Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എറിഞ്ഞിട്ട് ബുംറ, കത്തിക്കയറി ഇഷാനും സൂര്യയും; ആര്‍സിബിയെ തകര്‍ത്ത് മുംബൈ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഏഴ് വിക്കറ്റിനാണ് ആതിഥേയരായ മുംബൈയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 15.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സടിച്ച് വിജയം നേടുകയായിരുന്നു. ബുംറയുടെ അഞ്ച് വിക്കറ്റും ഇഷാന്‍ കിഷന്‍ (69), സൂര്യകുമാര്‍ യാദവ് (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് മുംബൈക്ക് ജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ ഓവറില്‍ മുഹമ്മദ് നബിയെ പന്തേല്‍പ്പിക്കാനുള്ള ഹാര്‍ദിക്കിന്റെ നീക്കം മികച്ചതായി. ആദ്യ ഓവറുകളില്‍ ഡോട്ട്‌ബോളുകള്‍ വന്നതോടെ വിരാട് കോലി സമ്മര്‍ദ്ദത്തിലായി. രണ്ടാം ഓവര്‍ ജെറാള്‍ഡ് കോയിറ്റ്‌സി പിടിമുറുക്കിയതോടെ കോലിയുടെ സമ്മര്‍ദ്ദം ഇരട്ടിച്ചു. മൂന്നാം ഓവറില്‍ ജസ്പ്രീത് ബുംറയെ കൊണ്ടുവന്ന ഹാര്‍ദിക്കിന്റെ നീക്കം ഫലം കണ്ടു.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച കോലി എഡ്ജായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. 9 പന്തില്‍ 3 റണ്‍സാണ് കോലിക്ക് നേടാനായത്. മുംബൈയില്‍ കളിച്ച അവസാന മൂന്ന് മത്സരത്തിലും ഒറ്റ സംഖ്യയിലാണ് കോലി പുറത്തായതെന്നതാണ് എടുത്തു പറയേണ്ടത്. കോലി മടങ്ങുമ്പോള്‍ 14 റണ്‍സായിരുന്നു ആര്‍സിബി സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. മൂന്നാം നമ്പറില്‍ വില്‍ ജാക്‌സനെയാണ് ആര്‍സിബി ഇറക്കിയത്.

പ്രതീക്ഷയോടെ തുടങ്ങിയ താരം രണ്ട് ബൗണ്ടറികള്‍ നേടിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 6 പന്തില്‍ 8 റണ്‍സ് നേടിയ വില്‍ ജാക്‌സനെ ആകാശ് മധ്‌വാള്‍ ടിം ഡേവിഡിന്റെ കൈയിലെത്തിച്ചു. പവര്‍പ്ലേയില്‍ 2 വിക്കറ്റിന് 44 എന്ന നിലയിലായിരുന്നു ആര്‍സിബി. മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ഫഫ് ഡുപ്ലെസിസും രജത് പാട്ടീധാറും ചേര്‍ന്ന് റണ്‍സുയര്‍ത്തി. മോശം ഫോമിലായിരുന്ന പാട്ടീധാര്‍ 25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി ഗംഭീരമായി തിരിച്ചുവന്നു.

jasprit bumrah

3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സ് നേടിയ പാട്ടീധാറിനെ കോയിറ്റ്‌സിയാണ് പുറത്താക്കിയത്. തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ പറത്തിയെങ്കിലും മൂന്നാം പന്തില്‍ കോയിറ്റ്‌സി രജത്തിനെ മടക്കി. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ ക്യാച്ചിലാണ് രജത് പുറത്തായത്. ഗ്ലെന്‍ മാക്‌സ് വെല്‍ വീണ്ടും ഡെക്കായി. 4 പന്ത് നേരിട്ട താരത്തെ അക്കൗണ്ട് തുറക്കും മുമ്പ് ശ്രേയസ് ഗോപാല്‍ എല്‍ബിയില്‍ കുടുക്കി.

ഒരു വശത്ത് ഡുപ്ലെസിസ് പിടിച്ചുനിന്ന് റണ്‍സുയര്‍ത്തി. 40 പന്തില്‍ 4 ഫോറും 3 സിക്‌സും പറത്തിയ ഡുപ്ലെസിനെ ബുംറ മടക്കി. ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഡുപ്ലെസിസ് മടങ്ങിയത്. മഹിപാല്‍ ലോംറോറിനെ ബുംറ ഗോള്‍ഡന്‍ ഡെക്കാക്കി. ഇംപാക്ട് പ്ലയറായി എത്തിയ സൗരവ് ചൗഹാനെയും (8 പന്തില്‍ 9) ബുംറ മടക്കി. വിജയകുമാര്‍ വൈശാഖിനെ ഗോള്‍ഡന്‍ ഡെക്കാക്കി ബുംറ അഞ്ച് വിക്കറ്റും പൂര്‍ത്തിയാക്കി.

എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടിന്റെ മികവില്‍ 8 വിക്കറ്റിന് 196 എന്ന മികച്ച ടോട്ടലിലേക്ക് ആര്‍സിബിയെത്തി. 23 പന്തില്‍ 5 ഫോറും 4 സിക്‌സുമടക്കം 53 റണ്‍സോടെ കാര്‍ത്തിക് പുറത്താവാതെ നിന്നു. മുംബൈക്കായി ബുംറ 5 വിക്കറ്റ് നേടിയപ്പോള്‍, ശ്രേയസ് ഗോപാല്‍, മധ് വാള്‍, കോയിറ്റ്‌സി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ മുംബൈക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും (69) രോഹിത് ശര്‍മയും (38) ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 101 റണ്‍സ് കൂട്ടുകെട്ടില്‍ നില്‍ക്കവെ ഇഷാന്‍ കിഷന്‍ ആദ്യം മടങ്ങി. 34 പന്തില്‍ 7 ഫോറും 5 സിക്‌സുമാണ് ഇഷാന്റെ സമ്പാദ്യം. രോഹിത് ശര്‍മ 24 പന്തില്‍ 3 ഫോറും സിക്‌സും ഉള്‍പ്പെടെ 38 റണ്‍സുമായി പുറത്തായി. പിന്നീട് സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ടാണ് കണ്ടത്.

19 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സുമായി സൂര്യകുമാര്‍ പുറത്താവുമ്പോള്‍ മുംബൈ വിജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും (6 പന്തില്‍ 21*) തിലക് വര്‍മയും (10 പന്തില്‍ 16*) ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ മുംബൈയെ വിജയത്തിലേക്കെത്തിച്ചു.

പ്ലേയിങ് 11- മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (wc), രോഹിത് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷിഫേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോയിറ്റ്‌സി, ആകാശ് മദ്‌വാള്‍

ആര്‍സിബി- ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, വില്‍ ജാക്‌സ്, ദിനേഷ് കാര്‍ത്തിക് (wc), മഹിപാല്‍ ലോംറോര്‍, റീസെ ടോപ്ലി, വിജയകുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്

Story first published: Thursday, April 11, 2024, 16:19 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+