
ഇതോടെ സീണണില്‍ ഇനി ശേഷിക്കുന്ന രണ്ടു ലീഗ് മല്‍സരങ്ങളിലും അതിനു ശേഷമുള്ള പ്ലേഓഫ് പോരാട്ടങ്ങളിലും റോയല്‍സിനു വേണ്ടി ആര് ഓപ്പണറായി ഇറങ്ങുമെന്നതാണ് ചോദ്യം. ബട്‌ലറിന്റെ അഭാവം നികത്തുകയെന്നു റോയല്‍സിനു ഒരിക്കലും എളുപ്പമായിരിക്കില്ല. യശസ്വി ജയ്‌സ്വാളിനോടൊപ്പം അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ഒരു വലംകൈയന്‍ ബാറ്ററെയാണ് റോയല്‍സിനു ആവശ്യം.

ഈ സീസണില്‍ ബട്‌ലര്‍ മികച്ച പ്രകടനമാണ് റോയല്‍സിനായി കാഴ്ചവച്ചത്. 11 മല്‍സരങ്ങളില്‍ നിന്നും 359 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. 39.89 ശരാശരിയില്‍ 140.78 സ്‌ട്രൈക്ക് റേറ്റിലാണിത്. രണ്ടു സെഞ്ച്വറികള്‍ ബട്‌ലര്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഇതില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനതിരേ റണ്‍ചേസില്‍ പുറത്താവാതെ അദ്ദേഹം നേടിയ സെഞ്ച്വറി ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്.
ബട്‌ലറുടെ അഭാവത്തില്‍ നായകന്‍ സഞ്ജു തന്നെ സ്വയം ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന അദ്ദേഹം സീസണില്‍ ഒരുപാട് മല്‍സരങ്ങളില്‍ തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായതിനെ തുടര്‍ന്നു പവര്‍പ്ലേയില്‍ തന്നെ ബാറ്റിങിനു ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓപ്പണ്‍ ചെയ്യുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് അത്ര വലിയ വെല്ലുവിളിയാവില്ല. മാത്രമല്ല നേരത്തേ ഇന്ത്യന്‍ ടീമിനു വേണ്ടി ഓപ്പണറായി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
അന്താരാഷ്ട്ര ടി20യില്‍ സഞ്ജു തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ഓപ്പണറായി ഇറങ്ങിയപ്പോഴായിരുന്നു. അയര്‍ലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലായിരുന്നു അദ്ദേഹത്തിനു ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു 77 റണ്‍സുമായി കസറുകയായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ ടി20യില്‍ അദ്ദേഹത്തിന്റെ ഏക ഫിഫ്റ്റിയും ഇതു തന്നെയാണ്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ഇനി റോയല്‍സിനായും സഞ്ജു ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഓപ്പണ്‍ ചെയ്താല്‍ അദ്ഭുതപ്പെടാനില്ല.

നിലവില്‍ മധ്യനിരയിലം ഫിനിഷറായുമെല്ലാം റോയല്‍സിനായി കളിച്ചു കൊണ്ടിരിക്കുന്ന ധ്രുവ് ജുറേലാണ് ഓപ്പണിങില്‍ പരീക്ഷിച്ചു നോക്കാവുന്ന മറ്റൊരു താരം. അദ്ദേഹത്തിന്റെ പ്രഹരശേഷിയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഐപിഎല്ലില്‍ ഇനിയും ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും യുപി 20 ടൂര്‍ണമെന്റില്‍ ഓപ്പണറായി ഇറങ്ങി ജുറേല്‍ മിന്നിച്ചിരുന്നു. അതുകൊണ്ടു തന്നെ ബട്‌ലര്‍ക്കു പകരം ഓപ്പണിങില്‍ ജുറേല്‍ തീര്‍ച്ചയായും നല്ലൊരു ഓപ്ഷനാണ്.
പക്ഷെ ഈ സീസണില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ലെന്നത് തിരിച്ചടിയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഓപ്പണിങ് റോള്‍ കൂടി നല്‍കിയാല്‍ അതിന്റെ സമ്മര്‍ദ്ദം ജുറേലിനു അതിജീവിക്കാന്‍ കഴിയുമോയെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. പഞ്ചാബ് കിങ്‌സുമായി ബുധനാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ റോയല്‍സിന്റെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.
രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ പ്ലെയിങ് 11
യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ടോം കോഹ്ലര്‍ കാഡ്‌മോര്‍, റോവ്‌മെന്‍ പവെല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.