ഈ സീസണിലെ ഐപിഎല്‍ കഴിയുന്നതിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒരു കൂട്ടത്തല്ലിനു സാധ്യതയുണ്ടെന്നാണ് ആരാധകരുടെ പരിഹാസം. രോഹിത് ശര്‍മയെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ നായകനായതിനു ശേഷം കാര്യങ്ങള്‍ അത്രമാത്രം വഷളായിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ മല്‍സരത്തില്‍ തന്നെ മുംബൈ ടീമിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു. കളിക്കളത്തില്‍ ഒട്ടും തന്നെ ഒത്തൊരുമയോടെയല്ല മുംബൈ ടീം കാണപ്പെട്ടത്.
താരങ്ങളില്‍ ഒരു വിഭാഗം ഹാര്‍ദിക്കിന്റെ കൂടെ നില്‍ക്കുമ്പോള്‍ യുവതാരങ്ങളുള്‍പ്പെടെ ഭൂരിഭാഗം പേരും രോഹിത്തിനൊപ്പമാണ്. അക്കൂട്ടത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമുണ്ട്. ഹാര്‍ദിക്കിനെപ്പോലെ തന്നെ മുംബൈ ടീമിലൂടെ രോഹിത് വളര്‍ത്തിക്കൊണ്ടു വന്ന മറ്റൊരു മിന്നും താരമാണ് ബുംറ. നായകസ്ഥാനം തട്ടിയെടുത്ത് ഹാര്‍ദിക് നന്ദികേട് കാണിച്ചപ്പോള്‍ ബുംറയ്ക്കു ഇപ്പോഴും വലിയ ബഹുമാനവും സ്‌നേഹവുമാണ് രോഹിത്തിനോടുള്ളത്.

ജിടിയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ബുംറ ഇതു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഹാര്‍ദിക്കിനു കീഴില്‍ മുംബൈ ടീമില്‍ കളിക്കാന്‍ ഒട്ടും താല്‍പര്യമില്ലെന്നു അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമായിരുന്നു. ഹാര്‍ദിക്കിന്റെ ചില നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതിരിക്കുക മാത്രമല്ല ചില സന്ദര്‍ഭങ്ങളില്‍ പരിഹാസത്തോടെയുള്ള ചിരിയും ബുംറയുടെ മുഖത്ത് കാണാമായിരുന്നു.
മല്‍സരത്തിലുടനീളം ഫീല്‍ഡ് ക്രമീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രോഹിത്തുമായാണ് ബുംറ ചര്‍ച്ച ചെയ്തത്. ഹാര്‍ദിക് ഇവര്‍ക്കിടയിലേക്കു വന്ന് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു. പക്ഷെ അതു തള്ളിക്കളയുന്ന തരത്തിലായിരുന്നു പലപ്പോഴും ബുംറയുടെ പ്രതികരണം. രോഹിത്തെന്ന ക്യാപ്റ്റനില്‍ തനിക്കുള്ള വിശ്വാസം തന്നെയാണ് ബുംറ ഇതിലൂടെ പ്രകടിപ്പിച്ചത്. മറുഭാഗത്ത് ഹാര്‍ദിക് അപമാനിക്കപ്പെടുകയും ചെയ്തു. ടീം ക്യാപ്റ്റനായിട്ടും തന്റെ നിര്‍ദേശങ്ങള്‍ ചില താരങ്ങള്‍ തള്ളിക്കളയുന്നതില്‍ അദ്ദേഹത്തിനു തീര്‍ച്ചയായും നിരാശയും രോഷവുമെല്ലാം ഉണ്ടാവുമെന്നുറപ്പാണ്.
രോഹിത്തിനെ അനുകൂലിക്കുന്നതു കൊണ്ടാവാം ജിടിക്കെതിരായ കളിയില്‍ ബുംറയുടെ ബൗളിങ് ഹാര്‍ദിക് വൈകിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. രോഹിത് ക്യാപ്റ്റനായിരുന്നപ്പോള്‍ ബുംറയാണ് സ്ഥിരമായി ബൗളിങ് ഓപ്പണ്‍ ചെയ്യാറുള്ളത്. പക്ഷെ നാലാമത്തെ ഓവറിലാണ് ബുംറയ്ക്കു ഹാര്‍ദിക് പന്ത് നല്‍കിയത്. ഇതിനിടെ ഹാര്‍ദിക് സ്വയം രണ്ടോവറുകളും ബൗള്‍ ചെയ്തിരുന്നു.

നേരത്തേ ട്രേഡ് വിന്‍ഡോയില്‍ ജിടിയില്‍ നിന്നും ഹാര്‍ദിക്കിനെ മുംബൈ തിരികെ വാങ്ങിയ ദിവസം സോഷ്യല്‍ മീഡിയയില്‍ പരോക്ഷമായി ഇതിനെ വിമര്‍ശിച്ചയാളാണ് ബുംറ. പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും ആരെയാണ് അദ്ദേഹം ഉന്നം വച്ചതെന്നു എല്ലാവര്‍ക്കും മനസ്സിലാവുകയും ചെയ്തിരുന്നു. ഈ പോസ്റ്റില്‍ നിന്നു തന്നെ ഹാര്‍ദിക് മുംബൈയിലേക്കു വരുന്നതിന്റെ അരിശം ബുംറ പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ജിടിയുമായുള്ള ആദ്യ മല്‍സരത്തിലും കാണാന്‍ സാധിച്ചത്.
ഈ രീതിയില്‍ ഹാര്‍ദിക്കിനെ അവഗണിച്ചാണ് ബുംറ സീസണില്‍ മുന്നോട്ടു പോവുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്ന കാര്യത്തില്‍ സംശയമില്ല. വ്യക്തിപരമായി എന്തൊക്കെ തന്നെ പ്രശ്‌നമുണ്ടെങ്കിലും മുംബൈ ടീമിന്റെ ഔദ്യോഗിക ക്യാപ്റ്റനാണ് ഹാര്‍ദിക്കെന്നതു ബുംറ അംഗീകരിച്ചേ മതിയാവൂ. മറിച്ചാണെങ്കില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ബുംറയെ മാറ്റിനിര്‍ത്തുന്നതടക്കമുള്ള കടുത്ത നടപടിയിലേക്കു മുംബൈ ടീം മാനേജ്‌മെന്റ് നീങ്ങിയേക്കും.
ബുധനാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് മുംബൈയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ ജയിക്കേണ്ടത് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിനു ഏറെ നിര്‍ണായകമാണ്. എങ്കില്‍ മാത്രമേ ഇടഞ്ഞുനില്‍ക്കുന്ന ആരാധകരെ തന്റെ വഴിക്കു കൊണ്ടുവരാനും മുംബൈ ഡ്രസിങ് റൂമില്‍ താരങ്ങളുടെ വിശ്വാസം നേടിയെടുക്കാനും അദ്ദേഹത്തിനു സാധിക്കുകയുള്ളൂ.